Image

ജപ്തി (കവിത ബിജു)

Published on 16 July, 2019
ജപ്തി (കവിത ബിജു)
പൂത്തമോഹങ്ങള്‍ ഇളകുന്ന
പുളകത്തിലേക്ക്
ഒളിച്ചുകയറിയ കാറ്റാണ്
ചൂളം കുത്തിപ്പറഞ്ഞത്
നാളെയാണ് ജപ്തിയെന്ന്!

കേട്ടപാതി
കേള്‍ക്കാത്തപാതി
തളര്‍ന്നു വീണതാണ് വീട് !

വാര്‍ത്തകേട്ട് പകച്ച്,
വീടിനു ചുറ്റുംഎരിഞ്ഞ
 അതേനില്പില്‍തന്നെയാണ് പകല്‍!

മുറ്റത്തെ മാങ്കൊമ്പില്‍
ഇളകിയാടുന്ന ചില്ലകളോട്
കലപിലകൂട്ടി പറന്നുവന്ന പറവകള്‍
സ്വകാര്യം പറഞ്ഞു,
ഇളകുന്നതൊക്കെ
ജപ്തിചെയ്യുമെത്രെ!

നാളെ ജപ്തിക്കാളുവരും ,
കാണാന്‍ നാട്ടാരുംകൂടും !
കാഴ്ചക്കാര്
മൂക്കത്ത് കൈവെച്ച്
സങ്കടം തുടച്ചു കളയും

ജപ്തിക്കാര്
ഇളകുന്നതൊക്കെ
തിരഞ്ഞുപിടിച്ച് മുറ്റത്ത് നിരത്തുമത്രേ!
പൂവിരിഞ്ഞ എന്റെമനസും
സ്ഥാവരജംഗമ വസ്തുക്കള്‍ക്കിടയില്‍
പെട്ട് പൊടിഞ്ഞുപോകുന്നത്
കാണാന്‍ ശക്തിയില്ലാത്തോണ്ടാ
ഞാനെന്റെ കണ്ണുകള്‍ ഇറുക്കി അടച്ചത് !

അല്ലെങ്കിലും
കണ്ണടച്ചിരുട്ടാക്കുന്നവരുടെ ലോകത്ത്
 കണ്ണ് തുറന്നിരുന്നിട്ടെന്താ കാര്യം ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക