Image

ലവ് ഗുരുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് റിപ്പബ്ലിക്കന്‍ ദാതാക്കളും സംഭാവന നല്‍കുന്നു.

ഏബ്രഹാം തോമസ് Published on 08 July, 2019
ലവ് ഗുരുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് റിപ്പബ്ലിക്കന്‍ ദാതാക്കളും സംഭാവന നല്‍കുന്നു.
സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാന്‍ തയ്യാറാവുന്ന വന്‍ ദാതാക്കള്‍ രാഷ്ട്രീയം നോക്കാറില്ല. സൗള്‍ അമുസിസ് ടീ പാര്‍ട്ടി നേതാവാണ്. സെനറ്റര്‍ ടെഡ്ക്രൂസിന്റെ ഉപദേശകനായിരുന്നു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന് വോട്ടു ചെയ്യുമെന്ന് പറയുന്ന അമുസിസ് ലവ് ഗുരു എന്നറിയപ്പെടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മരിയാന്‍ വില്യംസണിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് സംഭാവന നല്‍കി. അമുസിസിനെ പോലെ മറ്റ് പല ജിഓപി ദാതാക്കളും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് സംഭാവന നല്‍കുന്നു. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഒരല്പം വിനോദത്തിന് വേണ്ടിയാണ് തങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് റിപ്പബ്ലിക്കന്‍ വിശ്വാസികളായ ഇവര്‍ പറയുന്നു.

വില്യംസണ്‍ വ്യത്യസ്തയാണ്. 13 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒരെണ്ണം ഇന്ത്യന്‍ വംശജനായ ദീപക് ചോപ്രയ്‌ക്കൊപ്പമാണ് രചിച്ചത്. ദ സ്പിരിറ്റ് ഓഫ് സക്‌സസ്: കോണ്‍ഷിയസ്‌നെസ് ആന്റ് ദ എക്കോണമി. മൂന്ന് പുസ്തകങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റുകളില്‍ ഉണ്ടായിരുന്നു. ആത്മീയ, ലവ് ഗുരു ആയി അറിയപ്പെടുന്ന വില്യംസണ്‍ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത് തന്റെ സ്വന്തം പടം ഒരു മാസികയുടെ ഫീച്ചറില്‍ കൂട്ടിച്ചേര്‍ത്താണ്. വോഗിന്റെ ലേഖനത്തില്‍ സ്ത്രീ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ സെനറ്റര്‍മാര്‍ ഏയ്മി ക്ലോബുച്ചാര്‍, കമലാഹാരിസ്, ക്ിഴ്‌സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ്, എലിസബെത്ത് വാറന്‍, ജനപ്രതിനിധി തുള്‍സി ഗബാര്‍ഡ് എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ വില്യംസണ്‍ ഒഴിവാക്കപ്പെട്ടിരുന്നു. വില്യംസണ്‍ തന്റെ ഫോട്ടോ ഒരു ഫ്രെയിമിലാക്കി ഇവര്‍ക്കൊപ്പം ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമത്തില്‍ പരസ്യപ്പെടുത്തി.
2020 ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെല്ലാം വിശ്വാസികളായി തങ്ങളെ വിശേഷിപ്പിക്കുന്നു. കോറി ബുക്കര്‍, എലിസബെത്ത് വാറന്‍, ജൂലിയന്‍ കാസ്‌ട്രോ എന്നിവര്‍ വിശ്വാസത്തെകുറിച്ച് സുദീര്‍ഘ പ്രഭാഷണങ്ങള്‍ തന്നെ നടത്തുന്നു.
ഇവര്‍ക്കിടയില്‍ ആത്മീയത പ്രചരിപ്പിച്ച് ധനികയായി മാറുന്ന ഒരു സ്ഥാനാര്‍ത്ഥിയും ഉണ്ട്- വില്യംസണ്‍. ഗ്രന്ഥകര്‍ത്രിയും വ്യവസായ സംരംഭകയും പ്രഭാഷകയും ടെലിവിഷന്‍ താരവുമെല്ലാമാണ് ഇവര്‍. ജൂലൈ 8ന് 67 വയസായ ഇവര്‍ സജീവ സാമൂഹ്യപ്രവര്‍ത്തകയായും അറിയപ്പെടുന്നു. പ്രോജക്ട് ഏഞ്ചല്‍ ഹുഡ് എന്ന പ്രസ്ഥാനം സ്ഥാപിച്ച് നിര്‍ധനരായവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നു. പീസ് അലയന്‍സ് എന്ന മറ്റൊരു പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയുമാണ് ഇവര്‍.

1979 ല്‍ ടെക്‌സസിലെ ഹ്യൂസ്റ്റണിലേയ്ക്ക് മടങ്ങിയെത്തിയ ഇവര്‍ അവിടെ ഒരു മെറ്റാഫിസിക്കല്‍ ബുക്ക് സ്റ്റോറും കോഫിഷോപ്പും ആരംഭിച്ചു. ഹോളിവുഡ് താരം കിംകാര്‍ഡേഷ്യന്‍ മുതല്‍ ഓപ്പറ വിന്‍ഫ്രി വരെ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിലെ അംഗമാണ് ഇവര്‍. 1992 ല്‍ ഇവര്‍ പ്രസിദ്ധീകരിച്ച എറിട്ടേണ്‍ ടു ലവ്  എന്ന പുസ്തകത്തില്‍ ആത്മീയ രൂപാന്തരത്തെകുറിച്ചും ഏറ്റവും വലിയ മാന്ത്രികത ജീവിതത്തില്‍ സ്‌നേഹത്തിന്റെ സാന്നിദ്ധ്യമാണെന്നും പറഞ്ഞു. 2011 മുതല്‍ ഓപ്പറയുടെ ടെലിവിഷന്‍ ഷോ സൂപ്പര്‍ സോള്‍ സണ്‍ഡേയില്‍ പ്രഭാഷണം നടത്തുന്നു. അവരുടെ സ്‌നേഹത്തില്‍ കേന്ദ്രീകൃതമായ ആത്മീയ മതത്തോട് ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ ജൂയിഷ് ടെലിഗ്രാഫിക് ഏജന്‍സിയോട് പറഞ്ഞു കുട്ടിയായിരിക്കുമ്പോള്‍ അവര്‍ ഒരു ഹീബ്രു സ്‌ക്കൂളില്‍ പഠനം നടത്തിയെന്ന്. ഇപ്പോഴും ജൂയിഷ് വിശേഷദിവസങ്ങളില്‍ അവര്‍ സിനഗോഗുകളില്‍ പോകാറുണ്ട്. വ്യത്യസ്തമായ വിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കില്‍ ഒരു റാബ്ബി ആകുമായിരുന്നു എന്നും പറഞ്ഞു. 2014 ല്‍ കാലിഫോര്‍ണിയ സംസ്ഥാന കോണ്‍ഗ്രസിലേയ്ക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1997 മുതല്‍ പൊതുവേദികളില്‍ രാഷ്ട്രീയത്തെകുറിച്ചാണ് പ്രസംഗിക്കുന്നത്.

വളരെ തിങ്ങി നിറഞ്ഞ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ മത്സരരംഗമാണ് ഉള്ളത്. വില്യംസണിന്റെ സാദ്ധ്യതകള്‍ രാഷ്ട്രീയപണ്ഡിതര്‍ വളരെ കുറച്ച് മാത്രമേ പ്രവചിക്കുന്നുള്ളൂ. എന്നാല്‍ അവരുടെ ശബ്ദം വ്യത്യസ്തമാണ്, സ്പഷ്ടമാണ്- പ്രത്യേകിച്ച് മതം, രാഷ്ട്രീയം, മത്സരം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍.

ലവ് ഗുരുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് റിപ്പബ്ലിക്കന്‍ ദാതാക്കളും സംഭാവന നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക