Image

'ഭ്രമണം' ബാധിച്ച വീട്: ഹരിലാല്‍ ചെയ്തത് ശരിയോ എന്നൊരു ചോദ്യം (ത്രിശങ്കു)

Published on 17 July, 2019
'ഭ്രമണം' ബാധിച്ച വീട്: ഹരിലാല്‍ ചെയ്തത് ശരിയോ എന്നൊരു ചോദ്യം (ത്രിശങ്കു)
അനാഗത ശ്മശ്രുവായിരുന്ന കാലത്ത് പൈങ്കിളി കഥകള്‍ വായിക്കുകയും സ്വപ്നം കാണുകയും ചെയ്തവരില്‍ ഒരാളാണു ഈയുള്ളവനും. നിരൂപകന്‍ എം. ക്രുഷ്ണന്‍ നായര്‍ പറഞ്ഞിട്ടുള്ളത് അത്തരം ക്രുതികള്‍ അനാഗത ശ്മശ്രുക്കളെയും അനാഗത ആര്‍ത്തവകളെയും മാത്രമാണു ത്രസിപ്പിക്കുന്നതെന്നാണ്.

പ്രായമായപ്പോള്‍ പൈങ്കിളി പാരായണം നിര്‍ത്തി. പൈങ്കിളി മോശമായതു കൊണ്ടല്ല, മറിച്ച് ശ്മശ്രുക്കള്‍ വന്നെത്തിയതോടെയാണ്. 

ഒരു പൈങ്കിളി പുസ്തകം വായിച്ചാല്‍ മതി. എല്ലാ കഥയും ഒന്നു തന്നെ. വിവരണം അല്പം ഒന്നു മാറിയിരിക്കും. ആ അര്‍ഥത്തില്‍ ചെമ്മീന്‍ പോലും പൈങ്കിളി ആണൊ എന്നു സംശയം.

പൈങ്കിളി കഥയുടെ പുതിയ രൂപഭേദമായ സീരിയലുകള്‍ ഈയുള്ളവന്‍ കാണാറില്ല. ഭാര്യ കാണുമ്പോള്‍ ആ വഴിക്ക് എങ്ങാനും ചെന്നാല്‍ അനുമോള്‍ (വാനമ്പാടി), ദീപ്തി ഐ.പി.എസ് (സീരിയലിന്റെ പേരു മറന്നു) പ്രൊഫ. ജയന്തി എന്നൊക്കെ കേട്ടിട്ടുണ്ട്.

പഴയകാല സഹപ്രവര്‍ത്തകനായ വയലാര്‍ മാധവന്‍ കുട്ടിയുടെ മെഗാ സീരിയല്‍ 'ജ്വാലയായി'യുടെ പ്രാരംഭ ഗാനവും ടിവിയില്‍ കേട്ടിട്ടുണ്ട്.

പൈങ്കിളി കഥ മോശമായതു കൊണ്ടല്ല, അതു കാണാനുള്ള പ്രായം കടന്ന് പോയി എന്ന ചിന്തയില്‍ നിന്നാണു സീരിയലിനോടും വിരക്തി തോന്നിയത്.

കാര്യങ്ങള്‍ അങ്ങനെയിരിക്കെ അടുത്തയിടക്ക് മഴവില്‍ മനോരമയില്‍ 'ഭ്രമണം' സീരിയലിന്റെ ഒന്നു രണ്ടു ഭാഗങ്ങള്‍ കണ്ടു. സോഫയില്‍ കിടക്കുമ്പോള്‍ ഭാര്യ കാണുന്ന സീരിയലില്‍ വെറുതെ നോക്കിയിരുന്നതാണ്.

ഒറ്റ നോട്ടത്തിലേ ഇഷ്ടമായി. 200 എപ്പിസോഡ് ഒക്കെ കഴിഞ്ഞിരിക്കുന്നു. എന്നാലും ബഹുരസം. കാണാന്‍ സൗന്ദര്യമുള്ള സ്ത്രീകള്‍, സ്റ്റണ്ട്, സസ്‌പെന്‍സ്, സെക്‌സ്.. ആഹാ ആനന്ദ ലബ്ദിക്കിനിയെന്തു വേണം?

പിന്നെ സീരിയല്‍ വരാന്‍ കാത്തിരിപ്പായി. കുറെ ദിവസം  കഴിഞ്ഞപ്പോള്‍ യുടൂബില്‍ പോയി സീരിയലിന്റെ തുടക്കം മുതലുള്ള എപ്പിസോഡുകള്‍ തച്ചിനിരുന്നു കണ്ടു.

കഴിഞ്ഞ ദിവസം രാവിലെ എഴുന്നേറ്റു വരുന്നത് ഭ്രമണത്തിലെ സംഭാഷണം കേട്ടാണ്. നോക്കുമ്പോള്‍ ഇളയ പുത്രി രാവിലെ ഭ്രമണം കാണുന്നു. ഫോറന്‍സിക്ക് ഫയല്‍സ്, ഇംഗ്ലീഷ് സിനിമ എന്നിവയല്ലാതെ വേറൊന്നും കാണാത്ത പുത്രിയാണെന്നോര്‍ക്കണം. ഏതായാലും മലയാളം പഠിക്കുമല്ലോ.

അതിനിടയില്‍ ഭാര്യയുമായി തര്‍ക്കം. നായകന്‍ ഹരിലാല്‍ ചെയ്തത് ശരിയോ എന്നാണു വിഷയം. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അന്യ പുരുഷനെ വീട്ടില്‍ ഒളിപ്പിച്ച ഭാര്യ അനീറ്റയെ കയ്യോടെ അയാളുടെ കൂടെ തന്നെ പറഞ്ഞു വിട്ട ധീരനാണു ഹരിലാല്‍ എന്നു ഈയുള്ളവന്‍ പറഞ്ഞപ്പോള്‍ ഭാര്യ സമ്മതിച്ചില്ല.

അതിനു അനീറ്റ സീരിയലില്‍ പറയുന്ന ന്യായങ്ങള്‍ തന്നെ ഭാര്യക്കും. അനീറ്റക്കു അയാളോടൊപ്പം പോകാന്‍ താല്പര്യമില്ലെങ്കില്‍ പറഞ്ഞു വിടാന്‍ അര്‍ക്കാണു അധികാരം? വിവാഹ മോചനം കോടതി വഴി നേടുന്നതിനു പകരം കയ്യോടെ കാമുകന്റെ കൂടെ പോലീസിനെ വിളിച്ചു പറഞ്ഞു വിട്ടത് ശരിയായോ?  ഇനി പിഞ്ചു കുഞ്ഞുങ്ങളെ അമ്മയില്‍ നിന്നു വേര്‍പിരിക്കാന്‍ ആര്‍ക്കാണു അധികാരം? മാത്രവുമല്ല ജാരനായ മിസ്റ്റര്‍ ജോണ്‍ സാമുവല്‍ ബലാസംഗം ചെയ്യുക ആയിരുന്നു എന്നാണു അനീറ്റ അവകാശപ്പെട്ടത്. 

ബലാല്‍സംഗം ചെയ്യാനുള്ള സാഹചര്യം ഒരുക്കിയിട്ട് പിന്നെ അതെപറ്റി ന്യായം പറഞ്ഞിട്ട് എന്തു കാര്യം എന്നു ചോദ്യം.

ആകപ്പാടെ കണ്‍ഫ്യൂഷനായി. ഭ്രമണത്തിലെ പ്രസ്‌കത ഭാഗങ്ങള്‍ ഒന്നു കൂടി കണ്ടു. ഹരിലാല്‍ ചെയ്തത് അത്ര തെറ്റായി തോന്നിയില്ല. അയാളുടെയും മക്കളുടെയും ജീവിതത്തെ കൂടി അതു തകര്‍ത്തു.

ഭാര്യയെയും മക്കളെയും ഒറ്റക്കിട്ട് ദൂരെ പോയതിനു ഹരിലാലും കുറ്റക്കാരനാണെന്നു ഭാര്യ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചു വീടോ വീട്ടുകാരോ ഇല്ലാത്ത നാട്ടില്‍. ഭാര്യയും കുട്ടികളും സുഖമായി ജീവിക്കട്ടെ എന്നു കരുതി ചെയ്തതാണ്. 

ഗള്‍ഫിലും അമേരിക്കയിലും ഇതെ അവസ്ഥയിലുള്ളവരോ?

അതിന്റെ ഇടക്ക് ഇപ്പോള്‍ ഒരു ആവശ്യവുമില്ലാതെ ജോണ്‍ സാമുവല്‍ സംശയ രോഗിയായ മറ്റൊരു ഭാര്യയേയും കൊണ്ടു പ്രത്യക്ഷപ്പെട്ടിരിക്കുന്നു..

ക്ലൈമാക്‌സും ആന്റി ക്ലൈമാക്‌സും ഒക്കെ കഴിഞ്ഞാലും സീരിയല്‍ തുടരണമല്ലൊ.

എന്തായാലും ഇതില്‍ നിന്ന് ഈയുള്ളവന്‍ ഒരു പാഠം പഠിച്ചു. സീരിയല്‍ കാണരുത്. നോക്കുക പോലും ചെയ്യരുത്. ചിലപ്പോള്‍ അതിനു അഡിക്ട് ആയി പോയേക്കും...

അങ്ങനെ നോക്കുമ്പോള്‍ ഭ്രമണം വന്‍ വിജയം. പോരെങ്കില്‍ അതു ചിത്രീകരിക്കാനുള്ള അധ്വാനം അതിശയിപ്പിക്കുന്നതു തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക