യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ അക്രമങ്ങള്‍ക്കെതിരെ കെഎസ്യു നടത്തുന്ന പ്രതിഷേധം ആളിപ്പടരുന്നു. നിലവില്‍ യൂണിവേഴ്സിറ്റി കോളജ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് നിരാഹാരസമരം നടത്തുകയാണ്. ഇതിന്റെ ബാക്കിയായി ഇന്ന് കെഎസ്യു നടത്തിയ സമരങ്ങള്‍ സെക്രട്ടറിയേറ്റ് വരെയെത്തി. സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ മതില് ചാടിക്കടന്ന് സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലേക്കുള്ള വാതിലിനു മുന്നില്‍ പോലീസ് ഇവരെ തടഞ്ഞു. ആണ്‍കുട്ടികളെ പോലീസ് നീക്കിയെങ്കിലും വനിതാ പോലീസ് ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പെണ്‍കുട്ടി ഇവിടെ നിന്ന് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി തന്റെ പ്രതിഷേധം അടയാളപ്പെടുത്തി. തുടര്‍ന്ന് വനിതാ പോലീസ് എത്തിയ ശേഷമാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് മാറ്റിയത്.
കെഎസ്യു സംസ്ഥാന സെക്രട്ടറിയായ ശില്പയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പില്‍ വരെ സമരമുദ്രാവാക്യവുമായി എത്തിയത്. അസാധാരണമാംവിധം സമരവീര്യം പ്രകടിപ്പിച്ച ശില്പ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.