Image

മലയാളി ബാലിക കാറിടിച്ചു മരിച്ച കേസില്‍ ഗ്വാട്ടിമാല സ്വദേശിക്കു 9 വര്‍ഷം തടവ്

Published on 09 July, 2019
മലയാളി ബാലിക കാറിടിച്ചു മരിച്ച കേസില്‍ ഗ്വാട്ടിമാല സ്വദേശിക്കു 9 വര്‍ഷം തടവ്
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: പത്തു വര്‍ഷം മുന്‍പ് മലയാളി ബാലിക ലിസ സേവ്യര്‍ കാറിടിച്ചു മരിച്ച കേസില്‍ ഗ്വാട്ടിമാല സ്വദേശി ഷാനന്‍ സ്റ്റീവന്‍ ഫോക്‌സിനെ ഒന്‍പതു വര്‍ഷം തടവിനു ശിക്ഷിച്ചു. സംഭവത്തിനു ശേഷം ഗ്വാട്ടിമാലയിലേക്കു കടന്ന ഫോക്‌സിനെ നീണ്ട നിയമ യുദ്ധത്തിനു ശേഷം കഴിഞ്ഞ വര്‍ഷം എഫ്.ബി.ഐ. അമേരിക്കയിലേക്കുതിരികെ കൊണ്ടു വരികയായിരുന്നു.

വാഹനം ഉപയോഗിച്ചുള്ള കൊലപാതകം എന്ന ചാര്‍ജ് ഫോക്‌സ് (33) കോടതിയില്‍ എതിര്‍ത്തില്ല.

2009 നവംബര്‍ 12-നു ആറു വയസുള്ള ലിസയുമായി പിതാവ് ചാള്‍സ് സുരേഷും മാതാവ് ഷിജി വര്‍ഗീസും അവരുടെ ടൊയോട്ട കാമ്രിയില്‍ മെന്‍ലോ പാര്‍ക്കില്‍ വില്ലോ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു.

ജംക്ഷനില്‍ വച്ച് അമിത വേഗതയില്‍ മല്‍സരിച്ച് പാഞ്ഞു വന്ന രണ്ട് കാറുകളിലൊന്ന് ഇവരുടെ കാറില്‍ ഇടിച്ചു. ടൊയോട്ട കാമ്രിക്കും ഫോക്‌സ് ഓടിച്ച മസ്റ്റാംഗിനും വലിയ കേടുപാടുണ്ടായി. ഗുരുതരമായി പറ്റുക്കേറ്റ ലിസയെ ആശുപത്രിയിലെത്തീച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിജി വര്‍ഗീസിനും പരുക്കേറ്റു. ചാള്‍സ് സുരേഷ് പരുക്കില്ലാതെ രക്ഷപ്പെട്ടു.

അപകടത്തിനു ശേഷം മല്‍സര ഓട്ടം നടത്തിയ രണ്ടു ഡ്രൈവര്‍മാരും സ്ഥലം വിടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക