Image

മഞ്‌ജു വാര്യര്‍ ആദിവാസികള്‍ക്ക്‌ വീട്‌ നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ വഞ്ചിച്ചെന്ന പരാതിയില്‍ ഒത്തുതീര്‍പ്പ്‌

Published on 15 July, 2019
മഞ്‌ജു വാര്യര്‍ ആദിവാസികള്‍ക്ക്‌ വീട്‌ നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ വഞ്ചിച്ചെന്ന പരാതിയില്‍ ഒത്തുതീര്‍പ്പ്‌


കല്‍പ്പറ്റ: ആദിവാസി കുടുംബങ്ങള്‍ക്ക്‌ വീടുവെച്ച്‌ നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി നടി മഞ്‌ജു വാര്യര്‍ വഞ്ചിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കി. വീടുവെച്ചു നല്‍കാന്‍ സര്‍ക്കാരിന്‌ 10 ലക്ഷം രൂപ നല്‍കുമെന്ന്‌ മഞ്‌ജു വാര്യര്‍ പറഞ്ഞു. 

ഈ വിഷയത്തില്‍ ഇനിയും നാണക്കേട്‌ സഹിക്കാന്‍ വയ്യെന്നും താരം സര്‍ക്കാരിന്‌ അയച്ച കത്തില്‍ വ്യക്തമാക്കി. പദ്ധതി നടപ്പാക്കാനുള്ള തുക കണ്ടെത്താന്‍ ഒറ്റയ്‌ക്ക്‌ സാധിക്കില്ലെന്നാണ്‌ കത്തിലെ വിശദീകരണം. കോളനിയിയുടെ നവീകരണത്തിനായി മൂന്നര ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചെന്നും കത്തില്‍ പറയുന്നു.

വയനാട്‌ പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക്‌ വീട്‌ നിര്‍മ്മിച്ച്‌ നല്‍കാമെന്ന്‌ മഞ്‌ജൂ വാര്യരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതു സംബന്ധിച്ച്‌ വയനാട്‌ ജില്ലാ കലക്ടര്‍ക്കും പട്ടികജാതി-വര്‍ഗ വകുപ്പ്‌ മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത്‌ നല്‍കിയിരുന്നു.

പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്‌ജു വാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെ നടത്തിയിരുന്നു. മഞ്‌ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന്‌ പനമരം പഞ്ചായത്ത്‌ ഭരണസമിതിയോഗം ചേര്‍ന്ന്‌ പദ്ധതി അംഗീകരിച്ചു. 

അതിനു ശേഷം അവര്‍ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പ്രദേശത്ത്‌ വ്യാപക നാശനഷ്ടമുണ്ടായെന്നും പ്രദേശത്തുകാര്‍ക്കായി മഞ്‌ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്‌ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത്‌ അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാര്‍ ആരോപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന്‌ നടിക്കെതിരെ പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിക്ക്‌ പരാതി നല്‍കിയിരുന്നു. കേസില്‍ ഈ മാസം 15ന്‌ നടി നേരിട്ടു ഹാജരാകണമെന്ന്‌ അതോറിട്ടി നടിക്ക്‌ നോട്ടീസ്‌ നല്‍കുകയും ചെയ്‌തിരുന്നു. 


ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്‌ജു ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ 15ന്‌ നിര്‍ബന്ധമായും ഹാജരാകണമെന്ന്‌ ഡി.എല്‍.എസ്‌.എ നോട്ടീസില്‍ മഞ്‌ജു വാര്യരോട്‌ ആവശ്യപ്പെടുകയായിരുന്നു.

വയനാട്‌ പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക്‌ വീട്‌ നിര്‍മിച്ച്‌ നല്‍കാമെന്ന്‌ മഞ്‌ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്‌ദാനം നല്‍കിയെന്നും ഇതുവരെ അത്‌ പാലിച്ചില്ലെന്നുമായിരുന്നു കോളനി നിവാസികളുടെ പരാതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക