Image

ഐ.എന്‍.ഒ.സി -ഐ പുതിയ സംഘടനയായി പ്രവര്‍ത്തിക്കും: ജോര്‍ജ് ഏബ്രഹാം

emalayalee exclusive Published on 29 April, 2012
ഐ.എന്‍.ഒ.സി -ഐ പുതിയ സംഘടനയായി പ്രവര്‍ത്തിക്കും: ജോര്‍ജ് ഏബ്രഹാം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) തന്റെ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത കോര്‍പറേഷനാണെന്ന് ഡോ. സുരീന്ദര്‍ മല്‍ഹോത്ര വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഐ.എന്‍.ഒ.സി-ഐ എന്ന പേരില്‍ സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതായി പുതുതായി നിയമിതനായ സംഘടനാ പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം വ്യക്തമാക്കി. ഇതിനു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

പന്ത്രണ്ട് വര്‍ഷമായി പ്രസിഡന്റായി തുടരുന്ന ഡോ. മല്‍ഹോത്രയെ നീക്കം ചെയ്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് ഏബ്രഹാമിനെ പ്രസിഡന്റായും, ശുദ്ധ ജസൂജയെ വൈസ് പ്രസിഡന്റായും നിയമിച്ചത് ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനായ ഡോ. കരണ്‍സിംഗ് എം.പിയായിരുന്നു.

എന്നാല്‍ ഇതിനെ ചോദ്യംചെയ്ത മല്‍ഹോത്ര സംഘടന കോര്‍പറേഷനാണെന്നും മറ്റാര്‍ക്കും അതില്‍ അധികാരമില്ലെന്നും പറഞ്ഞു രംഗത്തു വരികയായിരുന്നു. അതിനു പുറമെ കരണ്‍സിംഗിനെതിരേ വിമര്‍ശനം അഴിച്ചുവിടുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25-ന് ഡോ. കരണ്‍സിംഗ് വീണ്ടും ഡോ. മല്‍ഹോത്രയ്ക്ക് വിശദീകരണ കത്തെഴുതി. മല്‍ഹോത്ര ഡല്‍ഹിയിലെത്തി നടത്തിയ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഫലമാണിതെന്ന് എതിര്‍ വിഭാഗം പറയുന്നു.

ഐ.എന്‍.ഒ.സിയെ സംബന്ധിച്ച് തന്റെ നേരത്തെയുള്ള കത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കാമെന്നതിനാലാണ് ഈ വിശദീകരണമെന്ന്
കരണ്‍സിംഗ് ഡോ. മല്‍ഹോത്രയ്ക്കയച്ച കത്തില്‍ പറയുന്നു. "താങ്കള്‍ പറഞ്ഞതുപോലെ ഐ.എന്‍.ഒ.സി കോണ്‍ഗ്രസുമായി ബന്ധമില്ലാതെ പ്രത്യേകമായി ഇന്‍ കോര്‍പറേറ്റ് ചെയ്ത സ്ഥാപനമാണെന്നതില്‍ എനിക്ക് സംശയമില്ല. അതു താങ്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥാപിച്ചതാണ്. അതിന്റെ ഭാരവാഹികളാണ് അതിനെ നയിക്കുന്നത്.'

"എന്റെ നേരത്തെയുള്ള കത്ത് ഉപദേശക സ്വഭാവം മാത്രമുള്ളതാണ്. അമേരിക്കയിലും മറ്റ് സ്ഥലങ്ങളിലുമുള്ള പ്രവാസി സമൂഹത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐ.എന്‍.ഒ.സിയുടെ അടിത്തറ ശക്തിപ്പെടണമെന്നതു കണക്കിലെടുത്തായിരുന്നു ആ കത്ത്. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ തന്നെയാണ് ഐ.എന്‍.ഒ.സി പിന്തുടരുന്നതെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായം ഐ.എന്‍.ഒ.സിയ്ക്ക് ലഭിക്കുന്നില്ല. അതുപോലെ ഉപദേശക സ്വഭാവത്തിലുള്ളതല്ലാതെ ഉത്തരവ് ഐ.എന്‍.ഒ.സി സ്വീകരിക്കുന്നുമില്ല.

തന്റെ നേരത്തെയുള്ള കത്ത് മൂലമുണ്ടായ തെറ്റിദ്ധാരണ ഇതിലൂടെ തീര്‍ന്നതായി കരുതുന്നുവെന്നും കത്തില്‍ പറയുന്നു. ഇന്ത്യയ്ക്കും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്കും ദീര്‍ഘകാലമായി ഐ.എന്‍.ഒ.സി നല്‍കുന്ന പിന്തുണയെ തങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

പുതുതായി നിയമിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ഏതുവിധം പ്രതികരിക്കുമെന്ന് ഇന്ത്യന്‍ പനോരമ പത്രം ചോദിച്ചപ്പോള്‍ "കാത്തിരിക്കുക, വേണ്ട സമയത്ത് താന്‍ തീരുമാനങ്ങള്‍ അറിയിക്കും' എന്നാണ് മല്‍ഹോത്ര പറഞ്ഞത്. താമസിയാതെ മാധ്യമങ്ങളെ വിളിച്ചുവരുത്തി അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുമെന്നും മല്‍ഹോത്ര പറഞ്ഞു. വിശ്വസ്തനായ കോണ്‍ഗ്രസുകാരനായി താന്‍ തുടരും. ശക്തമായ ഒരു സംഘടനയാണ് തന്റെ ലക്ഷ്യം. ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനത്തെ ശ്ശാഘിച്ച കരണ്‍സിംഗിന് നന്ദിയും പറഞ്ഞു.

നല്ല പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനായത് തന്റെ സഹപ്രവര്‍ത്തകരുടെ അര്‍പ്പണ മനോഭാവം കൊണ്ടാണ്. എന്നാല്‍ ചില സ്വാര്‍ത്ഥതാത്പര്യക്കാര്‍ സംഘടനയില്‍ കയറിപ്പറ്റുകയും സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ ആരെന്നു വ്യക്തമായതിനാല്‍ അവരെ ഒറ്റപ്പെടുത്തും.

ഈ കത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജ് ഏബ്രഹാം കരണ്‍ സിംഗുമായി സംസാരിച്ചു. ഇതേ തുടര്‍ന്ന് ഏപ്രില്‍ 27-ന് കരണ്‍സിംഗ് ജോര്‍ജ് ഏബ്രഹാമിന് അയച്ച കത്തില്‍ ഇപ്രകാരം പറയുന്നു.

"സ്ഥിതിഗതികളെപ്പറ്റി താന്‍ മനസിലാക്കുന്നതു ശരിയാണെങ്കില്‍ ഡോ. മല്‍ഹോത്ര അവകാശപ്പെടുന്നതുപോലെ ഐ.എന്‍.ഒ.സി മല്‍ഹോത്രയുടെ സ്വന്തം പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ സാങ്കേതികമായി അത് മല്‍ഹോത്രയുടെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ്.

പക്ഷെ താങ്കള്‍ക്കും ശുദ്ധ് തുടങ്ങിയവര്‍ക്കും ഇത് സ്വീകാര്യമല്ലാത്തതിനാല്‍ ഐ.എന്‍.ഒ.സി-ഐ എന്ന പേരില്‍ സംഘടന നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആശയങ്ങളെ പോഷിപ്പിക്കാനാണിത്. അമേരിക്ക വലിയ രാജ്യമാണെന്നതിനു പുറമെ പ്രവാസി സമൂഹം വളരുകയുമാണ്.

ആശയകുഴപ്പമുണ്ടെങ്കിലും ചില കാര്യങ്ങള്‍ കത്തില്‍ നിന്ന് മനസിലാക്കാം. ഐ.എന്‍.ഒ.സി സ്വകാര്യ വ്യക്തി രജിസ്റ്റര്‍ ചെയ്ത പ്രസ്ഥാനമാണ്. അതിന് അതിന്റേതായ രീതിയില്‍ പ്രവര്‍ത്തിക്കാം. ഐ.എന്‍.ഒ.സി -ഐ ആകട്ടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത സംഘടയും. അതിന് എ.ഐ.സി.സി അംകാരവുമുണ്ട്.
ഐ.എന്‍.ഒ.സി -ഐ പുതിയ സംഘടനയായി പ്രവര്‍ത്തിക്കും: ജോര്‍ജ് ഏബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക