Image

ആരാണ് ഡോക്ടറാകേണ്ടത്? (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)

Published on 02 July, 2019
ആരാണ് ഡോക്ടറാകേണ്ടത്? (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഏറ്റവും അടുത്ത ഒരു മലയാളി സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ മകളുടെ മെഡിക്കല്‍ അഡ്മിഷന്റെ കാര്യത്തില്‍ അവര്‍ക്ക് എന്റെ ഉപദേശം വേണമായിരുന്നു.

മകള്‍ വളരെ മിടുക്കിയാണ്. അച്ഛനും അമ്മയും ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരുമാണ്. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയില്‍ മകള്‍ക്ക് ഭേദപ്പെട്ട റാങ്ക് കിട്ടിയെങ്കിലും മെഡിക്കല്‍ അഡ്മിഷന് അത് തികഞ്ഞില്ല. സംവരണം ഇല്ലാത്ത കുട്ടിയായതിനാല്‍ മെരിറ്റില്‍ തന്നെ അഡ്മിഷന്‍ നേടണം. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പണം കൊടുത്ത് ചേരാന്‍ കുട്ടിയോ മാതാപിതാക്കളോ ആഗ്രഹിക്കുന്നില്ല. അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം സുഹൃത്ത് എന്നെ ബന്ധപ്പെട്ടത്.

വീണ്ടും പ്രവേശന പരീക്ഷ എഴുതണമെന്ന് അവള്‍ ആഗ്രഹിച്ചു. അക്കാര്യമാണ് അവര്‍ക്ക് എന്നോട് ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. മകള്‍ക്ക് ആഗ്രഹമുള്ള സ്ഥിതിയ്ക്ക് രണ്ടാം തവണയും പ്രവേശന പരീക്ഷ എഴുതാന്‍ അവളെ അനുവദിക്കണമെന്ന് ഞാന്‍ ഉപദേശിച്ചു. എന്നാല്‍ മെഡിസിന്‍ അഡ്മിഷന്റെ പുറകേ നടന്ന് മകള്‍ സമയം കളയുന്നതില്‍ അച്ഛനും അമ്മയ്ക്കും വലിയ താല്പര്യവുമില്ല. അങ്ങനെ അവള്‍ ബി.എസ്.സി. ക്കു ചേര്‍ന്നുകൊണ്ട് പ്രവേശന പരീക്ഷയ്ക്കുള്ള പഠനവും തുടര്‍ന്നു.

ഇത്തവണ പ്രവേശന പരീക്ഷയില്‍ നല്ല റാങ്കുണ്ടെങ്കിലും കുട്ടിയ്ക്ക് ഡല്‍ഹിയിലോ കേരളത്തിലോ ഉള്ള മെഡിക്കല്‍ കോളേജുകളില്‍ മാത്രമേ അഡ്മിഷന്‍ ലഭിക്കൂ. ഈ രണ്ടിടത്തുമാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വേണ്ടത്. അതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കിട്ടുമെന്ന് ഉറപ്പില്ല. ഞാന്‍ കുട്ടിയുമായും സംസാരിച്ചു. മെഡിസിനില്‍ വലിയ താല്‍പ്പര്യമാണവള്‍ക്ക്. ഒരു നല്ല ഡോക്ടറാകാന്‍ വേണ്ട ചില ഗുണഗണങ്ങളും അവളില്‍ കണ്ടു. എന്നാല്‍ കാശ് കൊടുത്ത് അഡ്മിഷന്‍ വാങ്ങാന്‍ അവര്‍ക്കാര്‍ക്കും ഇപ്പോഴും താല്‍പര്യമില്ല. നല്ല കാര്യം.

ഒരിക്കല്‍ക്കൂടി പ്രവേശന പരീക്ഷ എഴുതിക്കൂടേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവരെല്ലാം പരസ്പരം കണ്ണുകളില്‍ നോക്കി. മകളുടെ നിലപാട് അതാണ്. ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും പ്രവേശന പരീക്ഷ എഴുതുക. അച്ഛനും അമ്മയ്ക്കും അതില്‍ തീരെ താല്പര്യമില്ല. കാരണം, ഇപ്പോള്‍ പഠിക്കുന്ന ബി.എസ്.സി. യെ അത് ബാധിക്കും. പിന്നെ, 'പെണ്‍കുട്ടിയല്ലേ, ഇങ്ങനെ പഠിച്ചോണ്ടിരുന്നാല്‍ സമയത്തിന് കെട്ടിക്കാനൊക്കെ കഴിയുമോ' എന്ന പേടിയും ഒരു പക്ഷേ അവര്‍ക്ക് കാണും. ഞാന്‍ മകള്‍ക്ക് ധൈര്യം കൊടുത്തു. 'വീണ്ടും പ്രവേശന പരീക്ഷ എഴുതാന്‍ അങ്കിള്‍ സപ്പോര്‍ട്ട്' എന്നു പറഞ്ഞു. അവള്‍ക്കും സന്തോഷമായി. ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു. അവളുടെ ആഗ്രഹം സാധിക്കാന്‍ അവളെ അനുവദിക്കണമെന്ന് സുഹൃത്തിനോടും ഭാര്യയോടും ഞാന്‍ വീണ്ടും പറഞ്ഞു.

ഞാന്‍ അവരോടു പറഞ്ഞ ചില കാര്യങ്ങള്‍ ഇതാണ്. മെഡിസിന് പഠിക്കാന്‍ ആഗ്രഹമുള്ളവരാണ് അതിനു പോകേണ്ടത്. അതില്‍ പ്രായമൊന്നും നോക്കരുത്. അവള്‍ നല്ല മാര്‍ക്കും നേടുന്നുണ്ട്. ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിലൊക്കെ അഡ്മിഷന്‍ നഷ്ടപ്പെടുന്നവര്‍ എങ്ങനെയാണ് മോശക്കാരാകുന്നത്. പരീക്ഷയുടെ ദിവസം തന്നെ എന്തെല്ലാം കാര്യങ്ങള്‍ ഒരാളെ സ്വാധീനിക്കും. അല്പം മാര്‍ക്ക് കുറയാന്‍ വലിയ കാര്യമെന്തെങ്കിലും വേണോ?

മാര്‍ക്ക് നേടുന്നത് ഒരു പ്രധാന ഘടകമാണെങ്കിലും ഈ മാര്‍ക്ക് മാത്രമല്ല കാര്യം. താല്പര്യവും നിശ്ചയദാര്‍ഢ്യവും മനോഭാവവും സഹജീവിയായ മനുഷ്യനോടുള്ള അനുതാപവും ഒക്കെയാണ് ഒരു നല്ല ഡോക്ടറാകാന്‍ വേണ്ടത്. അതെല്ലാം ഉണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍ ഇത്തവണ കിട്ടിയില്ലെങ്കില്‍ അടുത്ത തവണയും പരീക്ഷയെഴുതാന്‍ അവളെ അനുവദിക്കണം.

അമേരിക്കയിലെ കാര്യവും ഞാന്‍ അവരോടു പറഞ്ഞു. നാലുവര്‍ഷത്തെ ഡിഗ്രി കഴിഞ്ഞാലേ ഇവിടെ മെഡിക്കല്‍ അഡ്മിഷന്‍ നേടാന്‍ കഴിയൂ. മെഡിക്കല്‍ പഠനത്തിനായി താല്പര്യവും മനോഭാവവും ഉള്ളയാളാണെന്ന് അതിനകം തെളിയിച്ചിരിക്കുകയും വേണം. പിന്നെ നാലു വര്‍ഷം മെഡിക്കല്‍ പഠനം, അതിനുശേഷം മൂന്നു വര്‍ഷം റസിഡന്‍സി. പിന്നെ സ്‌പെഷ്യലൈസേഷനായുള്ള ഫെലോഷിപ്പുകള്‍.... ഇതെല്ലാം കഴിഞ്ഞ് സ്വതന്ത്ര ഡോക്ടറാകുന്‌പോള്‍ വയസ്സ് മുപ്പതെങ്കിലും കഴിയും. അപ്പോഴേക്കും നല്ല പഠനവും അറിവും പക്വതയുമുള്ള ഒരു ഡോക്ടറായി മാറും. പൊതുവായ കാര്യമാണ് പറയുന്നത്. അപവാദങ്ങള്‍ അപൂര്‍വമായി എവിടെയും ഉണ്ടാകാം.

എന്റെ മെഡിക്കല്‍ പഠന കാര്യവും ഞാന്‍ പറഞ്ഞു. അക്കാലത്ത് ആകെയുള്ള കുറച്ച് മെഡിക്കല്‍ സീറ്റില്‍ അറുപതു ശതമാനവും ബി.എസ്.സി. ക്കാര്‍ക്കായിരുന്നു. ഞാന്‍ ബി.എസ്.സി. കഴിഞ്ഞപ്പോള്‍ അതു മാറി പൊതു പ്രവേശന പരീക്ഷ എഴുതേണ്ടി വന്നു. എന്നാലും ബി.എസ്.സി.ക്കു പോയതില്‍ ഞാന്‍ ഖേദിക്കുന്നില്ല. കെമിസ്ട്രിയും മറ്റു വിഷയങ്ങളും നന്നായി പഠിച്ചു. പഠിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ ചെയര്‍മാനാകാന്‍ കഴിഞ്ഞു എന്നത് എനിക്ക് അഭിമാനത്തിന് വകയും നല്‍കി. സത്യത്തില്‍ അവിടത്തെ പരിശീലനമാണ് ആഭ്യന്തര യുദ്ധം നടന്ന രാജ്യത്ത് ലോകാരോഗ്യ സംഘടനയുടെ ജോലി സ്വീകരിക്കാന്‍ എന്നെ പ്രാപ്തനാക്കിയത്.

മെഡിക്കല്‍ ബിരുദം എടുക്കുന്നത് ഒരു വലിയ അദ്ധ്വാനമാണ്. മെഡിസിന് അഡ്മിഷന്‍ കിട്ടാന്‍ പഴയതുപോലെ വലിയ ബുദ്ധിമുട്ടില്ല എങ്കിലും. കൂടുതല്‍ മെഡിക്കല്‍ കോളേജുകളും സീറ്റുകളും നാട്ടില്‍ ഉണ്ട്. പ്രവേശന പരീക്ഷയില്‍ അല്പം മാര്‍ക്ക് കുറഞ്ഞവര്‍ക്ക് സ്വകാര്യമെഡിക്കല്‍ കോളേജുകളും. കൂടാതെ വിദേശ മെഡിക്കല്‍ കോളേജുകളും.

മെഡിസിന്‍ അഡ്മിഷന്‍ എളുപ്പമായെങ്കിലും ഡോക്ടര്‍ ആകുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. ഒരു നല്ല ഡോക്ടര്‍ ആകുകയെന്നത് തീരെ എളുപ്പമുള്ള കാര്യമല്ല. എം.ബി.ബി.എസ്., എം.ഡി. എന്നീ കോഴ്സുകളിലെ പഠനം ജീവിതത്തിന്റെ നല്ല സമയം മുഴുവനും അപഹരിക്കും. ഡോക്ടറായിക്കഴിഞ്ഞാല്‍ ഒരാളുടെ സമയം അയാളുടേത് മാത്രമല്ല. പ്രത്യേകിച്ച്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഏതാണ്ട് സൗജന്യമായി പഠിച്ചിറങ്ങുന്നവര്‍ക്ക് നാടിനോട് വലിയ ഉത്തരവാദിത്തമുണ്ട്. നാട്ടുകാര്‍ക്ക് ഒരുപാട് തിരികെ കൊടുക്കാനുണ്ട്. അതിനു സന്നദ്ധതയുള്ളവര്‍ മാത്രമാണ് ഡോക്ടറാകേണ്ടത്. പട്ടാളത്തില്‍ ചേരുന്നതു പോലെയാണിത്. ബുദ്ധിമുട്ടുകള്‍ അറിഞ്ഞിട്ടുവേണം ഈ മേഖലയിലേയ്ക്ക് വരാന്‍. തിരികെപ്പോക്ക് സാദ്ധ്യമല്ല. പുറം തിരിഞ്ഞു നിന്നാല്‍ ശത്രുതയുണ്ടാകും. മനുഷ്യപ്പറ്റില്ലാതെ പെരുമാറിയാല്‍ ജനം എതിരാകും. ആ ദേഷ്യം മനുഷ്യരുടെ മനസ്സില്‍ കിടക്കാം. അപ്പോള്‍ പറ്റിയില്ലെങ്കില്‍ തരത്തിന് കിട്ടുന്ന ഡോക്ടറോട് അവര്‍ പ്രതികാരം ചെയ്‌തെന്നു വരും. നമ്മളെല്ലാം തന്നെയാണ് ഈ മനുഷ്യര്‍. നമ്മള്‍ തന്നെയാണ് ഡോക്ടറാകുന്നതും ഡോക്ടറെ തല്ലുന്നവരാകുന്നതും. വ്യത്യസ്തതമായത് സാഹചര്യങ്ങള്‍ മാത്രമാണ്.

നല്ല ഡോക്ടറാകാനുള്ള പരിശീലനമാണ് നാട്ടിലെ നല്ല മെഡിക്കല്‍ കോളേജുകളില്‍ മിക്കവാറും കിട്ടുന്നത്. രോഗവും ദുഖവും ഉള്ളവരുടെ ആശ്രയമാകാനാണ് പരിശീലിപ്പിക്കുന്നത്. പുസ്തകങ്ങളും അതാണ് പഠിപ്പിക്കുന്നത്.

എത്രയോ വര്‍ഷങ്ങളായി നാട്ടില്‍ പ്രാക്ടീസ് ചെയ്യാത്ത എന്റെ ശീലങ്ങളില്‍ പോലും ഈ പഠനത്തിന്റെ സ്വാധീനം തുടരുന്നു. രാത്രിയിലുള്‍പ്പെടെ ഒരിക്കലും സെല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കാത്ത എന്റെയുള്‍പ്പെടെ പല ഡോക്ടര്‍മാരുടെയും ശീലം പോലും ഇതിന്റെ ഭാഗമാണ്. കുടുംബാംഗങ്ങള്‍ പോലും ക്രമേണ ഈ ശീലം സഹിക്കുന്നവരായി മാറും.

ഈ ലേഖനം എഴുതുന്നതിനിടയിലും കാനഡയിലെ ഒരു മലയാളി ഫേസ്ബുക്ക് സുഹൃത്ത് രണ്ടു പ്രാവശ്യം എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലെ ഒരത്യാവശ്യ പ്രശ്‌നത്തില്‍ അഭിപ്രായം ചോദിക്കാന്‍. എമര്‍ജന്‍സി ആംബുലന്‍സ് ഒക്കെ വീട്ടില്‍ എത്തിയിട്ടും അവര്‍ക്ക് അടുപ്പമുള്ള ഒരു ഡോക്ടറോട് സംസാരിക്കണം. രാത്രി പന്ത്രണ്ടു മണിക്കാണ് ഫോണുകള്‍. ഞാന്‍ ഉറങ്ങിയിരുന്നില്ല എന്നത് മറ്റൊരു കാര്യം. ഇതാണ് മനുഷ്യരുടെ ശീലം. അമേരിക്കയില്‍ നില്‍ക്കുന്ന ഞാന്‍ ഇന്നത്തെ ദിവസം മാത്രം ഇടപെട്ട മൂന്നാമത്തെയോ നാലാമത്തെയോ കേസാണിത്. എന്നേക്കാള്‍ കൂടുതല്‍ മിടുക്കുള്ള, ഇപ്പോഴും നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന, പ്രഗത്ഭ ഡോക്ടര്‍മാരില്‍ നിന്ന് ജനം ഇതിലും വളരെക്കൂടുതല്‍ പ്രതീക്ഷിക്കും. അതിന് വഴങ്ങാന്‍ കഴിയില്ല എന്നുള്ളവര്‍ തീരുമാനം എടുക്കേണ്ടത് മെഡിസിന് ചേരുന്നതിന് മുന്പായിരുന്നു. നാട്ടില്‍ ആരെയും സര്‍ക്കാരോ ജനങ്ങളോ നിര്‍ബന്ധിച്ചു പിടിച്ചു ഡോക്ടറാക്കുന്നുമില്ല. ഈ തിരിച്ചറിവുള്ളവരാണ് നാട്ടിലെ നല്ല ഡോക്ടര്‍മാര്‍. അവരാണ് ഇന്നും ഭൂരിഭാഗം.

ജീവിതത്തില്‍ ഡോക്ടര്‍ ആയവരും ആക്കപ്പെട്ടവരും ആയിപ്പോയവരും ഉണ്ട്. പരിശീലനത്തിലെ ഏറ്റക്കുറച്ചിലുകളും മനോഭാവത്തിലെ വ്യത്യാസങ്ങളും ജീവിത സാഹചര്യങ്ങളും ഒക്കെ ഡോക്ടര്‍മാരുടെ പെരുമാറ്റത്തിലും ശീലത്തിലും സ്വാധീനം ചെലുത്തും. തുടക്കം വ്യത്യസ്തമാകാമെങ്കിലും നല്ലൊരു ശതമാനം ഡോക്ടര്‍മാരും പില്‍ക്കാലത്ത് അവരവരുടെ ഉത്തരവാദിത്തം നന്നായി നിറവേറ്റുന്നവരാണ്. കാരണം, ഇപ്പോഴും ഡോക്ടര്‍ സമൂഹത്തെ പ്രധാനമായും നിയന്ത്രിക്കുന്നതും സ്വാധീനിക്കുന്നതും നല്ല ഡോക്ടര്‍മാര്‍ തന്നെയാണ്. ഇവിടെയും അപവാദങ്ങളെ നമുക്ക് മാറ്റി നിര്‍ത്താം.

ഇന്ന് നമ്മള്‍ ആചരിക്കുന്ന ഡോക്ടേഴ്‌സ് ദിനം എല്ലാ മനുഷ്യരുടേതുമാണ്. കാരണം ഡോക്ടര്‍മാരും ആശുപത്രികളും ചികിത്സയും ഒക്കെ മനുഷ്യര്‍ക്ക് വേണ്ടിയാണ്. മനുഷ്യരും രോഗങ്ങളുമില്ലെങ്കില്‍ ഡോക്ടര്‍മാരുമില്ല. ആശുപത്രികളും മറ്റു സംവിധാനങ്ങളും ജനനന്മയ്ക്കാണ്. അതിനിടെ ഡോക്ടര്‍മാര്‍ക്ക് കൂടി ജോലിയും ജീവിത മാര്‍ഗവും കിട്ടുന്നു എന്ന് മാത്രം. മനുഷ്യരാണ് ഡോക്ടര്‍മാരാകുന്നത്. രോഗവുമായി കട്ടിലില്‍ കിടക്കുന്‌പോള്‍ ഈ ഡോക്ടറും രോഗിയാണ്. ഡോക്ടര്‍മാര്‍ മനുഷ്യരായതിനാല്‍ മനുഷ്യന്റെ നന്മകളും ദൗര്‍ബല്യങ്ങളും അവരില്‍ കാണും. നന്മകളെ വര്‍ദ്ധിപ്പിക്കാനും ദൗര്‍ബല്യങ്ങളെ ചെറുതാക്കാനും ഡോക്ടേഴ്‌സ് ദിനവും സഹായിക്കട്ടെ. എല്ലാ മനുഷ്യര്‍ക്കും ഡോക്ടേഴ്‌സ് ദിനാശംസകള്‍.
ആരാണ് ഡോക്ടറാകേണ്ടത്? (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)
Join WhatsApp News
josecheripuram 2019-07-03 09:06:01
A well written article,Any profession needs dedication.Now a days who decides who should be doctors,The Parents.I know so many people went to Manipal spend lots of money&years,came back,could not get through USMLE&ruined their life.I have an advise for Parents let your children decide what they want to be.
Joseph 2019-07-03 09:52:57
ഡോക്ടേഴ്സ് ദിനത്തിൽ ഡോക്റ്റർമാരെപ്പറ്റി എഴുതിയ നല്ലയൊരു ലേഖനത്തിന് ഡോക്ടർ ലാലിന് അഭിനന്ദനങ്ങൾ. 

മക്കൾ ഡോക്ടറാകണമെന്ന് ഭൂരിഭാഗം ഇന്ത്യൻ മാതാപിതാക്കളുടെയും ഒരു ആഗ്രഹമാണ്‌. അതുപോലെ പഠിക്കുന്ന കാലങ്ങളിൽ ക്ലാസിലെ മണ്ടനായ വിദ്യാർത്ഥിവരെ ഡോക്ടറാകണമെന്ന മോഹങ്ങൾ വെച്ചുപുലർത്തും. 

ഇന്നത്തെ ഡോക്ടർമാരെല്ലാം അക്കാദമിക്കിൽ കഴിവ് പ്രകടിപ്പിച്ചവരായിരിക്കണമെന്നില്ല. ഇന്ത്യയിൽ  ക്യാപ്പിറ്റേഷൻ ഫീ കൊടുത്ത് ശരാശരി വിദ്യാർത്ഥികളും അഡ്മിഷൻ മേടിക്കുന്നുണ്ട്. അതുപോലെ യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും കരീബിയൻ രാജ്യങ്ങളിൽനിന്നും മെഡിക്കൽ ബിരുദങ്ങളായി വരുന്നവർ പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയവരാകണമെന്നില്ല.

അഡ്മിഷൻ ലഭിച്ചുകഴിഞ്ഞാൽ എം.ബി.ബി.എസ്‌ പഠനം മറ്റുള്ള അക്കാദമിക്ക് പഠനങ്ങളേക്കാൾ  എളുപ്പമാണെന്ന് തോന്നുന്നു. ക്യാപിറ്റേഷൻ ഫീ കൊടുത്ത് ഇന്ത്യയിൽ മെഡിക്കൽ അഡ്മിഷൻ മേടിച്ചു വരുന്നവർ ബിരുദങ്ങളുമായിട്ടാണ് മടങ്ങി വരാറുള്ളത്. അമേരിക്കയിൽ ആദ്യകാലങ്ങളിൽ വന്ന ഡോക്റ്റർമാരെല്ലാം ഇന്ത്യൻ ബിരുദക്കാരാണ്. അവർക്ക് ഒരു രോഗിയുടെ രോഗം നിശ്ചയിക്കാൻ ആധുനിക ടെക്കനോളജികളൊന്നും ആവശ്യമിലായിരുന്നു.  

പല ഡോക്ടർമാരും പഠനം കഴിഞ്ഞാൽ പിന്നീട് ആധുനിക വൈദ്യശാസ്ത്ര നേട്ടങ്ങളെപ്പറ്റി അറിയാൻ പുസ്തകപാരായണമൊന്നും നടത്താറില്ല. വൃദ്ധരായ നിരവധി ഡോക്ടർമാർ ഇന്നും എഴുപതുകളിൽ ജീവിക്കുന്നു. അതും രോഗികളെ കൺഫ്യൂഷനാക്കുന്നു. 

അർപ്പിത ജീവിതമാണ് ഒരു ഡോക്ടർക്ക് വേണ്ടത്. പക്ഷെ ഭൂരിഭാഗം പേരും പണത്തിന് ആർത്തിയും കാണിക്കുന്നു. ഇന്റർനെറ്റും സോഷ്യൽ മീഡിയാകളും വളർന്നതിൽപിന്നീട് രോഗികൾക്കും തങ്ങളുടെ രോഗ വിവരങ്ങളെപ്പറ്റി വ്യക്തമായ ഒരു ധാരണ ലഭിക്കുന്നുണ്ട്. അതും ഒരു ഡോക്ടർക്ക് രോഗ നിർണയത്തിന് സഹായകമാണ്. 
വിവേകൻ 2019-07-03 18:25:50
"സ്വതന്ത്ര ഡോക്ടറാകുന്‌പോള്‍ വയസ്സ് മുപ്പതെങ്കിലും കഴിയും. അപ്പോഴേക്കും നല്ല പഠനവും അറിവും പക്വതയുമുള്ള ഒരു ഡോക്ടറായി മാറും. "

ഞാൻ ഒരു പസിപി യെ നോക്കുമ്പോൾ അയാളുടെ പ്രായവും പരിജ്ഞാനവും നോക്കും .  മുപ്പത് വയസുള്ള ഡോക്ട്ടറുടെ കയ്യിൽ ഒരു പരീക്ഷണ പന്നികുട്ടി ആകുന്നതിലും നല്ലത് . കുറച്ചു പൂർണ്ണ ചന്ദ്രന്മാരെ കണ്ട ഒരാളുടെ പരീക്ഷണ വസ്തു ആകുന്നതാണ് നല്ലത് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക