Image

അമേരിക്കയിലെ ശിവഗിരി ആശ്രമം, മഹാഗുരുവിലേക്കുള്ള തീര്‍ത്ഥാടനം (പ്രസാദ് കൃഷ്ണന്‍)

Published on 15 July, 2019
അമേരിക്കയിലെ ശിവഗിരി ആശ്രമം, മഹാഗുരുവിലേക്കുള്ള തീര്‍ത്ഥാടനം  (പ്രസാദ് കൃഷ്ണന്‍)
ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ അമേരിക്കയിലെ  പ്രഥമ ആശ്രമ ശാഖ സ്ഥാപിതമാകുകയാണ് . ഈ വരുന്ന ഓഗസ്റ്റ് 17 ന്  ടെക്‌സസ്സിലെ  ഡാളസ് നഗരത്തിനോട് ചേര്‍ന്ന ഗ്രാന്‍ഡ് പ്രയറിയിലെ  വിശാലമായ ആശ്രമ ഭൂമി , ലോകത്തെമ്പാടുമുള്ള ഗുരുദേവഭക്തരുടെ ആനന്ദാശ്രുക്കളാല്‍ അഭിഷിക്തമായ ആദ്യ ശിലാ  ഖണ്ഡം സ്‌നേഹവായ്‌പോടെ  ഹൃദയത്തിലേറ്റുവാങ്ങുമ്പോള്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാകുകയാണ് നാം ഓരോരുത്തരും . ഭേദചിന്തകള്‍ക്കതീതമായി  മനുഷ്യ മനസ്സുകളെ ചേര്‍ത്തു നിര്‍ത്തുന്ന മഹത്തായ ആ ദര്‍ശനത്തിന്റെ പ്രകാശം പാശ്ചാത്യ ലോകത്തിലേക്ക് പ്രസരിപ്പിക്കുന്നതിനൊപ്പം  നോര്‍ത്ത് അമേരിക്കയിലെ ഗുരുദേവ ഭക്തര്‍ക്ക് ശ്രീനാരായണ ഗുരുദേവനെ അറിയുന്നതിനും ,  അനുഭവിക്കുന്നതിനും , ആരാധിക്കുന്നതിനും  ഉപയുക്തമായ അര്‍ത്ഥസമ്പൂര്‍ണ്ണമായ ഒരു ആശ്രമാന്തരീക്ഷം ...... അതാണ് മഠം വിഭാവനം ചെയ്യുന്നത്.

ശിവഗിരി മഠം ഭാരതത്തിന് പുറത്തുള്ള പ്രഥമ ആശ്രമ ശാഖ അമേരിക്കയില്‍ സ്ഥാപിക്കുമ്പോള്‍ അതൊരു നാഴികക്കല്ലാണ് . ഒപ്പം ഒരു നിയോഗവും .അമേരിക്കയിലെ ഭൗതിക സാമൂഹിക  സാഹചര്യങ്ങള്‍ക്ക് അനുഗുണമായി നിന്നു കൊണ്ട് സര്‍വ്വതലസ്പര്‍ശിയായ   ആ  ദര്‍ശനത്തിന്റെ അന്തസ്സത്ത ലോക ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുവാന്‍   ആശ്രമത്തോടനുബന്ധിച്ചു വിശാലമായ ലൈബ്രറി, പബ്ലിക്കേഷന്‍ ഡിവിഷന്‍ , തുടര്‍ പഠനങ്ങള്‍ക്കുള്ള സ്ഥിരം സംവിധാനം ,  ഗവേഷണം ,   യോഗ, മെഡിറ്റേഷന്‍ സെന്റര്‍..എന്നിവ പ്രവര്‍ത്തന സജ്ജമാകും . ഒപ്പം ഗുരു വിഭാവനം ചെയ്തത് പോലെ മണ്ണിനെയും, മനുഷ്യനെയും പ്രകൃതിയെയും ഒരേ പോലെ സ്‌നേഹിച്ചു , പരിപാലിക്കുവാന്‍ ഉതകും വിധമുള്ള സാമൂഹിക സേവന പദ്ധതികളിലൂടെ   അമേരിക്കന്‍ പൊതുമനസ്സിനെ ആകര്‍ഷിക്കുവാനും ഈ മഹാദൗത്യത്തിലൂടെ സാധിക്കും .   അങ്ങനെ ഏവരെയും ഒപ്പം   ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഗുരുവിലേക്ക് എത്തിക്കുക എന്ന അതി വിശിഷ്ടമായ ഒരു കര്‍മ്മമാണ് ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്ക  ഏറ്റെടുത്തിരിക്കുന്നത് .

ശിവഗിരി മഠത്തിന്റെ .ഈ മഹാ സംരംഭത്തിന്   നേതൃത്വം നല്‍കുവാന്‍  ഗുരുനിയോഗം ലഭിച്ചത്  ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി കൂടിയായ ശ്രീമദ്  ഗുരുപ്രസാദ് സ്വാമിജിക്കാണ് . ദൗത്യ പൂര്‍ത്തീകരണത്തിനായി   അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആ സന്യാസി ശ്രേഷ്ഠന്  അമേരിക്കയിലെയും   ഭാരതത്തിന്റെ  വിവിധ ദേശങ്ങളിലെയും ഗുരുഭക്തര്‍  നല്‍കുന്ന ഊര്‍ജ്ജവും പ്രചോദനവും വാക്കുകള്‍ക്കതീതമാണ്. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ , കുടുംബ കൂട്ടായ്മകള്‍ , ആശ്രമ ബന്ധുക്കള്‍  എവിടെയും ഭഗവാന്റെ  അദൃശ്യമായ ആ  കരസ്പര്‍ശം സുകൃതികളായ ആത്മ സഹോദരങ്ങളിലൂടെ അനുഭവിച്ചറിയുമ്പോള്‍ സ്വാഭാവികമായും ഗുരുധര്‍മ്മത്തില്‍ വിശ്വസിക്കുന്ന പ്രവാസികളായ ഓരോരുത്തരും  ആഗ്രഹിക്കുന്നത് എത്രയും വേഗം ഒരേ മനസ്സോടെ ആ ലക്ഷ്യപൂര്‍ത്തീകരണത്തിലേക്ക് നടന്നടുക്കണമെന്നാണ്.

പ്രിയപ്പെട്ടവരേ ...... നമുക്കേവര്‍ക്കും  ഒരു സാഫല്യത്തിന്റെ മുഹൂര്‍ത്തമാണ് വരുവാന്‍ പോകുന്നത് .

Join WhatsApp News
ഡോ.ജയരാജു.എം 2019-07-15 22:00:59
 വളരെ നന്നായി വിവരങ്ങൾ നൽകിയിട്ടുണ്ട്.

അഭിനന്ദനങ്ങൾ
ഡോ.ജയരാജു.എം
ചെയർമാൻ മീഡിയ
ജി.ഡി.പി. എസ്
രാജിലൻ എം.സി 2019-07-15 22:27:37
ചരിത്രത്തിലെ നിർണ്ണായകമായ  വഴിത്തിരിവാണ് US ൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമം ശാഖ
പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഒഴുകി എത്തിയ ആശയങ്ങൾ കിഴക്കിന്റെ നാൾവഴികളിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു . തനിക്ക് സന്യാസം നൽകിയത് സായിപ്പാണെന്ന് ഗുരു പറഞ്ഞ നർമ്മം ആ ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് . ഇന്നത്തെ ഈ ആശ്രമം ഗുരു അന്നേ ദീർഘദർശനം ചെയ്തതിനാലാകണം തന്റെ പടിഞ്ഞാറൻ ശിഷ്യന് "ടൈ" സന്യാസ വസ്ത്രമായി നൽകിയത് .
ഭൗതിക നേട്ടങ്ങളുടെ പൂർണ്ണതയിൽ എത്തുന്ന ഒരു സമൂഹത്തിന് വളർച്ചയുടെ ചക്രം പൂർത്തിയാക്കാൻ ആത്മീയത ആവശ്യമാണെന്ന് ഗുരു പഠിപ്പിച്ചിരുന്നു.
സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന്റെ അനിവാര്യ പാഠങ്ങളുമായി ഗുരുദർശനം കിഴക്കുനിന്നും പടിഞ്ഞാറേക്ക് ഒഴുകുന്നതിന്റെ ആദ്യ ചുവടു വയ്പാണ് ഇത് . അതാണ് ഈ ആശ്രമത്തിന്റെ ചരിത്ര പ്രാധാന്യം. 
അതിന് ഈ നിയോഗിച്ചത് കർമ്മയോഗിയായ ഗുരുപ്രസാദ് സാമിയെയാണ് . പുഞ്ചിരി നിറഞ്ഞ പ്രസന്നതയും കുളിർ തെന്നൽ പോലെയുള്ള വാക്കുകൾക്കും ഉള്ളിൽ കാരിരുമ്പിന്റെ ഉറപ്പുള്ള ഒരു മനസ്സാണ് ഗുരുപ്രസാദ് സ്വാമിയുടെ മൂലധനം . US ൽ ആശ്രമം എന്ന ആശയത്തിന്റെ വിത്ത് മനസ്സിൽ മുളച്ച നിമിഷം മുതൽ അവധാനതയോടെയും സൂക്ഷമതയോടെയും കൃത്യതയോടെയും സ്വാമിജി നടപ്പാക്കിയ കർമ്മ പരിപാടിയുടെ വിജയകരമായ ഒന്നാം ഘട്ടം പൂർത്തിയാകുന്നു .
സ്വാമിജിയെ ആദരപൂർവ്വം പ്രണമിക്കുന്നു. സ്വാമിജിയുടെ കർമ്മകാണ്ഡത്തിന് കരുതലായി നിൽക്കുന്ന ശിവഗിരി മഠത്തിലെ എല്ലാ ഗുരുക്കൻമാർക്കും പ്രണാമം .
മനസ്സിൽ ഒളിപ്പിച്ച ആശ്രമ സ്വപനങ്ങളുമായി ഒരു തീർത്ഥാടന സംഘവുമായി ഗുരുപ്രസാദ് സ്വാമി US മണ്ണിൽ കാലുകുത്തിയപ്പോൾ അതിൽ ഒരാളാകാൻ മഹാഗുരു ഈ എളിയവനും അവസരം നൽകി . സമ്പത്തിനേക്കാൾ സമർപ്പണത്തിന് ഗുരു നൽകിയ സമ്മാനമായിരുന്നു ആ തീർത്ഥാടന സംഘത്തിൽ പങ്കാളിയാകാനുള്ള അവസരം. മഹാഗുരുവിനെ പ്രണമിക്കുന്നു. ഗുരുപ്രസാദ് സ്വാമിജിയോട് വാക്കുകൾക്ക് അതീതമായ നന്ദി പ്രകാശിപ്പിക്കുന്നു
ഈ മഹത്തായ ആശയത്തിനു വേണ്ടി വിയർപ്പൊഴുക്കുന്ന എന്റെ ആത്മ സഹോദരങ്ങളെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്നറിയില്ല . 
നിങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുകയല്ല ചരിത്രം നിർമ്മിക്കുകയാണ്. പാശ്ചാത്യ ലോകത്തിന്റെ ആത്മീയ വഴികളിൽ ശ്രീനാരായണഗുരുദർശനം സൂര്യതേജസ്സോടെ പ്രകാശംപരത്തി പുതിയ തലമുറകൾക്ക് വെളിച്ചമാകുമ്പോൾ അതിനായി അരണികടത്തവരായി നിങ്ങൾ മാറിയിരിക്കുന്നു .
അഭിനന്ദനങ്ങൾ ആത്മ സഹോദരങ്ങളെ
നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മഹാഗുരു വഴിതെളിക്കട്ടെ
ഗുരുപ്രസാദ് സ്വാമിജി വഴി നയിക്കട്ടെ ശിവഗിരി മഠം കരുതലായി കൂടെ നിൽക്കട്ടെ
നിങ്ങളുടെ മഹാപ്രയാണം വിജയത്തിൽ എത്തുമ്പോൾ പുതിയ ചരിത്രം പിറക്കട്ടെ
നന്ദി
രാജിലൻ എം.സി
കൊല്ലം



വിദ്യാധരൻ 2019-07-15 23:19:47
യോട്ട് ക്ളബ്ബുകളുടെ പിന്നിൽ ഒരു കഥയുണ്ട് . പണ്ടൊരു കപ്പല്‍ഛേതം ഉണ്ടായി അന്നൊരു മുക്കവൻ അവന്റെ തോണിയുമായി അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ പോയി അനേകരെ രക്ഷിച്ചു . ആ അഴിമുഖം സാധാരണ കപ്പലപകടം ഉണ്ടാകുന്ന ഒരു ഇടമായിരുന്നു . വീണ്ടും അവിടെ ഒരപകടം ഉണ്ടായപ്പോൾ കൂട്ടുകാരനും സുഹൃത്തിനെ സഹായിക്കാൻ അയാളുടെ തോണിയുമായി പോയി . അങ്ങനെ അവരുടെ സംഘം വളരുന്നു . പിന്നെ അതിന് ഒരു പ്രസിഡണ്ടുണ്ടായി , സെക്രട്ടറി ഉണ്ടായി അത് ഒരു തോണികളുടെ ക്ളബ്ബായി , യോട്ട് ക്ലബ്ബായി പലതായി പിരിഞ്ഞു അതാണ് ഇന്ന് നാം കാണുന്ന യോട്ടു ക്ളബ്ബുകളുടെ കഥ. 

ശ്രീനാരായണ ഗുരുവിനെ എനിക്കിഷ്ടമാണ് . ആദ്ധത്തിന്റ ജീവിതശൈലികൾ മനുഷ്യ ജാതിയെ ഒന്നിപ്പിക്കാൻ പോരുന്നവയാണ് . ഇന്ന് പല ആചാര്യന്മാരും മനുഷ്യജാതിയുടെ ഒരുമയ്ക്കായി വിഭാവനം ചെയ്തത്, വിഭജിക്കുകയാണ് ചെയ്യുന്നത് . അങ്ങനെ സംഭവിക്കാതിരിക്കട്ടെ 

ജാതിനിർണ്ണയം

 ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?
Tr Shaiju k babu 2019-07-16 09:54:50
All the very best.Om sreenarayana parama gurave namaha.
Anthappan 2019-07-16 10:09:33
There is some point in What Vidyadharan wrote.  Every religion is spending millions of dollars to build churches, temples, synagogues, and something like this to propagate their religion rather than focusing on the message the teachers intended for  Does any of this do any good?  It is actually bringing division, fight for power and position.  These are involved with lots of money.  

“It’s good to have money and the things that money can buy, but it’s good, too, to check up once in a while and make sure that you haven’t lost the things that money can’t buy.” —George Lorimer

Sudhir Panikkaveetil 2019-07-16 10:39:57
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 
എന്ന് പഠിപ്പിച്ച സ്വാമിയെ അദ്ദേഹം ജനിച്ച 
ജാതിയിൽ ബന്ധിപ്പിച്ചിരിക്കുന്നു. ആ സമൂഹക്കാർ 
അദ്ദേഹത്തെ പൂജിക്കുന്നു. മറ്റുള്ളവരും അദ്ദേഹത്തെ ഈഴവ സ്വാമിയായി കരുതുന്നു. എന്തൊരു വിരോധാഭാസം.
മരിച്ചവർക്ക് തിരിച്ചുവരാൻ കഴിഞ്ഞാൽ 
അങ്ങനെ സ്വാമി തിരിച്ചുവന്നാൽ 
ഈ അക്രമം അദ്ദേഹം എങ്ങനെ നേരിടും.
ഒരു ഗവേഷണത്തിന് സ്കോപ് ഉണ്ട്. 
  I agree with Anthappan and Vidhyadharan.
"Every religion is spending millions of dollars to build churches, temples, synagogues, and something like this to propagate their religion rather than focusing on the message the teachers intended for  Does any of this do any good?  It is actually bringing division, fight for power and position.  These are involved with lots of money. " 
"ശ്രീനാരായണ ഗുരുവിനെ എനിക്കിഷ്ടമാണ് . ആദ്ധത്തിന്റ ജീവിതശൈലികൾ മനുഷ്യ ജാതിയെ ഒന്നിപ്പിക്കാൻ പോരുന്നവയാണ് . ഇന്ന് പല ആചാര്യന്മാരും മനുഷ്യജാതിയുടെ ഒരുമയ്ക്കായി വിഭാവനം ചെയ്തത്, വിഭജിക്കുകയാണ് ചെയ്യുന്നത് . അങ്ങനെ സംഭവിക്കാതിരിക്കട്ടെ"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക