Image

കേന്ദ്രത്തിന്റേത്‌ കേരളത്തിനോട്‌ അനുഭാവം കാട്ടാത്ത ബജറ്റ്‌: മുഖ്യമന്ത്രി

Published on 05 July, 2019
കേന്ദ്രത്തിന്റേത്‌ കേരളത്തിനോട്‌ അനുഭാവം കാട്ടാത്ത ബജറ്റ്‌: മുഖ്യമന്ത്രി

തിരുവനന്തപുരം; എയിംസ്‌ അടക്കമുള്ള വാഗ്‌ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട്‌ അനുഭാവം കാട്ടാത്തതുമായ ബജറ്റാണ്‌ കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 

 കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമാണ്‌. പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്നു. രണ്ടിനും ഓരോ രൂപ വീതം. ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദൂര സ്ഥലങ്ങളില്‍നിന്ന്‌ ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന്‌ ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും. മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ്‌ ചരക്കുകടത്തു കൂലിമുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി.

 കേരളം ജലപാതകള്‍ക്കു പണ്ടേ പ്രസിദ്ധമാണ്‌. ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം അത്‌ കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. കൊച്ചി ഷിപ്പ്യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത്‌ 495 കോടിയായി കുറഞ്ഞു. 

കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റിന്റെത്‌ 67 കോടിയായിരുന്നത്‌ 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്റെത്‌ 172 കോടിയായിരുന്നത്‌ 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ്‌ മരവിപ്പോ വെട്ടിക്കുറയ്‌ക്കലോ ഉണ്ടാവുന്നത്‌.

കേരളം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്‌പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട്‌ മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ്‌ നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
vincent emmanuel 2019-07-05 16:30:12
No budget is good for whether congress rules or communst rules.
so get used to it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക