Image

ജയില്‍ചാട്ടം പോലെ റിസോര്‍ട്ട് ചാടി കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ; പുലിവാല് പിടിച്ച് കോണ്‍ഗ്രസ്

കല Published on 18 July, 2019
ജയില്‍ചാട്ടം പോലെ റിസോര്‍ട്ട് ചാടി കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ; പുലിവാല് പിടിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസും ജനതാദളും ബിജെപിയും തങ്ങളുടെ നില ഭദ്രമാക്കാന്‍ ശ്രമിക്കുന്നത് റിസോര്‍ട്ടുകളെ ആശ്രയിച്ചാണ്. കുറച്ചു ദിവസങ്ങളായി റിസോര്‍ട്ട് രാഷ്ട്രീയം പൊടിപൊടിക്കുകയാണ് കര്‍ണാടകയില്‍. 
നിലവില്‍ കോണ്‍ഗ്രസില്‍ നിന്ന് 13 വിമത എംഎല്‍എമാര്‍ രാജിവെച്ചു. ജനതാദളില്‍ നിന്ന് മൂന്ന് പേരും രാജിവെച്ചു. ഇവരെ മുംബൈയിലെ റിസോര്‍ട്ടിലാണ് ബിജെപി താമസിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഭീഷിണിയുണ്ടെന്ന് കാണിച്ച് വിമതര്‍ പരാതി നല്‍കിയതോടെ വന്‍ പോലീസ് സുരക്ഷയും ഇവര്‍ക്ക് ലഭിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അടവ് പതിനെട്ടും പയറ്റിയിട്ടും ഈ വിമതരെ കാണാന്‍ പോലും കഴിഞ്ഞില്ല. 
ഇതിനിടെ ബാക്കി വരുന്ന എംഎല്‍എമാരെ കോണ്‍ഗ്രസ് ബംഗളുരുവിലെ ഒരു റിസോട്ടില്‍ ഭദ്രമായി താമസിപ്പിക്കുകയായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വരയുടെയും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെയും മേല്‍നോട്ടത്തിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഒരു എംഎല്‍എ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചാടിപ്പോയി. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോട്ടില്‍ നിന്ന് കാണാതായത്. ഇയാള്‍ക്കായി കോണ്‍ഗ്രസ് സര്‍വ്വ സന്നാഹങ്ങളും ഒരുക്കി തിരച്ചില്‍ നടത്തുകയാണ്. പാട്ടിലിനെ ബിജെപി റാഞ്ചിയതാണെന്നാണ് അണിയറ സംസാരം. 
അതേ സമയം  വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ വിമത എംഎല്‍എമാര്‍ സഭയില്‍ ഹാജരാകില്ല. 16 വിമത എംഎല്‍എമാരാണ് മുംബൈയിലെ റിസോട്ടില്‍ തുടരുന്നത്. ഇവരുടെ പിന്തുണയില്ലാതെ വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ കുമാരസ്വാമി സര്‍ക്കാരിന് കഴിയില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക