Image

പിന്നാക്കക്ഷേമത്തിനായി എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയസംഘടന

Published on 30 April, 2012
പിന്നാക്കക്ഷേമത്തിനായി എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയസംഘടന
കോട്ടയം: എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ വിശാല ഹിന്ദു ഐക്യം ലക്ഷ്യമാക്കി കേരളാ പീപ്പിള്‍സ് ഫ്രണ്ട് (കെ.പി.എഫ്)എന്ന പേരില്‍ രാഷ്ട്രീയ സംഘടനയ്ക്ക് തുടക്കം. സംഘടന  പിന്നാക്ക -അധ:സ്ഥിത- പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.  

നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും മത-സവര്‍ണശക്തികള്‍ക്ക് അടിയറവു പറഞ്ഞിരിക്കുകയാണ്. പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങളുടെ പരാതി കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആരുമില്ല. ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി എന്‍എസ്എസും ഒന്നും ചെയ്തുകാണുന്നില്ല. നാല്‍പ്പതുശതമാനത്തിലേറെ വരുന്ന പിന്നാക്കക്കാരെ അവഗണിച്ചുകൊണ്ട് വിശാല ഹിന്ദു ഐക്യം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കേരളാ പീപ്പിള്‍സ് ഫ്രണ്ടിലേക്ക് എന്‍എസ്എസ് ഉള്‍പ്പെടെ ക്രിയാത്മകമായി പ്രതികരിക്കുന്ന എല്ലാ വിഭാഗങ്ങളെയും സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 
     
വൈകിയാണെങ്കിലും എന്‍എസ്എസ് ഇപ്പോള്‍ തിരിച്ചറിവിന്റെ പാതയിലാണ്. നാരായണപ്പണിക്കരെയും സുകുമാരന്‍ നായരെയും ഒരു പോലെ കാണാനാവില്ല. രണ്ടുപേരും രണ്ടച്ഛന്റെയും രണ്ടമ്മയുടെയും മക്കളാണെന്നും അദ്ദേഹം പറഞ്ഞു. മത സാമുദായിക ശക്തികളുടെ വിലപേശലിന് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുകയാണ്. മറ്റുള്ളവര്‍ തേങ്ങ ഉടയ്ക്കുമ്പോള്‍ സംഘടന കൊണ്ട് തങ്ങള്‍ ചിരട്ടയെങ്കിലും ഉടയ്ക്കട്ടെയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 
      
ആസൂത്രണകമ്മിഷന്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ പിന്നാക്ക പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്ന ആരുംതന്നെയില്ല. തിരുവിതാംകൂര്‍ ദേവസ്വം ബില്‍ മാറ്റിവച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്കുള്ള നീക്കമാണു നടക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെപ്പറ്റി എസ്എന്‍ഡിപിയുടെ നിലപാട് പിന്നീടറിയിക്കും. ആരു ജയിച്ചാലും തോറ്റാലും ഇരുമുന്നണികള്‍ക്കും ലാഭമോ നഷ്ടമോ ഇല്ല. പിണറായി വിജയന്‍ പോലും ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ മെയ്‌വഴക്കമുള്ള ഒരാളാണ് കേരളം ഭരിക്കേണ്ടത്. പക്ഷേ അഞ്ചാം മന്ത്രിസ്ഥാനത്തിന് വഴങ്ങിക്കൊടുക്കേണ്ടിവന്നത് മുഖ്യമന്ത്രിക്കു ക്ഷീണമായെന്നും അദ്ദേഹം പറഞ്ഞു. 
       
ഭൂമി, അധികാരം, തൊഴില്‍, സമ്പത്ത്, മികച്ച വിദ്യാഭ്യാസം എന്നീ അഞ്ചു മേഖലകളില്‍ അധ:സ്ഥിത വിഭാഗത്തിന് അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് മുന്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍ പറഞ്ഞു. രണ്ടാം ഭൂപരിഷ്‌കരണവും സ്വകാര്യമേഖലാ സംവരണവും പ്രത്യേക വ്യവസായമേഖലകളുടെ മാതൃകയില്‍ പിന്നാക്ക പ്രദേശങ്ങളില്‍ പ്രത്യേക വിദ്യാഭ്യാസമേഖലകളും വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക