Image

അഭിമന്യു ജ്വലിക്കുന്ന ഓര്‍മ്മയാകുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍

കല Published on 03 July, 2019
അഭിമന്യു ജ്വലിക്കുന്ന ഓര്‍മ്മയാകുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍


മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യു ക്യാംപസ് ഫ്രെണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാല്‍ കൊലപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞു ഇന്നലെ. രാജ്യത്ത് ആകമാനം എസ്എഫ്ഐ വര്‍ഗീയതയ്ക്കെതിരെ വലിയ സമരപരിപാടികള്‍ അഭിമന്യുവിന്‍റെ ഓര്‍മ്മ ദിവസം സംഘടിപ്പിച്ചു. ചെന്നൈയിലും കല്‍ക്കത്തയിലും ഹൈദ്രബാദിലും ഡല്‍ഹിയിലും അഭിമന്യുവിന്‍റെ ഓര്‍മ്മ പുതുക്കി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കേരളത്തിലും മഹാരാജാസ് കോളജില്‍ അടക്കം വന്‍ വിദ്യാര്‍ഥി പങ്കാളിത്തമാണ് അഭിമന്യുവിനായി ഉണ്ടായത്. സമീപകാല ഇന്ത്യയില്‍ ഒരു കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനെ രാജ്യമെമ്പാടുമായി വിദ്യാര്‍ഥി സമൂഹം നെഞ്ചോട് ചേര്‍ത്ത് ഓര്‍മ്മിക്കുന്നത് അഭിമന്യുവിന്‍റെ കാര്യത്തില്‍ തന്നെയാവും. അത്രമേല്‍ അഭിമന്യുവിന്‍റെ മരണം വിദ്യാര്‍ഥി സമൂഹത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും മനസില്‍ ആഴത്തില്‍ മുറിവായി തുടരുന്നു. 
എന്തുകൊണ്ട് അഭിമന്യുവിനായി ഇപ്പോഴും വിദ്യാര്‍ഥികള്‍ സംഘടിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അവന്‍ കൊലപ്പെട്ടത് വര്‍ഗീയതയ്ക്കെതിരെ പോരാടിയപ്പോഴാണ്. മത വര്‍ഗീയത അത്രമേല്‍ ഭീകരമാണ് എന്ന് വിദ്യാര്‍ഥി സമൂഹം തിരിച്ചറിയുന്നുണ്ട്. ഇസ്ലാമിക തീവ്ര വര്‍ഗീയതയാണ് അഭിമന്യുവിന്‍റെ ജീവനെടുത്തത്. എന്നാല്‍ ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുമ്പോഴും അഭിമന്യുവിന്‍റെ ജീവനെടുത്ത, അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതി പിടിയിലായിട്ടില്ല. അയാള്‍ രാജ്യം വിട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ട്. എങ്കിലും പിടിക്കപ്പെട്ടിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരിന്‍റെ വീഴ്ച തന്നെയാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ട കാര്യമില്ല. 
അഭിമന്യുവിന്‍റെ മരണത്തിന് കാരണമായ ആശയത്തോട് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനവും സിപിഎമ്മും എത്രത്തോളം സമരത്തില്‍ ഏര്‍പ്പെട്ടു എന്ന കാര്യത്തിലും വിമര്‍ശനങ്ങളുണ്ട്. കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജയശങ്കര്‍ ആരോപിച്ചത് പോലെ എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രെണ്ടിന്‍റെയും പേര്‍ പറയാതെ അഭിമന്യുവിന്‍റെ കൊലയാളികളെ വിമര്‍ശിക്കാന്‍ സഖാക്കള്‍ നല്ലത് പോലെ ശ്രമിക്കുന്നുണ്ട്. ജയശങ്കറിന്‍റെ വിമര്‍ശനത്തില്‍ അല്പം വസ്തുതയില്ലാതെയില്ല. ന്യൂനപക്ഷ വര്‍ഗീയതയെ കൃത്യമായി അഡ്രസ് ചെയ്യുന്നതില്‍ ഇടതുപക്ഷം അഭിമന്യുവിന് ശേഷവും പരാജയപ്പെടുകയാണ് എന്നത് തന്നെയാണ് വസ്തുത. ന്യൂനപക്ഷ വര്‍ഗീയതയെ അഡ്രസ് ചെയ്യാന്‍ സിപിഎമ്മിന് വീഴ്ച വരുമ്പോള്‍ അത് ഫലത്തില്‍ ശക്തിപ്പെടുത്തുന്നത് ആര്‍എസ്എസിനെ തന്നെയാണ്. ജയശങ്കറിന്‍റെ വിമര്‍ശനവും കൃത്യമായി വിരല്‍ചൂണ്ടുന്നത് ഇതിലേക്ക് തന്നെയാണ്. 
്അഭിമന്യുവിന്‍റെ മരണത്തില്‍ ഇസ്ലാമിക തീവ്രവാദത്തോട് സിപിഎം മൃദുസമീപനം കാണിച്ചുവെന്ന് ഇവിടെ അര്‍ഥമക്കേണ്ടതില്ല. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അത്തരമൊരു സമീപനം സിപിഎം പലപ്പോഴായി കാണിക്കുന്നു എന്ന പ്രതീതിയുണ്ട്. മുസ്ലിം വോട്ട് ബാങ്ക് എപ്പോഴും കുത്തുകയായി വെച്ചിരിക്കുന്ന മുസ്ലിംലീഗിനോട് കിടപിടിച്ച് ഏറെക്കുറെ വോട്ട് ഷെയര്‍ മുസ്ലിം കമ്മ്യൂണിറ്റിയില്‍ നിന്ന് സിപിഎം നേടാറുണ്ട്. മധ്യ കേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമാണ് മുസ്ലിം കമ്മ്യൂണിറ്റിയുടെ വോട്ട് കൂടുതലായി സിപിഎം നേടുന്നത്. മലബാറില്‍ മുസ്ലിം ലീഗിന്‍റെ ശക്തി ദുര്‍ഗങ്ങളില്‍ സിപിഎമ്മിന് വോട്ട് നന്നേ കുറവാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ സഹായിച്ചത് മലബാര്‍ ഇതര പ്രദേശങ്ങളിലെ മുസ്ലിം വോട്ട് ഷെയര്‍ തന്നെയായിരുന്നു. 
ഇസ്ലാമിക തീവ്രവാദത്തോട്  പൊതുസമൂഹത്തിന് ഉള്ളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ അത് എത്രത്തോളം വ്യക്തമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് സിപിഎമ്മിന് തന്നെ ഉറപ്പില്ല എന്നതാണ് യഥാര്‍ഥ്യം. ഇസ്ലാമിക തീവ്രവാദത്തോള്ള എതിര്‍പ്പുകള്‍ മുസ്ലീമിനോടുള്ള എതിര്‍പ്പായി ഏതെങ്കിലും പോയിന്‍റിലെത്തുമ്പോള്‍ വ്യഖ്യാനിക്കപ്പെട്ടാല്‍ നഷ്ടപ്പെടുന്നത് വലിയ വോട്ട് ഷെയര്‍ തന്നെയായിരിക്കും. ഇതാണ് സിപിഎമ്മിനെ ഇസ്ലാമിക് തീവ്ര സംഘടനകളോട് നേരിട്ട് എതിര്‍ക്കുന്നതില്‍ നി്ന്ന് പിന്നോട്ട് വലിക്കുന്നത്. പലപ്പോഴും ആര്‍എസ്എസിനെ വിമര്‍ശിക്കുമ്പോള്‍ തൂക്കം ഒപ്പിക്കാന്‍ ഇസ്ലാമിക തീവ്രവാദത്തെയും വിമര്‍ശിച്ച് പോരുമെന്നതില്‍ കവിഞ്ഞൊരു നടപടി ഈ സംഘടനകളോട് സിപിഎം കാട്ടാറില്ല. കേഡര്‍ സംവിധാനം വെച്ച് സിപിഎമ്മിനോട് ചില പോക്കറ്റ് ഏരിയകളിലെങ്കിലും മത്സരിച്ച് നില്‍ക്കാന്‍ ഈ ന്യുനപക്ഷ വര്‍ഗീയ സംഘടനകള്‍ക്ക് കഴിയും. അവിടെ അവരോട് ഗ്രൗണ്ടില്‍ എതിര്‍ക്കുകയും സിപിഎമ്മിന് വലിയ വെല്ലുവിളി തന്നെയാണ്. 
എന്നാല്‍ അഭിമന്യുവിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഒന്നാം വാര്‍ഷികമെത്തുമ്പോള്‍ ജാഗ്രതയോടെ കാണേണ്ടത് ഇസ്ലാമിക വര്‍ഗീയ ശക്തികളെയും ഹിന്ദു ഭീകരതയെപ്പോലെ തന്നെ കണ്ട് എതിര്‍ക്കേണ്ടതുണ്ട് എന്നത് തന്നെയാണ്. അഭിമന്യുവിന്‍റെ കൊലപാതകം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രധാനപ്പെട്ട രണ്ട് പ്രതികള്‍്ക്ക ഒളിവില്‍ കഴിയാന്‍ കഴിയുന്നുണ്ടെങ്കില്‍ ഇവരുടെ വേരുകള്‍ക്ക് നല്ല ആഴമുണ്ട് എന്ന് മനസിലാക്കണം. വര്‍ഗീയതെ ചെറുക്കുമ്പോള്‍ ഭൂരിപക്ഷമെന്നോ, ന്യൂനപക്ഷമെന്നോ ഉള്ള വേര്‍തിരിവ് വെക്കുന്നത് ഫലത്തില്‍ അപകടം മാത്രമേ ചെയ്യുകയുള്ളു എന്ന് സിപിഎം അതിവേഗം തിരിച്ചറിയേണ്ടതുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക