Image

ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

Published on 17 July, 2019
ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍
ന്യൂയോര്‍ക്ക്: ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന കേസില്‍ ഇന്ത്യ നാടുകടത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചു. വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ പേരില്‍ 12 വര്‍ഷം മുമ്പ് 30കാരിയായ നവനീത് കൗറിനെ കൊന്ന കേസില്‍ അവ്താര്‍ ഗ്രെവാള്‍ എന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. ഓഗസ്റ്റ് 23നു ശിക്ഷ വിധിക്കും.

2007ല്‍ അരിസോണയുടെ തലസ്ഥാനമായ ഫിനിക്‌സിനു സമീപത്തുള്ള വീട്ടില്‍ വച്ചാണ് നവ്‌നീതിനെ കഴുത്തു ഞെരിച്ച് ബാത്ത് ടബില്‍ മുക്കി കൊന്നത്. തുടര്‍ന്ന് ഇന്ത്യയിലേക്കു കടന്ന അവ്താറിനെ 2011ല്‍ അറസ്്റ്റ് ചെയ്ത് അമേരിക്കയിലേക്കു നാടുകടത്തുകയായിരുന്നു.

2005ലാണ് ഇരുവരും വിവാഹിതരാകുന്നത്. ആ സമയത്ത് അവ്താര്‍ കാനഡയിലും നവ്‌നീത് അമേരിക്കയിലുമായിരുന്നു. വിവാഹം കഴിഞ്ഞതു മുതല്‍ അവ്താര്‍ സംശയത്തോടെയാണു പെരുമാറിയത്. നവ്‌നീത് എവിടെയാണെന്ന് അറിയാന്‍ നിരവധി തവണ ഫോണില്‍ വിളിക്കും. ഫോണ്‍ എടുത്തില്ലെങ്കില്‍ ഓഫിസിലേക്കും മറ്റു സുഹൃത്തുക്കളെയും വിളിച്ചു വിവരം തിരക്കാന്‍ തുടങ്ങി. വിവാഹത്തിനു ശേഷം നവ്‌നീതിന് ഹൃദയശസ്ത്രക്രിയ വേണ്ടിവന്നു. അമേരിക്കയില്‍ ചികില്‍സിക്കാനാണ് നവ്‌നീത് ആഗ്രഹിച്ചത്. എന്നാല്‍ ശസ്ത്രക്രിയ കാനഡയില്‍ മതിയെന്ന് അവ്താര്‍ വാശിപിടിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കൊലപാതകത്തിനു ദിവസങ്ങള്‍ മുമ്പ് അവ്താറിനെ ഫോണില്‍ വിളിച്ച നവ്‌നീത് വിവാഹമോചനം ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു സംസാരിക്കാനാണ് അവ്താര്‍ കാനഡയില്‍നിന്ന് ഫിനിക്‌സില്‍ എത്തിയത്. വിമാനത്താവളത്തില്‍നിന്നു ഭര്‍ത്താവിനെ കാറില്‍ വീട്ടിലെത്തിച്ചത് നവ്‌നീത് ആണ്. താന്‍ അവ്താറിനെ വഞ്ചിച്ചുവെന്നും വിവാഹമോചനം അല്ലാതെ മറ്റു വഴിയില്ലെന്നും നവ്‌നീത് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. പരസ്പരം മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്നാണ് അവ്താര്‍, ഭാര്യയുടെ കഴുത്തു ഞെരിച്ച ശേഷം ബാത്ത് ടബില്‍ മുക്കി കൊന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പെട്ടെന്നുണ്ടായ വഴക്കിനിടെയാണ് നവ്‌നീത് മരിച്ചതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക