Image

വെല്‍കം ടൂ യൂനിവേഴ്‌സിറ്റി കോളജ്: ബാലചന്ദ്ര മേനോന്‍

Published on 12 July, 2019
വെല്‍കം ടൂ യൂനിവേഴ്‌സിറ്റി കോളജ്: ബാലചന്ദ്ര മേനോന്‍
Balachandra Menon: FB

വരുന്ന വെള്ളിയാഴ്ച 'filmy Fridays'ല്‍ ഞാന്‍ പരാമര്‍ശിക്കുന്നത് എന്റെ യൂണിവേഴ്‌സിറ്റി കോളേജ് ജീവിതമാണ് ...
മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ അടക്കം എത്രയോ പ്രതിഭകളെ വാര്‍ത്തെടുത്ത ആ കലാലയത്തില്‍ പഠിക്കാനും അവിടുത്തെ ചെയര്‍മാനായി 'വിലസുവാനും' എനിക്ക് കിട്ടിയ അവസരം ഒരു ഭാഗ്യമായെ ഞാന്‍ കാണുന്നുള്ളൂ .
എന്നാല്‍ ആ കോളേജിലെ രാഷ്ട്രീയത്തിന് ഒരു അപകടസൂചന കൂടിയുണ്ട് എന്ന് കൂടി കൂട്ടി വായിക്കണം .രാവിലെ കുളിച്ചു പരീക്ഷ എഴുതാന്‍ ചെല്ലുന്ന ഒരു കോളേജ് യൂണിയന്‍ ഭാരവാഹി കോളേജ് ഗേറ്റു കടക്കുമ്പോള്‍ എതിരേല്‍ക്കുന്നതു ഓര്‍ക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിള്‍ ചെയിന്‍ കൊണ്ടുള്ള ഇരുട്ടടി ആയിരിക്കും . അതിന്റെ കാരണം അറിയുന്നത് വൈകുന്നേരമായിരിക്കും .അതാവട്ടെ തലേ ദിവസം കാസര്‍ഗോഡ് കോളേജില്‍ നടന്ന ഒരു കുടിപ്പകയുടെ പകരം വീട്ടലായിരിക്കും . എങ്ങനുണ്ട്?

എന്നാല്‍ സത്യം പറയട്ടെ , എനിക്ക് അങ്ങിനെ ഒരു പീഡനം ഉണ്ടാകാഞ്ഞതും ഭാഗ്യമെന്നേ പറയേണ്ടു... പക്ഷെ എന്നില്‍ ഒരു ആജ്ഞാശ്ശക്തി അന്തര്‌ലീനമായിട്ടുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞതും യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ചാണ് . നമുക്ക് നേരെ ചീറിപ്പാഞ്ഞു വരുന്ന ഒരു ആനയെ നോക്കി സര്‍വ്വ ശക്തിയും സമാഹരിച്ചു ആക്രോശിച്ചാല്‍ ആന വിരണ്ടു നില്കുന്നത് ഞാന്‍ പിന്നീട് പല വീഡിയോയിലും കണ്ടിട്ടുണ്ട് . ഞാന്‍ ചെയര്‍മാന്‍ ആയിരിക്കെ നടന്ന ഒരു ചടങ്ങില്‍ സഖാവ്
ഇ .എം .എസ് ആയിരുന്നു മുഖ്യാതിഥി .ഒരു പക്ഷെ ഞാന്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു വേദി അദ്ദേഹവുമായി പങ്കിട്ട ഒരേ ഒരു സന്ദര്‍ഭവും അതായിരിക്കണം .

മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞുകഴിഞ്ഞപ്പോള്‍ ആവശ്യമില്ലാതെ ഒരു ക്രമാസമാധാന പ്രശ്‌നമുണ്ടായി . അത്യാവശ്യം കല്ലേറും ഉന്തും തല്ലും ഒക്കെ ചേര്‍ന്ന ഒരു മസാല . പുറത്തു നിന്നിരുന്ന പോലീസുകാര്‍ കൂടി ആയപ്പോള്‍ സംഗതി കുശാലായി . കോളേജിന്റെ ഒരു അടഞ്ഞ ബാല്‍ക്കണിയില്‍ നിന്ന എന്നെ ലാക്കാക്കി ഒരു ഭീമാകാരന്‍ പോലീസ് ചീറിപ്പാഞ്ഞു വരുന്നത് ഞാന്‍ കണ്ടു . എന്നാല്‍ എനിക്കെങ്ങോട്ടും ചാടിപ്പോകാനാവില്ല . ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കാനേ കഴിയുള്ളൂ .അടി ഉറപ്പു തന്നെ . ചെയര്‍മാനായാലും അടി കൊണ്ടാല്‍ നോവുമല്ലോ .ആ നിമിഷം എന്നിലും ഒരു ആവേശം നിറഞ്ഞു എന്നാലാവുന്ന തരത്തില്‍ ഞാന്‍ അലറി വിളിച്ചു :
'എന്നെ തൊട്ടു പോകരുത്....'
ആ ഗര്‍ജ്ജനത്തിനു മുന്നില്‍ പോലീസുകാരന്റെ ലാത്തി അറിയാതെ താണത് എങ്ങിനെ എന്ന് എനിക്കും ഇന്നും വിശ്വാസം വരുന്നില്ല . പക്ഷെ കാക്കിക്കുള്ളിലെ ആ മനുഷ്യ സ്‌നേഹിയെ ഇപ്പോള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കാതെ വയ്യ .മരിച്ചു പോയ എന്റെ സഹപാഠി ലെനിന്‍ രാജേന്ദ്രന്‍ ആ സംഭവത്തെപ്പറ്റി തമാശയായി പറഞ്ഞു പരത്തിയത് എനിക്കോര്‍മ്മയുണ്ട് ...

'യൂണിവേഴ്‌സിറ്റി കോളേജിലെ ചെയര്‍മാന്‍ ആയിരുന്നിട്ടു പോലീസിന്റെ ഒരു തല്ലു പോലും കൊള്ളാതെ രക്ഷപെട്ട ഒരാള്‍ ബാലചന്ദ്ര മേനോന്‍ മാത്രമായിരിക്കും . ഞാന്‍ ഇപ്പോഴും കരുതുന്നത് അടിക്കാന്‍ വന്ന പൊലീസിന് വേണ്ടി ഒന്നുകില്‍ മേനോന്‍ ഒരുപാട്ടു പാടി കാണും ; അല്ലെങ്കില്‍ ഒരു മിമിക്രി കാണിച്ചു കാണും . ആ ഗ്യാപ്പില്‍ അടികൊള്ളാതെ രക്ഷപെട്ടുക്കാണും '

WELCOME TO UNIVERSITY COLLEGE !

that's ALL your honour.......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക