Image

പട്ടയപ്രശ്‌നം-ജനപ്രതിനിധികള്‍ ഹൈറേഞ്ചുകര്‍ഷകരെ വിഢികളാക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 30 April, 2012
പട്ടയപ്രശ്‌നം-ജനപ്രതിനിധികള്‍ ഹൈറേഞ്ചുകര്‍ഷകരെ വിഢികളാക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍
തൊടുപുഴ: പതിറ്റാണ്ടുകളായി മാറിമാറിവന്ന ജനപ്രതിനിധികളും സര്‍ക്കാരുകളും വാഗ്ദാനങ്ങള്‍ നല്‍കിയും പ്രസ്താവനകളിറക്കിയും പട്ടയപ്രശ്‌നത്തില്‍ ഹൈറേഞ്ചുകര്‍ഷകരെ വിഢികളാക്കുകയാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ആക്ഷേപിച്ചു.

01.01.1977 നു മുമ്പുള്ള കൈവശഭൂമിക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ട് കഴിഞ്ഞ 34വര്‍ഷം ജനങ്ങളെ പെരുവഴിയിലാക്കിയവരും, നിരന്തരം പീഢിപ്പിച്ചവരും മൂന്നര മാസംകൊണ്ട് ഉപാധിരഹിത പട്ടയം വിതരണം ചെയ്യുമെന്ന് കൊട്ടിഘോഷിക്കുന്നത് വിശ്വസനീയമല്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുവാനുള്ള ഏണിപ്പടികളായി മാത്രമാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ കര്‍ഷകരെ കാണുന്നതെന്നതാണ് വസ്തുത. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് നിയമക്കുരുക്കുകള്‍ സൃഷ്ടിച്ച് വര്‍ഷങ്ങളായി കൃഷിചെയ്ത് അനുഭവിക്കുന്ന കൈവശഭൂമി കര്‍ഷകരുടെ കയ്യില്‍നിന്ന് തട്ടിയെടുക്കുവാനുള്ള ഗൂഢതന്ത്രങ്ങള്‍ മെനയുകയാണെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
 
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വരാനിരിക്കുന്ന ജനകീയ വിപ്ലവത്തിന് തടയിടുവാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഓഗസ്റ്റ് 15 ന് മുമ്പ് ഉപാധിരഹിത പട്ടയം നല്‍കുമെന്ന പുത്തന്‍ വാഗ്ദാനം. 1968-ലെ മണിയങ്ങാടന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പോലും നടപ്പിലാക്കാതെ ഇക്കാലം വരെയും ഓരോ കരിനിയമങ്ങള്‍ കര്‍ഷകരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇടതു-വലതു സര്‍ക്കാരുകള്‍ ചെയ്തത്. ഓഗസ്റ്റ് 15നു മുമ്പ് ഉപാധിരഹിത പട്ടയം 1,18066 അപേക്ഷകര്‍ക്ക് നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ നല്‍കിയ സ്ഥാനങ്ങള്‍ ത്യജിക്കുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക