Image

തച്ചങ്കരിയ്‌ക്ക്‌ ആരു മണി കെട്ടും ?

ജി.കെ Published on 08 July, 2011
തച്ചങ്കരിയ്‌ക്ക്‌ ആരു മണി കെട്ടും ?
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐജി ടോമിന്‍.ജെ.തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. തിരിച്ചെടുക്കുമെങ്കിലും തച്ചങ്കരിക്കെതിരായ അന്വേഷണം തുടരുമെന്നൊരു അനുബന്ധം കൂടി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയുണ്ടായി.

അന്വേഷണം തുടരുന്നുവെങ്കില്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനെന്താണിത്ര തിടുക്കമെന്നു ചോദിക്കുന്നവര്‍ തച്ചങ്കരിയുടെ `പിടിപാട്‌' അറിയാത്ത മന്ദബുദ്ധികളാണെന്നേ പറയാനാവൂ. സ്വയം അന്വേഷണം നേരിടുന്ന ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ എങ്ങിനെയാണ്‌ ജനങ്ങളുടെ പരാതികള്‍ അന്വേഷിക്കുക എന്നു ചോദിച്ചാല്‍ കഥയില്‍ ചോദ്യമില്ലെന്നാവും മുഖ്യമന്ത്രിയുടെ മറുപടി.

അല്ലെങ്കിലും ലക്ഷം കോടിയുടെ അഴിമതിക്കഥകള്‍ കേട്ട്‌ കാതു തഴമ്പിച്ച ജനങ്ങള്‍ക്ക്‌  ആരോപണമെല്ലാം നിസാരമായി തള്ളിക്കളയാവുന്നതേയുള്ളൂ. അല്ലെങ്കില്‍ തന്നെ പറയാന്‍ മാത്രം ഇത്രവലിയ കുറ്റമെന്താണ്‌ തച്ചങ്കരി ചെയ്‌തത്‌?. ഇരുന്നയിരിപ്പില്‍ ചുമ്മാതൊന്ന്‌ വിദേശത്തുപോയി. എന്നിട്ട്‌, വിദേശത്തു നിന്ന്‌ ഡിജിപിയെ വിളിച്ച്‌ അവധിക്ക്‌ അപേക്ഷിച്ചു. മറ്റൊരു രാജ്യത്തെ ഇന്ത്യന്‍ അംബാസിഡറെക്കണ്ട്‌ ഔദ്യോഗികമല്ലാത്ത ശുപാര്‍ശകള്‍ നടത്തി തുടങ്ങിയ ചില്ലറക്കാര്യങ്ങള്‍ ചെയ്‌തതാണോ ഇത്ര പെരുപ്പിച്ച്‌ കാട്ടുന്നത്‌.

ഈ ചെറിയ കുറ്റത്തിനാണ്‌ പ്രതികാര രാഷ്‌ട്രീയത്തിന്റെ ആശാനെന്ന്‌ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും രഹസ്യമായി പറയുന്ന വി.എസ്‌. അച്യുതാന്ദനെന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ ഈ പാവം മനുഷ്യനെ മൂക്കു കൊണ്ട്‌ `ക്ഷ, ങ്ങ' വരപ്പിക്കുന്നത്‌. എല്ലാം അതിവേഗം ബഹുദൂരം ചെയ്യണമെന്ന്‌ നിര്‍ബന്ധമുള്ള ഉമ്മന്‍ ചാണ്ടിക്ക്‌ ഒരുകാര്യവും വെച്ചു താമസിപ്പാകാനാവില്ല എന്ന്‌ വി.എസ്‌ ഇനി എന്നാണ്‌ തിരിച്ചറിയുക. തച്ചങ്കരിക്കെതിരായ അന്വേഷണം തുടരുകയാണെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പറഞ്ഞാല്‍ പോലും സസ്‌പെന്‍ഷന്‍ തീര്‍ന്നാലുടന്‍ ആരായാലും തിരിച്ചെടുക്കണമെന്ന്‌ അദ്ദേഹത്തിന്‌ നിര്‍ബന്ധമാണ്‌. അല്ലെങ്കില്‍ അതിവേഗം ബഹുദൂരത്തില്‍ വെള്ളം ചേര്‍ത്തുവെന്ന്‌ നാളെ ഈ വി.എസ്‌ തന്നെ പറയും. അതിന്‌ ഇടകൊടുക്കാനാവില്ല. ഇനി ഈ വിഷയത്തില്‍ ഒരു സര്‍വകക്ഷിയോഗം വിളിക്കാനുള്ള സമയവുമില്ല. അതുകൊണ്ടടാക്കെ തന്നെയാണ്‌ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കുഞ്ഞൂഞ്ഞ്‌ യെസ്‌ മൂളിയത്‌.

തിരിച്ചെടുക്കുമ്പോള്‍ ഒറ്റക്കാര്യത്തിലേ ഉമ്മന്‍ ചാണ്ടിക്ക്‌ നിര്‍ബന്ധമുള്ളു. മുള്ളിനെ മുള്ളുകൊണ്ട്‌ എടുക്കണം. അതുകൊണ്ടാണ്‌ പോലീസിലെ ക്രമിനലുകളൊക്കൊണ്ട്‌ പൊറുതിമുട്ടിയിരിക്കുമ്പോള്‍ തന്നെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്‌. മണിച്ചെയിന്‍ തട്ടിപ്പ്‌ കേസിലും മാധ്യമപ്രവര്‍ത്തകനെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട്‌ വധിക്കാന്‍ ശ്രമിച്ച കേസിലുമെല്ലാം പ്രതികളായ പോലീസുകാരെ നയിക്കാന്‍ കുറഞ്ഞപക്ഷം ഒരു തച്ചങ്കരിയെങ്കിലും വേണമെന്ന്‌ ഉമ്മന്‍ ചാണ്ടിക്ക്‌ നന്നായി അറിയാം. അല്ലാതെ കാര്യങ്ങള്‍ വെച്ചു താമസിപ്പിച്ച്‌ `വെടക്കാക്കി തനിക്കാക്കുന്ന' വി.എസ്‌. ശൈലിയൊന്നും തന്നെക്കൊണ്ടു പറ്റില്ലെന്ന്‌ കുഞ്ഞൂഞ്ഞ്‌ പറയുന്നത്‌.

തച്ചങ്കരിയെ തിരിച്ചെടുക്കുമെന്ന്‌ പറഞ്ഞപ്പോള്‍ വി.എസിന്റെ ഭാഗത്തു നിന്നല്ലാതെ പ്രതിപക്ഷത്തുനിന്ന്‌ വലിയ എതിര്‍പ്പൊന്നും കാണാനില്ലെന്നതും ശ്രദ്ധേയമാണ്‌. വി.എസ്‌.മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ശുപാര്‍ശ പോലും തള്ളിയാണ്‌ തച്ചങ്കരിയെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചത്‌. 2009 ഡിസംബറില്‍ തന്നോട്‌ ആലോചിക്കാതെ കോടിയേരി തച്ചങ്കരിയെ ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാനായി ബാംഗ്ലൂരിലേക്ക്‌ അയച്ചതിന്റെ കേട്‌ വി.എസ്‌ തീര്‍ത്തത്‌ അങ്ങനെയായിരുന്നു.

ഇതൊക്കെയാണെങ്കിലും സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തോട്‌ പ്രത്യേകിച്ചും, സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട്‌ വിശേഷിച്ചും തച്ചങ്കരിക്കുള്ള അടുപ്പം പരസ്യമായ രഹസ്യമാണ്‌. പാര്‍ട്ടിക്ക്‌ പണംപിരിക്കാനായി ഗള്‍ഫിലെത്തിയ പിണറായിക്ക്‌ അരങ്ങൊരുക്കാനായി തച്ചങ്കരിയും കൂടെയുണ്ടായിരുന്നുവെന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തില്‍ ശക്തമായി തന്നെ നിലനില്‍ക്കുന്നുമുണ്ട്‌. അതുകൊണ്ടു തന്നെ തച്ചങ്കരിയെ തിരിച്ചെടുത്താല്‍ അതിനെ എതിര്‍ക്കാന്‍ വി.എസിന്റെ ഒറ്റയാന്‍ ശബ്‌ദം മാത്രമേ പ്രതിപക്ഷത്തുനിന്ന്‌ ഉയരൂ എന്നും ഉമ്മന്‍ ചാണ്ടിക്കറിയാം.
അതിനിടെ ആകെ ഒരു കല്ലുകടിച്ചത്‌ തച്ചങ്കരിയെ തിരിച്ചെടുക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പൂഞ്ഞാര്‍ പുലി പി.സി.ജോര്‍ജ്‌ പരസ്യമായി രംഗത്തുവന്നത്‌ മാത്രമാണ്‌. ചീഫ്‌ വിപ്പായതോടെ പുലിക്ക്‌ പഴയ ശൗര്യമില്ലെന്ന്‌ കുഞ്ഞൂഞ്ഞിന്‌ നല്ല പോലെ അറിയുകയും ചെയ്യാം. അതുകൊണ്ട്‌ അത്‌ കാര്യമാക്കേണ്ട കാര്യമില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും യുഡിഎഫ്‌ നേതാക്കളെ പിന്നാലെ നടന്നു വേട്ടയാടിയ വി എസ്‌ അച്യുതാനന്ദന്‌ മറുപടികൊടുക്കാനായാലും അല്ലെങ്കിലും തച്ചങ്കരിയെപ്പോലെ പ്രതിച്ഛായ മോശയാമൊരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ വ്യഗ്രത കാട്ടുന്നത്‌ ഭണവേഗം കൊണ്ട്‌ പ്രതിച്ഛായ ഉയര്‍ത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്‌മാക്കാന്‍ മാത്രമെ ഉപകരിക്കൂ എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക