Image

കര്‍ണാടക: എംഎല്‍എമാര്‍ക്കെല്ലാം വിപ്പ്‌ ബാധകമെന്ന്‌ സ്‌പീക്കര്‍

Published on 18 July, 2019
കര്‍ണാടക: എംഎല്‍എമാര്‍ക്കെല്ലാം വിപ്പ്‌ ബാധകമെന്ന്‌ സ്‌പീക്കര്‍


ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ-്‌ജെഡിഎസ്‌ സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം ആരംഭിച്ചു. 

വിശ്വാസ വോട്ടെടുപ്പ്‌ നടക്കാനിരിക്കെ എംഎല്‍എമാര്‍ക്കെല്ലാം വിപ്പ്‌ ബാധകമായിരിക്കുമെന്ന്‌ സ്‌പീക്കര്‍ രമേഷ്‌കുമാര്‍ വ്യക്തമാക്കി. ഇതോടെ വിമത എംഎല്‍എമാര്‍ വിപ്പ്‌ ലംഘിക്കുന്ന പക്ഷം സ്‌പീക്കര്‍ അവരെ അയോഗ്യരാക്കാനാണ്‌ സാധ്യത.

സഭ ചേര്‍ന്നയുടന്‍ മുഖ്യമന്ത്രി കുമാരസ്വാമി ഒറ്റവരി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക്‌ സാധിക്കും. കോടതിക്കെതിരെ ഒരു വാക്ക്‌ പോലും ഞാന്‍ പറയില്ല. സര്‍ക്കാരിനെ താഴെയിറക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. 

ഏത്‌ വെല്ലുവിളി നേരിടാനും തയ്യാറാണ്‌.
`വിമതര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്‌. ബിജെപിയാണ്‌ അവര്‍ക്ക്‌ പിന്നില്‍. കുതിരക്കച്ചവടമാണ്‌ നടന്നത്‌. പ്രധാനമന്ത്രിയുടെ നിര്‍ദേശം ഇതിന്‌ പിന്നിലുണ്ട്‌. സഖ്യ സര്‍ക്കാരിനെ താഴെയിറക്കുമെന്ന്‌ അദ്ദേഹം പറഞ്ഞതാണെന്നും കുമാരസ്വാമി പറഞ്ഞു. 

 സഖ്യം നിലനില്‍ക്കുന്നുണ്ടോ എന്നതിനേക്കാള്‍ പ്രധാനം ഇതിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരിക എന്നതിലാണ്‌. ജനാധിപത്യത്തില്‍ വിള്ളല്‍ വീഴ്‌ത്തുന്ന ഈ ഗൂഢാലോചന ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ നിര്‍ബന്ധമാണെന്നും' അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സംസാരിച്ചതിന്‌ പിന്നാലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ്‌ സിദ്ധരാമയ്യ വിപ്പ്‌ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ സ്‌പീക്കര്‍ വ്യക്തത വരുത്തണമെന്ന്‌ ആവശ്യപ്പെട്ടു. തുടര്‍ന്നാണ്‌ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ്‌ ബാധകമായിരിക്കുമെന്ന്‌ സ്‌പീക്കര്‍ അറിയിച്ചത്‌. 

വിമത എംഎല്‍എമാരുടെ കാര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിന്‌ മുമ്പ്‌ തീരുമാനം വേണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കൃഷ്‌ണ ബൈര ഗൗഡയും എച്ച്‌.കെ പാട്ടീലും ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു.

ഇതിനിടെ വിശ്വാസ പ്രമേയവും വോട്ടെടുപ്പ്‌ പ്രക്രിയയകളും ഒറ്റ ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കണമെന്ന്‌ ബിജെപി നേതാവ്‌ യദ്യൂരപ്പ സ്‌പീക്കറോട്‌ ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തിലുള്ള വാദപ്രതിവാദങ്ങള്‍ കര്‍ണാകട വിധാന്‍ സൗധയില്‍ തുടരുകയാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക