Image

ഒത്തുതീര്‍പ്പ് കരാറിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Published on 30 April, 2012
ഒത്തുതീര്‍പ്പ് കരാറിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ അധികൃതരും മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിനു വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്കെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ലെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

കേസിലുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യന്‍ നിയമവ്യവസ്ഥയെ പരാജയപ്പെടുത്താന്‍ കരാറില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ജസ്റ്റിസുമാരായ ആര്‍.എം.ലോധയും എച്ച്.എല്‍. ഗോഖലെയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

അതേസമയം, കപ്പല്‍വിട്ടു കൊടുക്കുന്ന കാര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരും ഉടമകളും രണ്ടുതട്ടിലാണ്. മറീനുകളെ ഹജരാക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍. ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ വാദം തുടരും

മരിച്ചവരുടെ കുടുംബത്തിന്റെ ഭാവിയെ ഓര്‍ത്താണ് ഒത്ത് തീര്‍പ്പ് വ്യവസ്ഥ ഉണ്ടാക്കിയതെന്ന് ഹൈക്കോടതിയിലെ ഡോറയുടെ അഭിഭാഷകന്‍ അഡ്വ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സമീപകാല ചരിത്രത്തിലെ ഏറ്റവും നല്ല വ്യവസ്ഥകളിലൊന്നായിരുന്ന കപ്പല്‍ കമ്പനിയുമായി ഉണ്ടാക്കിയതെന്നും ഡോറയുടെ അഭിഭാഷകന്‍ പറഞ്ഞു. 

അതേസമയം ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമായാണ് കക്ഷികള്‍ ചേര്‍ന്ന് കടലിലെ വെടിവയ്പ് കേസ് പരാജയപ്പെടുത്താന്‍ ശ്രമം നടത്തിയതെന്ന് അഡ്വക്കേറ്റ് പി.ജി തമ്പി ആരോപിച്ചു. ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താനുള്ള ഗൂഢശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക