Image

വാല്മീകി രാമായണം- ഒന്നാം ദിവസം (ദുര്‍ഗ മനോജ്)

Published on 17 July, 2019
വാല്മീകി രാമായണം- ഒന്നാം ദിവസം (ദുര്‍ഗ മനോജ്)
രാമായ രാമചന്ദ്രായ രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ സീതായ: പതയേ നമ:
കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാ ശാഖാം വന്ദേ വാല്മീകി കോകിലം
യത്ര യത്ര രഘു നാഥ കീര്‍ത്തനം
തത്ര തത്ര കൃതമസ്തകാഞ്ജലീം
ബാഷ്പ വാരി പരിപൂര്‍ണലോചനം
മാരുതിം നമത രാക്ഷസാന്തകം.'

വാല്മീകി രാമായണം 
ബാലകാണ്ഡം 

വിഷയ സംഗ്രഹം

(ഒന്നാം സര്‍ഗം മുതല്‍ ഇരുപത്തി ആറ് വരെ, ആദി കാവ്യത്തെ ആസ്പദമാക്കി.)

മഹാമുനിയായ നാരദരോട് ഒരിക്കല്‍ വാല്മീകി മഹര്‍ഷി ഈ ഉലകില്‍ സര്‍വ്വ ഗുണസമ്പന്നനായ, നീതിമാനായ, യോഗ്യനായ, ധര്‍മിഷ്ഠനായ ഒരു ഭരണാധികാരി ഉണ്ടാകുമോ എന്ന് അന്വേഷിച്ചു. അതിന് മറുപടിയായി നാരദര്‍ അപ്രകാരം ഒരേ ഒരു ഭരണാധികാരി ഉണ്ടെന്നും. അത് അയോധ്യാപതിയായ ശ്രീരാമനാണെന്നും അറിയിക്കുന്നു. ഒപ്പം രാമകഥ അദ്ദേഹത്തെ വിശദമായി ധരിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് തമസാ നദിയില്‍ കുളിക്കുവാനായി ശിഷ്യനായ ഭരദ്വാജനോടൊപ്പം ചെല്ലവേ, ഒരു മരക്കൊമ്പില്‍ കൊക്കുരുമ്മിയിരിക്കുന്ന ക്രൗഞ്ചപക്ഷികളിലൊന്നിനെ വേടന്‍ അമ്പെയ്തു വീഴ്ത്തിയതും, അതിന്റെ ഇണയുടെ വേദനയും കണ്ട ഋഷിയുടെ ഉള്ളില്‍ നിന്ന് ആദ്യ ശ്ലോകം പിറന്നു. പിന്നീട് ബ്രഹ്മാവ് നേരിട്ട് അദ്ദേഹത്തോട് അമ്മട്ടില്‍ ശ്രീരാമന്റെ ചരിതം എഴുതുവാനാവശ്യപ്പെട്ടു. അങ്ങനെ കവി രാമായണം രചിച്ചു. അതില്‍ ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍, അഞ്ഞൂറ് കാണ്ഡങ്ങള്‍, ഏഴ് സര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെട്ടു. ഈ കാവ്യം അദ്ദേഹം ശിഷ്യരായ കുശലവന്മാരെ പഠിപ്പിക്കുകയും അവര്‍ അത് രാമസന്നിധിയില്‍ ആലപിക്കുകയും ചെയ്തു.

അതിന്‍പ്രകാരം, ബാലകാണ്ഡം അഞ്ചാം സര്‍ഗം മുതല്‍ രാമായണ കഥ ആരംഭിക്കുന്നു. അതില്‍ ആദ്യം അയോധ്യാ വര്‍ണനയാണ്.

അത്യധികം ആനന്ദത്തില്‍ ജീവിക്കുന്ന, ആഡംബരപൂര്‍ണമായ സദാ തിരക്കേറിയ അയോധ്യാ നഗരം. അവിടം വാണിരുന്നത് ദേവകള്‍ പോലും ബഹുമാനിച്ചിരുന്ന ദശരഥ മഹാരാജാവും. എല്ലാവിധ സുഖത്തോടു കൂടി കഴിയുമ്പോഴും പുത്രന്മാരില്ല എന്ന സങ്കടം അദ്ദേഹത്തെ അലട്ടി. അങ്ങനെ അതിന് പരിഹാരമായി പുത്രകാമേഷ്ഠിയാഗം നടത്താന്‍ തീരുമാനമായി. പുലോമ മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനായിരുന്നു യജ്ഞാചാര്യന്‍. അങ്ങനെ യാഗാശ്വത്തെ ദിഗ് വിജയത്തിനായി വിട്ട്, കൃത്യം ഒരു സംവത്സരം കഴിഞ്ഞ് അത് മടങ്ങി വന്ന സമയത്ത് ദീക്ഷയിലായിരുന്ന അദ്ദേഹവും പത്‌നിമാരും യജ്ഞത്തില്‍ പങ്കുകൊണ്ടു.

യഥാവിധി പ്രജാപ്രീതിയും ബ്രാഹ്മണ പ്രീതിയും ദേവപ്രീതിയും നടത്തി. യജ്ഞസമാപനത്തില്‍ യജ്ഞഫലമായി ലഭിച്ച പായസം ദശരഥന് ഋഷ്യശൃംഗന്‍ നല്‍കി. അത് മൂന്ന് ഭാര്യമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍ക്കു വീതിച്ചു നല്‍കി.

ഇതേ അവസരത്തില്‍ രാവണന്‍ എന്ന രാക്ഷസരാജാവിന്റെ ആക്രമണങ്ങളില്‍ പരിക്ഷീണരായ ദേവകള്‍ ബ്രഹ്മാവിന് മുന്നില്‍ ആവലാതിയുമായി എത്തി. ഒടുവില്‍ മഹാവിഷ്ണു തന്നെ ദശരഥ പുത്രനായി ജനിച്ച് രാവണനിഗ്രഹം നടത്തി പതിനായിരം സംവത്സരം അയോധ്യയെ പരിപാലിച്ചു കൊള്ളാമെന്ന് ഉറപ്പ് നല്‍കി. 

ദശരഥ പത്‌നി കൗസല്യ ചൈത്രമാസം പുണര്‍തം നക്ഷത്രത്തില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് കൈകേയിയും, തുടര്‍ന്ന് സുമിത്ര രണ്ട് കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കി. കൗസല്യനന്ദന് രാമനെന്നും കൈകേയീ പുത്രന് ഭരതനെന്നും, സുമിത്രാ തനയന്മാര്‍ക്ക് ലക്ഷ്മണന്‍ എന്നും ശത്രുഘ്‌നന്‍ എന്നും പേര് ചൊല്ലി വിളിച്ചു.

ദശരഥ നന്ദനന്മാരുടെ ഉപനയനവും ധനുര്‍ വിദ്യാ അഭ്യസനവും ഒക്കെ വഴി പോലെ നടന്നു. എല്ലാവരും അതീവ ആഹ്ലാദത്തിലാറാടി.
ഈ സമയത്ത് മഹര്‍ഷി വിശ്വാമിത്രന്‍ അയോധ്യയിലേക്ക് കടന്നു വന്നു. അദ്ദേഹം വന്നത് അദ്ദേഹത്തിന്റെ യാഗം നിരന്തരം മുടക്കുന്ന രാക്ഷസന്മാരെ നിഗ്രഹിക്കുവാന്‍ രാമനെ ഒപ്പം അയക്കണം എന്ന ആവശ്യവുമായാണ്. വിശ്വാമിത്രന്റെ ആവശ്യം കേട്ട മാത്രയില്‍ ദശരഥന്‍ ബോധരഹിതനായി. പിന്നീട് അദ്ദേഹം പലവിധത്തില്‍ മഹര്‍ഷിയുടെ ഈ ആവശ്യം പിന്‍വലിക്കണമെന്നും ആവശ്യമെങ്കില്‍ എല്ലാ വിധ സേനയോടുമൊപ്പം അദ്ദേഹം തന്നെ ഒപ്പം ചെന്നുകൊള്ളാം എന്നും അറിയിച്ചു. പക്ഷേ ക്ഷിപ്രകോപിയായ വിശ്വാമിത്രന്‍ അവിടെ നിന്നും മടങ്ങാന്‍ ഒരുങ്ങി. ഇത് കണ്ട് ദശരഥന്റെ ഗുരുവായ വസിഷ്ഠ മഹര്‍ഷി ദശരഥനെ രാമനെ മഹര്‍ഷിയുടെ ഒപ്പം അയക്കുന്നതില്‍ ഭയക്കണ്ടതില്ല എന്ന് അറിയിച്ചു. ഇത്രയുമാണ് 21 സര്‍ഗങ്ങളിലായി പ്രതിപാദിക്കുന്നത്.

സത്യത്തില്‍ ഇവിടെ ഏറ്റവും നന്നായി വരച്ചിടുന്ന ചിത്രം എല്ലാ മനുഷ്യനിലും ഒളിഞ്ഞിരിക്കുന്ന ദശരഥ ഭാവത്തെയാണ്.
പുറമേ പരാക്രമിയാണ്. എന്നാല്‍ അവനവന്റെ പ്രിയങ്കരമായതിനോടൊക്കെ അമിതമായ ആസക്തിയും അത് കൊണ്ട് മാത്രം ഉണ്ടാകുന്ന ദുഃഖങ്ങളും ആണ് മനുഷ്യന്റെ പ്രധാന സ്വഭാവ സവിശേഷത. പ്രിയപ്പെട്ടതിനോടുള്ള അടുപ്പം കാരണം യാഥാര്‍ത്ഥ്യം മനസിലാക്കാനാത്ത മനോനില..

രാമായണത്തിലെ ഓരോ ചിത്രവും മനുഷ്യ മനസിനെ പ്രതിനിധീകരിക്കുന്നു. അതു കൊണ്ടു തന്നെ, എത്ര സംവത്സരം കൊഴിഞ്ഞു പോകുമ്പോഴും രാമായണം നിത്യമായി തുടരുന്നു.
Join WhatsApp News
Prof. A.V Thamarakshan. 2019-07-17 10:20:58
Very Nice Presentation. 
Congratulations. 
Haris Mohammed 2019-07-17 12:08:27
....തുടർന്നും ഏറ്റവും നൂതനവും കാലിക വും ആയ ആഖ്യായിക പ്രതീക്ഷിച്ച് കൊ ണ്ട്.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക