Image

ബൈബിളിനും നികുതി ചുമത്തേണ്ടി വരുമോ? (പകല്‍ക്കിനാവ് 157: ജോര്‍ജ് തുമ്പയില്‍)

Published on 16 July, 2019
ബൈബിളിനും നികുതി ചുമത്തേണ്ടി വരുമോ? (പകല്‍ക്കിനാവ് 157: ജോര്‍ജ് തുമ്പയില്‍)
ബൈബിളിനു നികുതി കൊടുക്കേണ്ടി വരുമോ? ലോക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെങ്കിലും അമേരിക്കയില്‍ അത്തരമൊരു ടാക്‌സ് വരുമെന്ന ആശങ്കയിലാണ് ക്രൈസ്തവ വിശ്വാസികള്‍. അമേരിക്കയില്‍ വിതരണം ചെയ്യുന്ന ബൈബിളില്‍ ഭൂരിഭാഗവും ചൈനയിലാണ് അച്ചടിക്കുന്നത്. അവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും അടുത്തിടെ നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതില്‍ പ്രസിദ്ധീകരണങ്ങളെയും പുസ്തകങ്ങളെയും ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ലക്ഷക്കണക്കിനു കോപ്പികള്‍ വിതരണം ചെയ്യുന്ന ബൈബിളിനും ഇത്തരത്തില്‍ ഇറക്കുമതി ചുങ്കം നല്‍കേണ്ടിവരുമോയെന്ന ആശങ്ക ശക്തിപ്പെട്ടത്. ഇക്കാര്യത്തില്‍ വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകുന്നുണ്ടെങ്കിലും നിലവില്‍ ഇക്കാര്യത്തില്‍ യാതൊരു തീരുമാനനവും കൈക്കൊണ്ടിട്ടില്ല. അങ്ങനെ വിലക്കയറ്റമുണ്ടായാല്‍ വിപണിയില്‍ നിന്നും ബൈബിളിന്റെ വിതരണം ഇപ്പോഴത്തേതിനെ അപേക്ഷിച്ചു നാലിലൊന്നായി കുറഞ്ഞേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതിനോട് വിവിധ മത മേലധ്യക്ഷന്മാര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ മൗനം തുടരുകയാണ്.

ഡോണള്‍ഡ് ട്രംപിന്റെ ചൈനീസ് വിരുദ്ധ നടപടികള്‍ തുടരുകയാണെങ്കില്‍ ക്രൈസ്തവ വിശ്വാസികള്‍ രൂക്ഷമായ വിധത്തില്‍ പ്രതികരിച്ചേക്കുമെന്നു സൂചനയുണ്ട്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കവേ ഇത്തരമൊരു നടപടിയിലേക്ക് ട്രംപ് കടക്കില്ലെന്നാണ് കരുതുന്നത്. പ്രിന്റിങ് വ്യവസായത്തില്‍ ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ചൈന. ഇവിടെ നിന്നാണ് അമേരിക്കയിലേക്കുള്ള ബൈബിള്‍ വിതരണത്തിന്റെ ഭൂരിഭാഗവും അച്ചടിക്കുന്നത്. ബൈബിളിനു വേണ്ട പ്രത്യേക രീതിയിലുള്ള പ്രിന്റിങ് സാങ്കേതിക വിദ്യയും നിര്‍മമാണത്തിനാവശ്യമായ മാനവശേഷിയും താരതമ്യേന വലിയ തോതിലുള്ള ചിലവു കുറവും ചൈനയിലാണെന്നതാണ് ഇതിനു കാരണം. അമേരിക്കയിലെ പ്രമുഖരായ രണ്ടു ബൈബിള്‍ പ്രസാധകന്മാര്‍ സൊന്‍ഡര്‍വാനും തോമസ് നെല്‍സണുമാണ്. ഇവര്‍ രണ്ടും ഹാര്‍പ്പര്‍ കോളിന്‍സിന്റെ ഉടമസ്ഥതയിലുള്ളതും. ചൈനയില്‍ നിന്നുമുള്ള അച്ചടി നിര്‍ത്തലാക്കിയാല്‍ ബൈബിളിന്റെ ഇപ്പോഴത്തെ വിലയില്‍ 75 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടാവുക. അമേരിക്കയിലെ ബൈബിള്‍ വിപണിയുടെ 38 ശതമാനവും ഹാര്‍പ്പര്‍  കോളിന്റസിന്റെ കൈയിലാണുള്ളത്. ഇത് ഏതാണ്ട് 150 മില്യണിനു മുകളില്‍ വരും. വിവിധ ക്രൈസ്തവ സഭകളിലേക്ക് വര്‍ഷം തോറും ലക്ഷക്കണക്കിനു ബൈബിളാണ് ആവശ്യമായി വരുന്നത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് വന്‍നികുതി ചുമത്തുമെന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കെതിരേ ഹാര്‍പ്പര്‍കോളിന്‍സ് ക്രിസ്ത്യന്‍ പബ്ലീഷിങ് പ്രസിഡന്റും സിഇഒയുമായ മാര്‍ക്ക് ഷോന്‍വാള്‍ഡ് രംഗത്തു വന്നു കഴിഞ്ഞു. ട്രംപ് എന്തായാലും അമേരിക്കന്‍ വിശ്വാസികള്‍ക്കിടയില്‍ ഒരു ബൈബിള്‍ ടാക്‌സ് ഏര്‍പ്പെടുത്തുകയില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

2018-ല്‍ എന്‍പിഡി ബുക്ക് സ്കാന്‍, പബ്ട്രാക്ക് ഡിജിറ്റല്‍ എന്നിവയുടെ ഉടമസ്ഥരായ എന്‍പിഡി ഗ്രൂപ്പ് 5.7 മില്യന്‍ പ്രിന്റ് ബൈബിളുകളാണ് യുഎസില്‍ മാത്രം വിറ്റഴിച്ചത്. എന്നാല്‍ ഇതു കണക്കില്‍ മാത്രമുള്ള കാര്യമാണ്. ഇതിന്റെ നാലിരട്ടിയോളം വരും പ്രസാധകര്‍ നേരിട്ട് വിവിധ സഭകള്‍ക്കു നല്‍കിയത്. യുഎസിലെ ഏറ്റവും മുന്‍പന്തിയില്‍ വില്‍ക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍. 2018-ല്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ രണ്ടാമത്തെ ഗ്രന്ഥം മിഷേല്‍ ഒബാമയുടെ ബിക്കമിങ് എന്ന പുസ്തകമായിരുന്നു. ഇതാവട്ടെ, 3.5 മില്യണ്‍ കോപ്പികള്‍ മാത്രമാണ് വിറ്റഴിച്ചത്. ചൈനയില്‍ അച്ചടിക്കുന്ന എല്ലാത്തരം പുസ്തകങ്ങള്‍ക്കും പുതിയ നികുതി ബാധകമാവുമെന്നാണു സൂചന. എന്നാല്‍ കുട്ടികളുടെ പുസ്തകങ്ങളെയും ബൈബിളിനെയുമാണ് ഇതു കാര്യമായി ബാധിക്കുക. കാരണം, ഇവയ്ക്കു രണ്ടുമുള്ള പ്രത്യേകതരം പ്രിന്റിങ്ങുകള്‍ അമേരിക്കയിലെ പല പ്രാദേശിക പ്രസുകള്‍ക്കും ഇല്ല. ഇവയെല്ലാം തന്നെ കൈകാര്യം ചെയ്യുന്നത് ചൈനയിലെ വന്‍കിട പ്രസുകളാണ്. അതു കൊണ്ടു തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പേ അമേരിക്കന്‍ ബൈബിള്‍ പ്രസാധകര്‍ തങ്ങളുടെ അച്ചടി ജോലികള്‍ ചൈനീസ് പ്രസുകൡലേക്കു മാറ്റിയിരുന്നു. ലോകത്തിലെ ആഗോള ബൈബിള്‍ പ്രസിദ്ധീകരണത്തിന്റെ പകുതിയും ചൈനയിലാണ് നടക്കുന്നതെന്നും വിശ്വാസികള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന ബൈബിള്‍ പോലെയുള്ള ഗ്രന്ഥങ്ങളുടെ വില വന്‍തോതില്‍ കൂട്ടിയാല്‍ വിശ്വാസി സമൂഹത്തെ അതു സാരമായി ബാധിക്കുമെന്നും ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ പബ്ലീഷേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും സിഇഒ-യുമായ സ്റ്റാന്‍ ജാന്‍സ് അഭിപ്രായപ്പെട്ടു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ചുങ്കം വന്‍ തോതില്‍ ഉയര്‍ത്തിയാല്‍ വന്‍വിലക്കയറ്റമാണ് ഉണ്ടാവുക. ഇതാവട്ടെ, ബൈബിള്‍ വിപണിയുടെ നാലിലൊന്നു തന്നെ ഇല്ലാതാക്കിയേക്കുമെന്നും അതു ക്രൈസ്തവ വിശ്വാസികളെ വലിയ തോതില്‍ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റി, ബിബ്ലിക്ക നിലവില്‍ 55 രാജ്യങ്ങളില്‍ ബൈബിള്‍ വിതരണം നടത്തുന്നുണ്ട്. ഇവരുടെ ബൈബിള്‍ അച്ചടിയുടെ 72 ശതമാനവും ചൈനയില്‍ നിന്നാണ്. ബൈബിളിനു നികുതി ചുമത്തുകയെന്നത് ജനാധിപത്യവിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നു ബിബ്ലിക്ക പ്രസിഡന്റ് ജെഫ് മോറിന്‍ പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ കാര്യമായ വിട്ടുവീഴ്ചയ്ക്കു തയ്യാറായെങ്കിലേ ടാക്‌സ് സംവിധാനത്തില്‍ മാറ്റമുണ്ടാകു. ഇറക്കുമതിച്ചുങ്കം വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ, ബൈബിള്‍ പോലെയുള്ള ഗ്രന്ഥങ്ങളെ നികുതി സംവിധാനത്തില്‍ നിന്നൊഴിവാക്കണം. ഇല്ലെങ്കില്‍, ട്രംപ് ഭരണകൂടമേ, ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക