Image

ആരുഷി വധം: നൂപുറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

Published on 30 April, 2012
ആരുഷി വധം: നൂപുറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
ന്യൂഡല്‍ഹി: ആരുഷി- ഹേംരാജ് ഇരട്ടക്കൊലക്കേസിലെ പ്രതിയും ആരുഷിയുടെ അമ്മയും ദന്തഡോക്ടറുമായ നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. സുപ്രീംകോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഗാസിയാബാദിലെ വിചാരണ കോടതിയിലെത്തി ഇന്നലെ രാവിലെയാണ് നൂപുര്‍ കീഴടങ്ങിയത്. കീഴടങ്ങലിനൊപ്പം നൂപുര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

നൂപുര്‍ തല്‍വാറിനെതിരേ വിചാരണക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് റദ്ദാക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി, കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും ഗാസിയാബാദ് കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് നൂപുര്‍ തല്‍വാറിനുവേണ്ടി അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തു. സ്ത്രീയാണെന്നത് ജാമ്യം നല്‍കാനുള്ള അടിസ്ഥാനമായി കണക്കാക്കാനാകില്ലെന്ന് സിബിഐ വാദിച്ചു. നേരത്തെ കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവുകള്‍ ഇവര്‍ അനുസരിച്ചിട്ടില്ലെന്നും ഹീനമായ ഇരട്ടക്കൊലപാതകമാണ് പ്രതിയുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും സിബിഐ വാദിച്ചു. തുടര്‍ന്നു ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.

ദസ്‌നാ ജയിലിലായിരുന്നു തിങ്കളാഴ്ച രാത്രി നൂപുര്‍ കഴിച്ചുകൂട്ടിയത്. ഇന്നും ജാമ്യാപേക്ഷ തള്ളിയാല്‍ നൂപുറിന്റെ അഭിഭാഷകര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയും അപേക്ഷ നിരസിച്ചാല്‍ പിന്നെ സുപ്രീംകോടതി മാത്രമാകും നൂപുറിന്റെ പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക