Image

വാല്മീകി രാമായണം- രണ്ടാം ദിവസം (ദുര്‍ഗ മനോജ്)

Published on 18 July, 2019
വാല്മീകി രാമായണം- രണ്ടാം ദിവസം (ദുര്‍ഗ മനോജ്)
-2-

മഹര്‍ഷി വിശ്വാമിത്രനോടൊപ്പം ചെന്ന്, അദ്ദേഹത്തിന്റെ യാഗം മുടക്കുന്ന അസുരഗണങ്ങളെ വധിക്കുക എന്ന ഉദ്യമം രാമലക്ഷ്മണന്മാര്‍ ഏറ്റെടുത്തു. മഹര്‍ഷിയോടൊപ്പം സഞ്ചരിക്കുന്ന സമയത്ത് രാമന് മഹര്‍ഷി, സരയൂ നദിക്കരയില്‍ വച്ച്, ബല, അതിബല എന്നീ മന്ത്രങ്ങള്‍ ഉപദേശിച്ചു. ഒപ്പം, ഈ മന്ത്രം, ശീലിച്ചാല്‍ വിശപ്പ്, ദാഹം, ക്ഷീണം എന്നിവയെ തടുക്കുകയും, ഉറക്കത്തിലോ ശ്രദ്ധ ഇല്ലാതെ ഇരിക്കുന്ന സമയത്തോ ആക്രമിക്കപ്പെടുകയുമില്ല എന്ന് അറിയിച്ചു. ശേഷം വിവിധ ആശ്രമങ്ങള്‍ പിന്നിട്ട് വിശ്വാമിത്രന്റെ ആശ്രമത്തില്‍ എത്തി. അവിടെ, ശാപം നിമിത്തം, വികൃതരൂപിയായിത്തീര്‍ന്ന താടകയുടേയും അവളുടെ പുത്രന്‍ മാരീചന്റെയും ആക്രമണത്തില്‍ നിന്നും തടയുകയാണ് രാമന്റെ ലക്ഷ്യമെന്ന് മുനി അറിയിച്ചു.
ആദ്യം സ്ത്രീ ആയതിനാല്‍ താടകയെ വധിക്കേണ്ട എന്ന നിലപാട് രാമന്‍ സ്വീകരിച്ചുവെങ്കിലും, പ്രജാക്ഷേമത്തിനായി ഒരു ഭരണാധികാരി അപ്രകാരം ചെയ്യുന്നത് തെറ്റല്ല എന്ന് മുനി ധരിപ്പിച്ചു. അങ്ങനെ രൂക്ഷമായ യുദ്ധത്തിലൂടെ താടകയെ രാമന്‍ വധിച്ചു.

മുനിയുടെ യജ്ഞം പൂര്‍ത്തിയായി. അദ്ദേഹം രാമന് നിരവധി അമൂല്യമായ അസ്ത്രങ്ങള്‍ നല്‍കി. അവ ആവശ്യമുള്ള സമയത്ത് പ്രത്യക്ഷമാകും എന്ന ഉറപ്പു നല്‍കി രാമന്റെ മനസില്‍ വാണു. 

പിന്നീട്, അവര്‍ മിഥിലാപുരിയില്‍ മിഥിലാധിപന്‍ നടത്തുന്ന അതിവിശിഷ്ടമായ യജ്ഞത്തില്‍ പങ്കെടുക്കാം എന്ന് തീരുമാനിച്ച് മുനിയോടൊപ്പം രാമലക്ഷമണന്മാരും യാത്ര തുടര്‍ന്നു. പോകും വഴിയില്‍ വിശ്വാമിത്രന്‍, ഗംഗയുടേയും ഉമയുടേയും ഉല്‍പ്പത്തിയും കാര്‍ത്തികേയോല്‍പ്പത്തിയും വിശദീകരിച്ചു കൊടുത്തു.
തുടര്‍ന്ന് മുന്‍പ് അയോധ്യാപതിയായിരുന്ന സഗരന്‍ എന്ന രാജാവിന്റെയും ഭഗീരഥന്റെയും കഥ പറഞ്ഞു തുടങ്ങി.

സഗര രാജാവിന് ഒരു പത്‌നിയില്‍ ഒരു പുത്രനും അടുത്ത പത്‌നിയില്‍ അറുപതിനായിരം പുത്രന്മാരും ജനിച്ചു. പില്‍ക്കാലത്ത് അദ്ദേഹം ഒരു യജ്ഞം ചെയ്യുവാന്‍ ആരംഭിച്ചു. ഈ സമയം വാസവന്‍ യാഗാശ്വത്തെ തട്ടിക്കൊണ്ട് പോവുകയുണ്ടായി. തുടര്‍ന്ന് മക്കളായ അറുപതിനായിരം പേരും യാഗാശ്വത്തെ തേടി ഇറങ്ങി. അവര്‍ ഭൂമി കുഴിച്ചും അന്വേഷണം തുടര്‍ന്നു. ഒടുവില്‍ കപില മഹര്‍ഷിക്കു മുന്നില്‍ കെട്ടിയിട്ട നിലയില്‍ അശ്വത്തെ കണ്ടെത്തി. മഹര്‍ഷിയെ കള്ളനെന്ന് വിളിച്ച അവരെ ഒരു ഹൂങ്കാര ശബ്ദത്തില്‍ വെറും ചാരമാക്കി മഹര്‍ഷി. 

അങ്ങനെ അശ്വത്തെ വീണ്ടെടുക്കാന്‍ പൗത്രന്‍ അംശുമാനോട് ആവശ്യപ്പെട്ടു. അംശുമാന്‍ അശ്വത്തെ കണ്ടെടുത്തു. പക്ഷേ, ചാരമാക്കപ്പെട്ട അറുപതിനായിരം പേരുടെ മോക്ഷത്തിന് ഗംഗയില്‍ മുക്കണം എന്നറിഞ്ഞ് നിരാശനായി മടങ്ങി. പിന്നീട്, ഗംഗയെ പ്രീതിപ്പെടുത്താന്‍ വഴി കണ്ടെത്താതെ സഗരന്‍ സ്വര്‍ഗം പൂകി. അംശുമാന്‍ രാജാവായി. അദ്ദേഹവും പുത്രന്‍ ദിലീപനും നിരവധി യാഗങ്ങളു യജ്ഞങ്ങളും ചെയ്തുവെങ്കിലും ഗംഗ പ്രസാദിച്ചില്ല. ഒടുവില്‍ ദിലീപന്റെ പുത്രന്‍ ഭഗീരഥന്‍ രാജാവായി. അദ്ദേഹം പഞ്ചാഗ്‌നി മധ്യത്തില്‍ നടത്തിയ തപസിന് ഫലം കണ്ടു. ഗംഗ ഭൂമിയില്‍ അവതരിക്കാന്‍ തയ്യാറായി. പക്ഷേ ഭൂമിയില്‍ പതിക്കുന്ന ഗംഗയെ സ്വീകരിക്കുവാന്‍ ശിവനു മാത്രമേ സാധിക്കൂ എന്ന് കണ്ട് ഭഗീരഥന്‍ തപസ് തുടര്‍ന്ന് ശിവനെ പ്രത്യക്ഷനാക്കി. ഒടുവില്‍ ഗംഗ ശിവന്റെ ജടയിലേക്ക് പ്രവഹിച്ചു. അവിടെ നിന്നും ഭൂമിയില്‍ പതിച്ച ഗംഗ സ്പര്‍ശിച്ചതോടെ പിതൃക്കള്‍ക്ക് മോക്ഷം ലഭിച്ചു.

രണ്ടാം ദിനത്തില്‍ ശ്രദ്ധേയമായ രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി, നാരീ ഹത്യ പാപമല്ലേ എന്ന ചിന്ത. നിശ്ചയമായും നാരീഹത്യ പാപം തന്നെയാണ്. എന്നിരുന്നാലും, ഒരു രാജാവിന്റെ പ്രഥമമായ കര്‍ത്തവ്യം രാജ്യരക്ഷയും പ്രജാ സംരക്ഷണവുമാണ്. ഇതിന് കോട്ടം സംഭവിക്കുന്ന പ്രവര്‍ത്തനം ആരില്‍ നിന്ന് ഉണ്ടായാലും പ്രജകളുടെ ജീവന്‍ രക്ഷിക്കുന്നതിനായി വേണ്ടിവന്നാല്‍ ഹിംസക്ക് കാരണക്കാരിയായ നാരിയെ വധിക്കുന്നത് തെറ്റല്ല എന്ന് അദ്ദേഹം സ്ഥാപിക്കുന്നു.

ഇവിടേയും രാമായണം എന്ന കൃതിയുടെ രചനയുടെ സാധുതയാണ് വ്യക്തമാക്കുന്നത്. രണ്ടാമത്തേത് ഭഗീരഥന്റെ കഥയാണ്. ഇവിടെ സഗരന്‍, അംശുമാന്‍, ദിലീപന്‍ എന്നിവര്‍ പരാജയപ്പെട്ടിടത്താണ് ഭഗീരഥന്‍ തന്റെ കര്‍മം പൂര്‍ത്തിയാക്കുന്നത്. നിരന്തരമായ ശ്രമം, പരാജയങ്ങളില്‍ തെല്ലും പതറാതെയുള്ള ശ്രമം, അതാണ് ഭഗീരഥപ്രയത്‌നം എന്ന പ്രയോഗത്തിന് പിന്നില്‍.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വാല്മീകി രാമായണത്തിലൂടെ ഇത് ഓര്‍മ്മിപ്പിക്കുകയാണ്, ഒരു ഭരണാധികാരിയുടെ നീതിബോധവും ഒപ്പം ലക്ഷ്യത്തിലേക്കുള്ള പതറാത്ത മുന്നേറ്റവും.

(രണ്ടാംദിവസം സമാപ്തം)

ഒന്നാം ദിവസം വായിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക