Image

ഒരു സെന്‍സസിന്റെ പ്രശ്‌നങ്ങള്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 03 July, 2019
ഒരു സെന്‍സസിന്റെ പ്രശ്‌നങ്ങള്‍- (ഏബ്രഹാം തോമസ്)
2020 ന്റെ യു.എസ്. ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. ചോദ്യാവലിയില്‍ യു.എസ്. പൗരത്വം ഉണ്ടോ എന്ന ചോദ്യം ഒരു വര്‍ഷമായി വിവാദമായി തുടരുന്നു. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സങ്കോചപ്പെടുന്ന നിയമവിരുദ്ധ കുടിയേറ്റക്കാര്‍ കനേഷുമാരി പ്രക്രിയയില്‍ നിന്ന് തന്നെ ഒഴിഞ്ഞു മാറും എന്നാണ് വിമര്‍ശനം. 80 ലക്ഷം ജനങ്ങള്‍, മിക്കവരും ഹിസ്പാനിക്ക് കുടിയേറ്റക്കാര്‍, ജനസംഖ്യാ കണക്കെടുപ്പില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നാണ് ആരോപണം.

പ്രശ്‌നം യു.എസ്. സുപ്രീം കോടതിയില്‍ എത്തി. കോമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സും മറ്റ് നാലു ജസ്റ്റീസുമാരും നല്‍കിയ ഭൂരിപക്ഷം വിധിയില്‍ ആവശ്യമായ വിശദീകരണവുമായി വീണ്ടും സമീപിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അതുവരെ പൗരത്വ സംബന്ധമായ ചോദ്യം ചോദ്യാവലിയില്‍ ഉണ്ടാവില്ല. കോടതി നിര്‍ദ്ദേശിച്ചത്‌പോലെ തൃപ്തികരമായ വിശദീകരണം നല്‍കി സെന്‍സസ് നടപടികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ എന്ന് അധികൃതര്‍ സംശയം പ്രകടിപ്പിക്കുന്നു.
ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സിനോട് ചേര്‍ന്ന് ജസ്റ്റീസുമാരായ രൂത്ത്-ബഡര്‍ ഗിന്‍സ്‌ബെര്‍ഗ് സ്റ്റീഫന്‍ ബ്രേയര്‍, സോണിയ സോറ്റോമേയര്‍, എലേനങ്കേഗന്‍ എന്നിവര്‍ ഭൂരിപക്ഷ വിധിയില്‍ ഒപ്പ് വച്ചപ്പോള്‍ ന്യൂനപക്ഷ, ഭിന്നാഭിപ്രായ വിധിപുറപ്പെടുവിച്ചത് ജസ്റ്റീസുമാരായ ക്ലാരന്‍സ് തോമസ്, നീല്‍ ഗോര്‍സച്ച്, ബ്രൈറ്റ് കാവനാ, സാമുവല്‍ അലിറ്റോ (പ്രത്യേക വിധി ന്യായം നല്‍കി) എന്നിവരാണ്. പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയൂ ബുഷ് നിയമിച്ച ജ.റോബര്‍ട്ട്‌സിന്റെ യാഥാസ്ഥിതികത്വം ഇടയ്ക്കിടെ വിശാലമനസ്സിന് വഴി മാറുന്നതായാണ് കാണുന്നത്. ഈ കേസിനൊപ്പം വിധിച്ച നിയോജകമണ്ഡലങ്ങളുടെ (ഇലക്ടൊറല്‍ ഡിസ്ട്രിക്ടുകളുടെ) പുനര്‍നിര്‍ണ്ണയത്തില്‍ ജസ്റ്റീസ് റോബര്‍ട്ട്്‌സിന്റെ യാഥാസ്ഥിതികത്വം വ്യക്തമായിരുന്നു.

സെന്‍സസ് വിദഗ്ധര്‍ പൗരത്വ ചോദ്യം ചോദ്യാവലിയില്‍ ഉണ്ടായിരുന്നാല്‍ അത് കുടിയേറ്റക്കാരില്‍ ഭീതി സൃഷ്ടിക്കുമെന്ന് പറയുന്നു. അവര്‍ സെന്‍സ്സില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു മാറും. ഇത് ഒരു വലിയ അണ്ടര്‍കൗണ്ട് (യഥാര്‍ത്ഥ കണക്കില്‍ കുറവ്) സൃഷ്ടിക്കും. പ്രത്യേകിച്ച് വലിയ സംസ്ഥാനങ്ങളായ കാലിഫോര്‍ണിയയിലും ടെക്‌സസിലും അടുത്ത 10 വര്‍ഷത്തെ ഗവണ്‍മെന്റ് ധനസഹായവും രാഷ്ട്രീയാധികാരവും കുറയാന്‍ കാരണമാകും. ജ.റോബര്‍ട്ട്‌സ് ഈ ചോദ്യം അധികമായി ചേര്‍ക്കാന്‍ മതിയായ കാരണങ്ങള്‍ ഹാജരാക്കുവാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ല എന്ന കീഴ്‌ക്കോടതിയുടെ കണ്ടെത്തലിനോട് യോജിച്ചു.

സിറ്റിസന്‍ഷിപ്പിനെകുറിച്ച് യു.എസ്. സുപ്രീം കോടതി നടത്തിയ പരാമര്‍ശം ടെക്‌സസിന് ആശ്വാസമായി. യു.എസില്‍ വളരെവേഗം വളരുന്ന രണ്ടാമത്തെ വലിയ സംസ്ഥാനമായ ടെക്‌സസിന് മെഡിക്കല്‍ കെയര്‍, ചൈല്‍ഡ് കെയര്‍, എജുക്കേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയ്ക്ക് ആവശ്യമായ ഫെഡറല്‍, ഫണ്ടിംഗിന് ശരിയായ ജനസംഖ്യാ കണക്കെടുപ്പ് ആവശ്യമാണ്. ടെക്‌സസിന്റെ ഫെഡറല്‍ ഫണ്ടിംഗ് ഓഹരിയുടെ 675  ബില്യണ്‍ ഡോളറിലധികം ജനസംഖ്യയില്‍ വരുന്ന കുറവില്‍ നഷ്ടമാകും.

ടെക്‌സസിന്റെ ജനസംഖ്യ 2.9 കോടിയാണെന്നാണ് കണക്ക്. 43 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ സഹായമായി ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്നു. കണക്കെടുപ്പില്‍ ഒരു ശതമാനം കുറവുണ്ടായാല്‍ പോലും 300 മില്യന്‍ ഡോളര്‍ പ്രതിവര്‍ഷം അടുത്ത 10 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തിന് നഷ്ടമാവും എന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പബ്ലിക് പോളിസി അനാലിസിസ് പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് സിറ്റിസണ്‍ഷിപ്പ് ചോദ്യം സെന്‍സസ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തുവാന്‍ ട്രമ്പ് ഭരണകൂടം തീരുമാനിച്ചത്. വോട്ടിംഗ് റൈറ്റ്‌സ് ആക്ടിന്റെ ലംഘനം കണ്ടെത്താനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിശദീകരിച്ചത്. ഡെമോക്രാറ്റിക് നേതാക്കളും മനുഷ്യാവകാശവാദികളും ഇത് എതിര്‍ത്തു.
സെന്‍സസ് ബ്യൂറോ ഈയിടെ നടത്തിയ പഠനത്തില്‍ പൗരത്വചോദ്യം ഒരു പൗരനല്ലാത്ത കുടുംബാമുള്ള കുടുംബത്തെപോലും സെന്‍സസ് പ്രക്രിയയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ പ്രേരിപ്പിക്കും എ്ന്ന് കണ്ടെത്തി.

ഒരു സെന്‍സസിന്റെ പ്രശ്‌നങ്ങള്‍- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക