Image

പരിസ്ഥിതിയും മനുഷ്യനും (തോമസ് കളത്തൂര്‍)

തോമസ് കളത്തൂര്‍ Published on 09 July, 2019
പരിസ്ഥിതിയും  മനുഷ്യനും (തോമസ് കളത്തൂര്‍)
പ്രാചീന മനുഷ്യന്‍, വെള്ളം, തീ, കാറ്റ് എന്നീ പ്രകൃതി ശക്തികളെ  ഭയപ്പെട്ടിരുന്നു. അവയുടെ നശീകരണ യാത്രയില്‍ നിന്നും തങ്ങളെ രക്ഷിക്കാനായി  അവയോടു പ്രാര്‍ത്ഥനാ യാചനകള്‍ അര്‍പ്പിച്ചു തുടങ്ങി. ഉപദ്രവിക്കാതിരിക്കാന്‍  ആരംഭിച്ച പ്രാര്‍ത്ഥന, തങ്ങളുടെ മോഹ സാക്ഷാത്കാരത്തിന്  കൂടി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ  ഭക്തിയായി  പരിണമിച്ചു. ക്രമേണ , സാങ്കേതികതയും  അറിവും  വളര്‍ന്നതോടെ  പ്രകൃതിശക്തികളെ  ഉപയോഗിക്കാനും ആത്മവിശ്വാസവും അമിതവിശ്വാസവും  ആര്‍ജ്ജിക്കാനും  ഇടയായി.  ഒരു  ആധിപത്യ  മനസ്ഥിതിയുടെ  ആരംഭം  അവിടെ നിന്നാകാം;  മനുഷ്യ കേന്ദ്രീകൃത ലോക കാഴ്ചപ്പാടും. അതോടെ  തങ്ങള്‍ ഒഴിച്ചുള്ള ജൈവ വ്യവസ്ഥയുടെ  തന്നെ നശീകരണം  മനുഷ്യന് പ്രശ്‌നം അല്ലാതായി.     
             
മനുഷ്യ കേന്ദ്രീകൃതമായ  ഒരു ലോകത്തെ വിഭാവനം ചെയ്തു വളര്‍ന്ന മനുഷ്യന്‍,  ഇന്ന് ഒരു ജൈവ വ്യവസ്ഥയുടെ നിലനില്‍പ്പിന്റെ  ആവശ്യം മനസ്സിലാക്കി  തുടങ്ങി.  അതിന്,  തുടര്‍ച്ചയായും വിനാശിനികളായും  കടന്നു വന്ന്  അനേക ജീവനുകളെ  പ്രകൃതി അപഹരിക്കേണ്ടി  വന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  കടപുഴകി വീണു. മനുഷ്യനെ പറ്റിയുള്ള പൂര്‍ണമായ അറിവ്  സമ്പാദിക്കാന്‍ ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല.      അതുപോലെ പ്രകൃതിയെ സംബന്ധിച്ച  അവന്റെ അറിവും പരിമിതമാണ്.
                                                                                                    
പരിസ്ഥിതിയെ നിലനിര്‍ത്തുന്നത് ഒരു ജൈവ ശൃംഖലയാണ് ഈ ശൃംഖലയിലെ അവസാനത്തെ കണ്ണി ആവാം, മനുഷ്യന്‍ എന്നാല്‍  ജീവന്‍ പരിപാലിക്കാന്‍  ഏറ്റം കഴിവുറ്റവനും. പരിസ്ഥിതിയെയും  ജൈവ ലോകത്തെയും  പരിഗണിക്കുക വേണം .  കരുത്തും മാര്‍ദ്ദവവും ഉള്‍കൊള്ളുന്ന പ്രകൃതിയില്‍ ജൈവ വൈവിധ്യം നിലകൊള്ളുന്നു.  ഇവിടെ എല്ലാ ജീവികളും, ചരാചരങ്ങളും  ഈ ഭൂമിയുടെ  തുല്യ അവകാശികളായി  പുലരേണ്ടതു  പ്രകൃതിയുടെ ഇച്ഛയാണ്.  ദൈവവും  പ്രകൃതിയും  മനുഷ്യന്റെ  അടിസ്ഥാന ബാന്ധവങ്ങളാണ്.  അവയില്‍ നിന്ന് അകലാന്‍ ശ്രമിക്കുമ്പോള്‍  ആന്തരീകമായി  അപാകതകള്‍  സംഭവിക്കുന്നു.  അതുളവാക്കുന്ന  സമ്മര്‍ദ്ദങ്ങള്‍  ശരീരത്തെയും  സ്വഭാവത്തെയും  പ്രതികൂലമായി  ബാധിക്കാം.  പ്രകൃതിയുടെ  മൂലകങ്ങളാല്‍  നിര്‍മ്മിക്കപ്പെട്ട  ചരാചരങ്ങള്‍ക്കു പ്രകൃതിയുമായി  ഒരു പൊക്കിള്‍കൊടി ബന്ധം  ഉണ്ടായിരിക്കും. അദ്വൈതത്തിന്റെ  സൂക്ഷ്മ തലങ്ങളിലേക്ക്  ഇറങ്ങി  ചെല്ലുമ്പോള്‍,  'ഞാന്‍' എന്ന മനുഷ്യന്‍  സമസ്ത ലോകത്തിന്റെയും  ഒരു ഭാഗമാണെന്നും,  സമസ്ത ലോകവും 'തന്റെ'  ഭാഗമാണെന്നും  മനസ്സിലാകുന്നു. പഞ്ചേന്ദ്രിയങ്ങളാല്‍ അനുഭവിച്ചറിയാനാവില്ലെങ്കിലും, ഭൂമിക്കും അതിന്റെതായ ഒരു ഊര്‍ജ സഞ്ചയം നിലനില്‍ക്കുന്നു. മണ്ണില്‍ വിലയം പ്രാപിച്ച  ശരീരങ്ങള്‍ കതിര്‍ മണികള്‍ക്കു ബലം നല്‍കുമ്പോഴും, പരാഗങ്ങളില്‍ നിന്നും വിത്തുകളില്‍ നിന്നും സസ്യ ലതാതികള്‍ ഉയര്‍ന്നു വരുമ്പോഴും, ഈ ച)ക്രീയതയുടെ  അസ്തിത്വം  കാണുന്നു.   
                    
ഭൂമിയുടെ  ജൈവ സ്വഭാവത്തെ കണ്ടറിഞ്ഞ  ആചാര്യന്‍ 'മസ്‌നബു ഫുക്കുവോക്ക',     നിഷ്‌കര്‍മ കൃഷിയെ (ടു നതിങ്  ഫാമിങ്) പരിചയപ്പെടുത്തുന്നു.  മഹാത്മാ ഗാന്ധിയുടെ ഉപദേശം  'ഒന്നിനെയും  ബലം ഉപയോഗിച്ചു  ചെറുക്കരുതെന്നാണ്',  അങ്ങനെ  താള ഭഞ്ജനങ്ങള്‍ക്കു  കാരണമായി തീരരുത്.  പാരിസ്ഥിതിക സത്തക്ക് അഹിംസ സിദ്ധാന്തത്തെ അനിവാര്യമായി കാണുന്നു.  ഗാന്ധിജി  തന്റെ ആശ്രമത്തില്‍  പാമ്പും തേളും വരെ, എല്ലായിടത്തും  സ്വൈര്യ വിഹാരത്തിനു അനുവദിച്ചിരുന്നു.  ജൈവ സാഹോദര്യം ആയിരുന്നു,  ആ അഹിംസയുടെ  പ്രവാചകന്‍  കാട്ടി തന്നത്.    
                 
പാരിസ്ഥിതിക മനഃശാസ്ത്രം (ഇക്കോ സൈക്കോളജി) പറയുന്നത്, മാനസീക പ്രശ്‌നങ്ങളും പരിസ്ഥിതീക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു  എന്നാണ്.     പരിസ്ഥിതിയില്‍ സംഭവിക്കുന്ന  മാറ്റങ്ങളും ക്ഷതങ്ങളും  ജീവ ജാലങ്ങളുടെ  മാനസീക അവസ്ഥയെയും  ബാധിക്കുന്നു. അതിനാല്‍  ഈ പ്രപഞ്ചം ഒന്നായി കാണേണ്ടിയിരിക്കുന്നു. ജീവന്‍ എന്നത് ' കമ്പനം അഥവാ സ്പന്ദനം ' ആണ്. നമ്മുടെ ആന്തരീക ലോകവും ബാഹ്യ ലോകവും സ്പന്ദനം ചെയ്തു കൊണ്ടിരിക്കുന്നു.  നമ്മെ സംബന്ധിച്ചിടത്തോളം, ഈ ബാഹ്യ ആന്തരീക ലോകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന  ഏക ഘടകമാണ് 'നാം'. നമ്മിലേക്ക് കടന്നു വരുന്ന ഈ ആന്ദോളനങ്ങള്‍ നമ്മില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.  അതുപോലെ  നമ്മുടെ ഉള്ളില്‍ നിന്നും  പുറത്തേക്കു പോകുന്ന ആന്ദോളനങ്ങളില്‍  നമ്മുടെ ഉള്ളിലെ ചാഞ്ചാട്ടങ്ങളുടെ  സ്വാധീനം ഉണ്ടായിരിക്കും.    അങ്ങനെ വ്യക്തിയുടെ പ്രജ്ഞ(consciousness), സമൂഹ പ്രജ്ഞയെ  ബാധിക്കുന്നു  എന്ന് മനസിലാക്കാം.
                    
കുട്ടികളുടെ  ശാരീരിക മാനസീക വൈകല്യങ്ങള്‍ മാറ്റാന്‍ 'ഹോര്‍ട്ടി   കള്‍ച്ചര്‍  തെറാപ്പി 'ഉപയോഗിക്കുന്ന ചില സെന്റെരുകളെ  പറ്റി,  പത്തു  വര്ഷങ്ങള്ക്കു  മുന്‍പ് വായിക്കാന്‍ ഇടയായി.  വേഗത്തില്‍  ഫലം നല്‍കുന്ന  ചെടികള്‍  കൃഷി ചെയ്യിച്ചു,  കുട്ടികളുടെ മാനസികവും  ബുദ്ധി പരവുമായ  ശേഷി  വികസിപ്പിക്കുകയാണ്  ഹോര്‍ട്ടി  കള്‍ച്ചറല്‍  തെറാപ്പിയില്‍  ചെയ്യുന്നത്. മാനസീക സമ്മര്‍ദ്ദം അകറ്റാനും  പേശി  വികാസത്തിനും  സാമൂഹീക  ബന്ധം  വളര്‍ത്താനും  ഇത് ഏറെ  പ്രയോജന പ്രദമാണെന്ന്  പറയപ്പെടുന്നു.
                          
പരിസ്ഥതിക  നശീകരണത്തിന്റെ  തിക്ത ഫലങ്ങള്‍  നാം അനുഭവിച്ചു പഠിച്ചു കഴിഞ്ഞു.  മലിനീകരണം  ജൈവ വ്യവസ്ഥയെ തന്നെ  രോഗാതുരം  ആക്കി കൊണ്ടിരിക്കുകയാണ്.  രാസ പദാര്‍ത്ഥങ്ങളും  പ്ലാസ്റ്റിക് മലിനീകരണവും,  കുടി വെള്ളത്തെയും നദികളെയും കടലിനെയും  ജീവജാലങ്ങളെയും  ഒരുപോലെ  നശിപ്പിക്കുകയാണ്.  ശബ്ദം  വെളിച്ചം  ഇവയുടെ  സമയത്തും അസമയത്തും ഉള്ള  അമിതമായ  ഉപയോഗം,  പല ജീവികളുടെയും  വംശ നാശത്തിനു തന്നെ കാരണമായി തീരുന്നു. വൃദ്ധരുടെയും  കുഞ്ഞുങ്ങളുടെയും  മാനസീക നില തന്നെ  തെറ്റിക്കാന്‍ പര്യാപ്തവുമാണ്.
                          
മാധ്യമങ്ങളുടെ  അതിപ്രസരം സത്യവും അസത്യവും തിരിച്ചറിയാനാവാത്ത  വിധത്തില്‍  ലോകത്തെ മനോ വിഭ്രാന്തിയില്‍  ആക്കുകയാണ്.    ടെക്‌നോളജിയുടെ  വളര്‍ച്ച  മനുക്ഷ്യനെ  അതിന്റെ  വിധേയനും ആശ്രിതനും  ആക്കി മാറ്റുകയാണ്. വ്യക്തിത്വങ്ങള്‍  നഷ്ടപ്പെടുകയും,  മൂല്യങ്ങളും  മൃദുല വികാരങ്ങളും  അപ്രസക്തമാവുകയും  ചെയ്യുന്നു.  ഇങ്ങനെ  ഭൂമിയിലെ മാലിന്യങ്ങള്‍  ജീവനെയും ജീവിത നിലവാരത്തെയും  അപായ പെടുത്തുമ്പോള്‍,  മനുഷ്യനിലെ  മാലിന്യങ്ങള്‍  ഭൂമിയെ, ഭൂമിയുടെ ജൈവ വൈവിധ്യത്തെ   അപകടത്തില്‍ പെടുത്തുന്നു.  കൃഷിയെ സംരക്ഷിക്കാന്‍  കീട നാശിനി പ്രയോഗം  നടത്തുമ്പോള്‍,  പ്രകൃതിയുടെ  സ്വന്തമായ പ്രതീകരണ  ശക്തിയെയും, സൂക്ഷ്മവും  ചക്രീക സ്വഭാവുമുള്ള  പ്രവര്‍ത്തനങ്ങളെയും നിര്‍മാര്‍ജനം  ചെയ്യുക കൂടിയാണ്.    എല്ലാ  ജീവ ജാലങ്ങളെയും  അതിന്റെ തനിമയില്‍ സൂക്ഷിക്കേണ്ട  ധാര്മീകത നാം കാണിക്കണം.  ജൈവ വ്യവസ്ഥയെ  സാഹോദര്യ മനസ്സോടെ കാണുക,  സ്‌നേഹിക്കുക.  ലോകത്തെ അപകടത്തില്‍ പെടാതെ  സംരക്ഷിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക