Image

മാര്‍ ആലഞ്ചേരിക്കെതിരെ ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി

Published on 18 July, 2019
മാര്‍ ആലഞ്ചേരിക്കെതിരെ ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി
കൊച്ചി: മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ബിഷപ് ഹൗസില്‍ വിമത വൈദികരുടെ ഉപവാസം സമരം. ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണെമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദികര്‍ ആവശ്യമുന്നയിച്ചു.

വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങളായ ആര്‍ച്ചു ബിഷപ്പുമാര്‍ എറണാകുളത്തെത്തി ചര്‍ച്ച നടത്തുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുക, ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന സിനഡ് വത്തിക്കാന്‍ പ്രതിനിധിയുടെ അധ്യക്ഷതയില്‍ ചേരുക, അതിരൂപത അംഗീകരിക്കുന്ന ആളെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ആയി നിയമിക്കുക, പുറത്താക്കിയ ബിഷപുമാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വൈദികര്‍ സംഘടിച്ചിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി അടുത്തിടെയാണ് ആലഞ്ചേരി വീണ്ടും ചുമതലയേറ്റെടുത്തത്. ഇതില്‍ ഒരു വിഭാഗം വൈദികര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ട് അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വീണ്ടും ചുമതല നല്‍കിയതിലാണ് പ്രതിഷേധം.

ഇന്ന് ഫൊറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചിരുന്നു. ഈ യോഗത്തിനിടയില്‍ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍ എത്തുകയും കര്‍ദിനാളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ കര്‍ദിനാളിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്ന് വൈദികര്‍ പറയുന്നു.

കര്‍ദിനാളിനെ അനുകൂലിക്കുന്ന ഒരു വിഭാഗം വൈദികരും എത്തി. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന്പോലീസും സ്ഥലത്തെത്തി.

എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനമായ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെ പ്രധാന സ്വീകരണ മുറിയിലാണ് വൈദികര്‍ പ്രാര്‍ഥനയും ഉപവാസവുമായി ഒത്തുകൂടിയിരിക്കുന്നത്. നൂറിലധികം വൈദികര്‍ രാവിലെ കര്‍ദിനാളിനെ സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് വൈദികര്‍ സമരം പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ ഫാ. കുര്യാക്കോസ് മുണ്ടാടനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ വൈദികരെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് വൈദികര്‍ പരസ്യ സമരത്തിനിറങ്ങിയിരിക്കുന്നത്.

അതേസമയം, തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പ്രതികരിച്ചില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക