Image

എസ്എഫ്ഐയെ ന്യായീകരിക്കാന്‍ കഷ്ടപ്പെടുന്ന ദീപാ നിശാന്തുമാര്‍; ഇത് എസ്എഫ്ഐയെ കടത്തിവെട്ടുന്ന ഇന്‍റലക്ച്വല്‍ ഗുണ്ടായിസം

കലാകൃഷ്ണന്‍ Published on 16 July, 2019
എസ്എഫ്ഐയെ ന്യായീകരിക്കാന്‍ കഷ്ടപ്പെടുന്ന ദീപാ നിശാന്തുമാര്‍; ഇത് എസ്എഫ്ഐയെ കടത്തിവെട്ടുന്ന ഇന്‍റലക്ച്വല്‍ ഗുണ്ടായിസം

സാക്ഷര കേരളത്തിന്‍റെ ഏറ്റവും വലിയ ശാപം നവബുദ്ധിജീവികളാണ് എന്ന യഥാര്‍ഥ്യം ഒരോ സംഭവങ്ങളിലായി വെളിപ്പെടുകയാണ്. സുകുമാര്‍ അഴിക്കോടിന് മലയാളി നല്‍കിയ രാഷ്ട്രീയ സാമൂഹിക വിമര്‍ശനത്തിന്‍റെ ജിഹ്വ എന്ന പദവി ദീപാ നിശാന്തുമാര്‍ ഏറ്റെടുക്കുമ്പോള്‍ വലിയ വീഡ്ഡിത്തവും അനീതിയുമാണ് സാംസ്കാരിക കേരളത്തില്‍ സംഭവിക്കുന്നത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ കത്തിക്കുത്ത്. 
എന്താണ് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ വിവാദം എന്ന് ചുരുക്കത്തില്‍ പരിശോധിക്കാം. 
യൂണിവേഴ്സിറ്റി കോളജ് പതിറ്റാണ്ടുകളായി എസ്എഫ്ഐയുടെ ഏകാധിപത്യത്തിന് കീഴിലാണ്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലമേല്‍ എന്‍.എസ്.എസ് കോളജില്‍ നിന്ന് അക്കാദമിക് ആവശ്യങ്ങള്‍ക്കായി യൂണിവേഴ്സിറ്റി കോളജ് ക്യാംപസിലെത്തി കെഎസ്യു നേതാവിനെ യാതൊരു കാരണവുമില്ലാതെ പിടികൂടി മര്‍ദ്ദിച്ച് അയാളുടെ പുറത്ത് കത്തി കൊണ്ട് എസ്എഫ്ഐ എന്ന് ചാപ്പകുത്തി വിട്ട അതേ യൂണിവേഴ്സിറ്റി കോളജ്. 19 വര്‍ഷത്തിന് ഇപ്പുറം കത്തിക്ക് കുത്താന്‍ കെഎസ്യുക്കാരനെയും എബിവിപിക്കാരനെയും വഴി പോക്കനായിപ്പോലും യൂണിവേഴ്സിറ്റി കോളജിന്‍റെ പരിസരത്ത് കിട്ടാനില്ല. പക്ഷെ നമ്മള്‍ നടത്തുന്ന എല്ലാ അടിപിടികളും കത്തിക്കുത്തുകളും നല്ലൊരു നാളെയുടെ ശരികളാണ് എന്ന് പാര്‍ട്ടിക്ലാസുകളില്‍ പറഞ്ഞ് പഠിപ്പിച്ച് വളര്‍ത്തിയെടുക്കുന്ന കുട്ടി സഖാക്കള്‍ക്ക്, തലക്ക് കഞ്ചാവ് മൂക്കുമ്പോള്‍ ആരെയെങ്കിലും കുത്തണം. അതിനിപ്പോ മറ്റു പാര്‍ട്ടിക്കാരെ കിട്ടിയില്ലെങ്കില്‍ മാനം മര്യാദക്ക് നടക്കുന്ന എസ്എഫ്ഐക്കാരനെ തന്നെ കുത്തിയാലും മതി. അങ്ങനെയാണ് ഇപ്പോഴുള്ള സംഭവം നടക്കുന്നത്. കോളജില്‍ എന്തോ പാട്ട് പാടിയെന്ന പേരിന് സിപിഎം പ്രവര്‍ത്തകന്‍റെ മകനും എസ്എഫ്ഐക്കാരനുമായ വിദ്യാര്‍ഥിയെ കുത്തിമലര്‍ത്തി. അതും നെഞ്ചത്ത് തന്നെ കഠാര കുത്തിയിറക്കി. 
ഈ സംഭവം നടന്നതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്ക് നേരെ ഉണ്ടായി. ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് ഒരു പെണ്‍കുട്ടി എസ്എഫ്ഐ നേതാക്കളുടെ പീഡനം കാരണം ആത്മഹത്യക്ക് ശ്രമിച്ച സംഭവമുണ്ടായത്. ആത്മഹത്യ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട വിദ്യാര്‍ഥിനി ഇപ്പോള്‍ മറ്റൊരു കോളജിലേക്ക് പഠനം മാറ്റി രക്ഷപെട്ടു.  എസ്എഫ്ഐ വണ്ടൂര്‍ ഏരിയാ പ്രസിഡന്‍റ് കൂടിയായിരുന്ന ഒരു സഖാവ് തന്നെ കഴിഞ്ഞ വര്‍ഷം ഇപ്പോഴത്തെ കുത്ത് കേസിലെ പ്രതികളായിരുന്ന എസ്എഫ്ഐക്കാര്‍ തന്നെ ഓടിച്ചിട്ട് തല്ലിയ കഥ വെളിപ്പെടുത്തി. പ്രളയദുരിതാശ്വാസ ഫണ്ട് എസ്എഫ്ഐ നേതാക്കള്‍ അടിച്ചുമാറ്റിയത് ചോദ്യം ചെയ്തതിനാണ് ഇയാളെ ഓടിച്ചിട്ട് തല്ലി കാലൊടിച്ചത്.
ഇതുപോലെ കുത്തും കൊലവിളിയും നടക്കുന്ന തികച്ചും അരാജക സ്വഭാവമുള്ള ഒരു ഗുണ്ടാ രാജാണ് യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐക്കുള്ളത്. 
ഇതെല്ലാം പുറത്ത് അറിയുമ്പോഴും നമ്മുടെ മുന്‍ എസ്എഫ്ഐക്കാര്‍, ബുദ്ധിജീവികള്‍, സാഹിത്യനായകന്‍മാര്‍, ഫേസ്ബുക്ക് നവചിന്തകര്‍ തുടങ്ങിയവര്‍ എസ്എഫ്ഐ വാഴ്ത്തുപാട്ടുകള്‍ നടത്തുകയാണ്. കത്തിക്കുത്ത് ഉണ്ടാക്കിയ എസ്എഫ്ഐക്കാരെ പുറത്താക്കിയ സംഘടനാ നേതൃത്വത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് അവര്‍. 
ദിപാ നിശാന്തും, സുനില്‍ പി ഇളയിടവും അശോകന്‍ ചെരുവിലുമൊക്കെ പറയുന്നത് കത്തിക്കുത്ത് നടത്തിയ എസ്എഫ്ഐക്കാരെ പുറത്താക്കിയ എസ്എഫ്ഐ നേതൃത്വത്തിന്‍റെ നടപടി അസല്ലായിപ്പോയി. ഇതോടെ ഇതാ എസ്എഫ്ഐ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് തങ്കക്കുടം പോലെയൊരു എസ്എഫ്ഐയാണ് എന്നൊക്കെയാണ്. 
അപ്പോഴും ഒരു വിദ്യാര്‍ഥിയെ കുത്തിമലര്‍ത്തിയതിനെ ഒരക്ഷരം കൊണ്ട് പോലും അപലപിക്കാന്‍ അവനോട് അനുഭാവം പ്രകടിപ്പിക്കാന്‍ ഈ ദീപാ നിശാന്തും ഇളയിടവും സമയം കണ്ടെത്തിയിട്ടില്ല.  ഈ കുത്ത്കാരനായ ഗുണ്ടയായ എസ്എഫ്ഐ നേതാവ് ഒരു സുപ്രഭാതത്തില്‍ കത്തിയുമെടുത്ത് ഇറങ്ങിയവനല്ല. അവന്‍ എത്രയോ നാളായി എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്. ഈ പ്രസ്ഥാനത്തില്‍ നിന്ന് കിട്ടിയ ധൈര്യമാണ് അവനെ കത്തിയെടുക്കുന്നവനും കുത്തുന്നവനുമാക്കിയത്. അതിന് ആ പ്രസ്ഥാനത്തിന് ഉത്തരവാദിത്വമുണ്ട്. ്അപ്പോള്‍ അത് അടിമുടി പുഴുക്കുത്ത് ഏറ്റ നിലയില്‍ തന്നെയാണ്. അതിന്‍റെ ശുദ്ധികലശം ഒരു കുത്ത്കേസിലെ പ്രതികളെ പുറത്താക്കിയത് കൊണ്ടായില്ല. അവരെ ഇത്രനാളും സംരക്ഷിച്ച ജില്ലാ സംസ്ഥാന നേതാക്കളും ഇതിന് വ്യക്തമായി ഉത്തരം പറഞ്ഞേ മതിയാകു. ഇവരെ സംരക്ഷിച്ച സിപിഎം ഉത്തരം പറഞ്ഞേ മതിയാകു. അപ്പോള്‍ മാത്രമേ ജനാധിപത്യപരമായി ഇടതുപക്ഷം സ്വയം തിരുത്താന്‍ തയാറായി എ്ന്ന് കരുതാന്‍ കഴിയു. 
എന്നാല്‍ അതിലേക്കുള്ള ചോദ്യങ്ങളല്ല ഈ കപട ബുദ്ധിജീവികള്‍ ഉയര്‍ത്തുന്നത്. അവര്‍ ഇപ്പോഴും ഏതൊക്ക് വഴിക്ക് ഊ ഗുണ്ടാപ്പണിയെ ന്യായീകരിക്കാം എന്ന ആലോചനയിലും പ്രവൃത്തിയിലുമാണ്. ഇത്തരം തലയുടെ വെളിവ് നഷ്ടപ്പെട്ട ഗ്ലാമര്‍ മോഹികള്‍ മാത്രമായ ബുദ്ധിജീവികള്‍ ചെയ്യുന്നത് എസ്എഫ്ഐ ഗുണ്ടായിസത്തേക്കാള്‍ മോശമായ പ്രവര്‍ത്തനങ്ങളാണ്. 
പണ്ട് ഒരു ബീഫ് വിവാദം വന്ന നാളില്‍ ദീപാ നിശാന്ത് എന്ന അധ്യാപിക പറഞ്ഞ ചരിത്രപ്രസിദ്ധമായ ഡയലോഗുണ്ട്. നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്ന ആളുകള്‍ പാടത്ത് പണിയെടുക്കുന്നത് കൊണ്ടാണ് വെജിറ്റേറിയന്‍മാരായ ആളുകള്‍ ഭക്ഷണം കഴിക്കുന്നത് എന്ന്. അന്നേ ഇവര്‍ കോളജ് പ്രൊഫസറാണോ എന്ന് ആളുകള്‍ സംശയം ഉന്നയിച്ചതാണ്. ഇമ്മാതിരി തീരുമണ്ടത്തരങ്ങളാണ് ഇന്നത്തെ ബുദ്ധിജീവികളില്‍ നിന്ന് പുറത്ത് വരുന്നത്. ദിപാ നിശാന്തുമാര്‍ ബുദ്ധിജീവികളാകുന്ന കാലത്ത് എസ്എഫ്ഐക്കാര്‍ എസ്എഫ്ഐക്കാരെ മാത്രമല്ല ചിലപ്പോള്‍ തനത്താന്‍ കുത്തി കുടല് പുറത്തിടുന്നത് കാണേണ്ടി വരും. അതുകൊണ്ടു തന്നെ ആദ്യം അവസാനിപ്പിക്കേണ്ടത് ഇത്തരം ഇന്‍റലക്ച്വല്‍ ഗുണ്ടായിസം തന്നെയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക