Image

കുമ്മനം രാജശേഖരനും, ജോസ് കോലത്തും കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ Published on 15 July, 2019
കുമ്മനം രാജശേഖരനും, ജോസ്  കോലത്തും കൂടിക്കാഴ്ച നടത്തി
മുന്‍ മിസോറാം ഗവര്‍ണറും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കളിലൊരാളുമായ ശ്രീ. കുമ്മനം രാജശേഖരനെ  ലോക കേരള സഭ അംഗം ശ്രീ. ജോസ്  കോലത്ത് കോഴഞ്ചേരി തിരുവനന്തപുരത്തു ബിജെപി സംസ്ഥാന ഓഫീസില്‍ സന്ദര്‍ശിക്കുകയുണ്ടായി.

വറ്റിവരണ്ടു കൊണ്ടിരിക്കുന്നതും, മാലിന്യങ്ങള്‍ നിറഞ്ഞതുമായ നമ്മുടെ ജലശ്രോതസ്സുകളെ അടിയന്തിരമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു വിഷയം.  കേരളത്തിലെ 44 നദികളും വറ്റി വരണ്ടു കൊണ്ടിരിക്കയാണ്.
സത്വര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍, ഇന്ന് ചെന്നൈ നഗരം  അനുഭവിക്കുന്ന ജലദൗര്‍ലഭ്യം കേരളത്തിന് വിദൂരമല്ല എന്ന് ശ്രീ. കുമ്മനം രാജശേഖരന്‍ ഊന്നിപ്പറഞ്ഞു. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുണ്യ നദിയായ പമ്പയില്‍ നിന്ന് തുടങ്ങണമെന്നാണ് തന്റെ സ്വപ്നം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, മണ്ണിടിച്ചില്‍ തടഞ്ഞു നദിയെ സംരക്ഷിക്കുന്നതിനും, നദീതടങ്ങള്‍ ഹരിതാഭമാക്കി പ്രകൃതിയെ സംരക്ഷിക്കുന്നതിനും മുളങ്കൂട്ടങ്ങള്‍ വച്ചുപിടിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും അഭിപ്രായപ്പെട്ടു.
പമ്പയില്‍ നിന്ന് തുടങ്ങുന്ന ഈ പദ്ധതി വിപുലീകരിച്ചു എല്ലാ നദികളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയും, അതോടൊപ്പം മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരണവും നടത്തി പ്രകൃതിയെയും വരും തലമുറയേയും സംരക്ഷിക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം എന്ന് ശ്രീ. രാജശേഖരന്‍ പറഞ്ഞു.

കേരളത്തിനകത്തും  പുറത്തും വേരുകളുള്ള അനേകം മലയാളി സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന  വ്യക്തി എന്ന നിലയിലും, കോഴഞ്ചേരിയില്‍ പമ്പാ നദിക്കരയില്‍ ജനിച്ചുവളര്‍ന്നയാള്‍ എന്ന നിലയിലും  ഈ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ വളരെ സന്തോഷമുണ്ടെന്ന് കോലത്ത് പറഞ്ഞു.   ഈ കൂടിക്കാഴ്ച ജോസ് കോലത്തിനു   ബിജെപി യുമായുള്ള അടുത്ത ബന്ധം കൂടിയാണല്ലോ ചൂണ്ടിക്കാണിക്കുന്നത് എന്ന ചോദ്യത്തിന്,  "വര്‍ഷങ്ങള്‍ക്കു മുമ്പ് ആറന്മുള ബാലാശ്രമത്തില്‍ നിന്ന് ആരംഭിച്ച സൗഹൃദമാണ് ശ്രീ. കുമ്മനം രാജശേഖരനുമായിട്ടു ഉള്ളതെന്നും, അത് ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും അതീതമാണെന്നും  ആയിരുന്നു മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക