Image

ക്രിമിനലുകളെ വളര്‍ത്തുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 18 July, 2019
ക്രിമിനലുകളെ വളര്‍ത്തുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
വിദ്യാഭ്യാസം കൊണ്ടേ മനുഷ്യനെ സംസ്കരിക്കാനാവൂ. ഒരു കലാലയം തുറക്കുമ്പോള്‍ ആയിരം കാരാഗൃഹങ്ങള്‍ അടക്കപ്പെടുമെന്ന ഗാന്ധിജിയുടെ വാക്കുകളെ അനര്‍ഥമാക്കുന്നതാണ് നാം ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും  കേള്‍ക്കുന്നതും കാണുന്നതും ആയ എല്ലാ വാര്‍ത്തകളും.  എല്ലാം നമ്മുടെ സമൂഹത്തില്‍ നടന്നുകൂടാന്‍ പാടില്ലാത്തതാണ്. എന്നാല്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍  മാത്രമാണ് മിക്ക കലാലയങ്ങളിലും നടക്കുന്നത്.അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ കത്തിക്കുത്ത്. കോളജില്‍ എന്തോ പാട്ട് പാടിയെന്ന ചെറിയ കാര്യത്തിന് വേണ്ടി  എസ്എഫ്‌ഐക്കാരനായ  മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് എസ്എഫ്‌ഐ നേതാക്കളില്‍ നിന്നേറ്റ കുത്ത് ഗുരുതരമായിരുന്നുവെന്ന് അഖിലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍. അഖിലിന്‍റെ ഹൃയത്തിന്‍റെ വലത്തേ അറയില്‍ രണ്ട് സെന്‍റീമീറ്റര്‍ ആവത്തിലുള്ള മുറിവാണ് ഉണ്ടായിരുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ്  മറ്റൊരു പെണ്‍കുട്ടി എസ്എഫ്‌ഐ നേതാക്കളുടെ പീഡനം കാരണം ആത്മഹത്യക്ക് ശ്രമിച്ചത് . 

ഈ സംഭവങ്ങള്‍  നടന്നതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ആണ്  യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്ക് നേരെ ഉണ്ടായികൊണ്ടിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പോലീസ് അന്വേഷണത്തില്‍ ചുരുളഴിയുന്നതു കേരള സര്‍വകലാശാലയുടെയും പി.എസ്.സിയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന വിവരങ്ങള്‍ ആണ് . കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ. നേതാവുമായ ശിവരഞ്ജിത്ത് പി.എസ്.സി. റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു വിവാദമായതിനു പിന്നാലെയാണ് ഇയാളുടെ വസതിയില്‍നിന്ന് എഴുതിയതും എഴുതാത്തതുമായ സര്‍വകലാശാലാ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും കണ്ടെടുത്തത്.

കേരളത്തിലെ ഒട്ടു  മിക്ക കോളേജുകളുടെയും  സ്ഥിതി ഇതുക്കെ തന്നെ ആണ്. ചില കോളേജുകളില്‍ രാഷ്ട്രീയ നിറങ്ങള്‍ മാറും എന്ന് മാത്രം. കോളേജുകളെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നു. അതില്‍ വിജയിക്കുന്നവര്‍ കോളേജ് കൈയടക്കും. ഇതിന് വേണ്ടി കുട്ടികളുടെ മസില്‍ പവര്‍ ആണ് ഉപയോഗിക്കുന്നത്, കൈമുച്ചുള്ളവന്‍ കാര്യക്കാരന്‍ ആവും. കൊല്ലാനും കൊല്ലിക്കാനും ഉള്ള കഴിവ് ഒരുവനെ നേതാവാക്കി മറ്റും. അങ്ങനെ ക്രിമിനലുകള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയതിന്റെ തലപ്പത്തു എത്തുന്നത്. ഇവരാണ് ഭാവിയുടെ വാഗ്ദാനങ്ങള്‍ ആയി കുട്ടി നേതാക്കളയി നമ്മുടെ മുന്നിലേക്ക് അവതരിക്കുന്നത്. ഇത്  ഇന്നോ  ഇന്നലെയോ തുടങ്ങിയതല്ല മറിച്ചു  83 മുതല്‍ ഞാന്‍ പഠിച്ച കലാലയങ്ങളിലും കണ്ടിരുന്നതാണ്.

കോളേജ് ജീവിതത്തില്‍   ഞാനും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആയിരുന്നു. വളരെ പേടിച്ചായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. കാരണം അന്ന് എതിര്‍ പാര്‍ട്ടിയില്‍ അടിക്കാനും കുത്താനുമായി പ്രേത്യകം പരിശീലനം ലഭിച്ച ആള്‍കാര്‍ ഉണ്ടായിരുന്നു.ഇവരെ കത്തികുത്തിവേണ്ടി മാത്രം പാര്‍ട്ടി നിയോഗിക്കുന്നവരാണ്  .ഇവര്‍ കോളേജില്‍ വരുന്നത് തന്നെ അരയില്‍ ഒരു പിച്ചാത്തിയും തിരുകിയാണ്. ഈ കത്തി വല്ലപ്പോഴുമെക്കെ അഭ്യാസ പ്രകടനങ്ങള്‍ കാട്ടി വിദ്യാര്‍ത്ഥികളെ  കാണിക്കറും ഉണ്ട്. ഈ പ്രകടനം കാണുബോള്‍ തന്നെ ഒട്ടു മിക്ക വിദ്യാര്‍ത്ഥികളും  രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയാണ് പതിവ്.എല്ലാവര്‍ക്കും അവരവരുടെ ജീവനാണല്ലോ വലുത്  .ഈ കുത്ത്കാരനായ ഗുണ്ടയായ നേതാവ് ഒരു സുപ്രഭാതത്തില്‍ കത്തിയുമെടുത്ത് ഇറങ്ങിയവനല്ല. എത്രയോ നാളായി  പല  പ്രസ്ഥാനത്തിന്‍റെ ഭാഗമായി  പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെ തേടിപ്പിടിച്ചു രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍  ആക്കുകയാണ് പതിവ് . ഈ കലാപരിപാടികള്‍ തന്നെയാണ് മക്ക കോളേജുകളിലെയും സ്ഥിതി. അങ്ങനെ ഈ ക്രിമിനലുകള്‍ കലാലയങ്ങളെ   കാരാഗൃഹങ്ങള്‍ ആക്കി മാറ്റുന്നു. അവര്‍ രാഷ്ട്രിയത്തില്‍ പതുക്കെ പിടിമുറുക്കുന്നു.

 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ ഇപ്പോഴത്തെ സ്ഥിതി എല്ലാ   വിദ്യഭാസസ്ഥാപനങ്ങള്‍ക്കും ഒരു പാഠം ആയിരിക്കണം.നിവര്‍ത്തിയില്ലാതെ എത്രയോ കുട്ടികളെയാണ് രക്ഷിതാക്കള്‍ ഒരു പിടി സ്വപ്ങ്ങളുമായി കോളേജിലേക്ക് അയക്കുന്നത്. എത്ര എത്ര കുട്ടികളുടെയും രക്ഷിതാക്കളുടെയും കണ്ണീര്  കണ്ടാലും നാമും നമ്മുടെ സമൂഹവും പഠിക്കില്ല. എത്ര എത്ര കുട്ടികളെ  രക്തസാക്ഷികള്‍ ആക്കി ,  എത്രയോ കുട്ടികളെ ചത്തതിനും ജീവിക്കുന്നതിനും ഒപ്പം ജീവിക്കുന്നു . എത്രയോ കുട്ടികള്‍  പഠനം ഉപേക്ഷിച്ചു പോയി. ഇവരെല്ലാം പല രക്ഷിതാക്കള്‍ക്കും രക്ഷകര്‍ ആകേണ്ടവര്‍ ആണ്   .തെറ്റുകള്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കുട്ടികളുടെ ഭാവിയെ ജീവിതമോ അല്ല വലുത് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ്.

.എല്ലാ രാഷ്ട്രീയക്കാരും കുട്ടികളെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്നു. ഇതു കുട്ടികളോടുള്ള സ്‌നേഹം കൊണ്ടല്ല
എന്ന് എല്ലവര്‍ക്കും അറിയാം. ഇന്ന് വിദ്യാഭ്യാസം  വാണിജ്യവല്‍ക്കരിക്ക പെട്ടിരിക്കുന്നു. ഇന്ന് ഗുരു ശിഷ്യ ബന്ധങ്ങള്‍ ഇല്ല. പകരം കുറെ രാഷ്ട്രീയക്കാരും അവരുടെ കുട്ടികളും മാത്രമായി അധപധിച്ചിരിക്കുന്നു.

 സാക്ഷര കേരളത്തിന്‍റെ ഏറ്റവും വലിയ ശാപം വിദ്യാര്‍ത്ഥിസമൂഹത്തെ രാഷ്ട്രീയ വത്കരിക്കുന്നതാണ്.  നമ്മുടെ കുട്ടികളെ , കുട്ടികള്‍ ആയി തന്നെ കാണുക , അവരെ എസ്എഫ്‌ഐ കാരനായും  കെ.എസ് .യു ക്കാരനായും  എബിവിപിക്കാരനായും  കാണാതിരിക്കുക .രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിദ്യാര്‍ത്ഥിസമൂഹം  മുക്തമാക്കിയെങ്കില്‍ മാത്രമേ  നമ്മുടെ കലാലയങ്ങളില്‍ സമാധാനം കൈവരിക്കുള്ളൂ. അങ്ങനെ ആയാല്‍  മിക്ക  മേഖലകളിലും സംഭവിച്ച മൂല്യച്യുതിയും  നമ്മുടെ കലാലയങ്ങളിലേക്കും പടര്‍ന്നു പിടിച്ച  സാംസ്കാരിക തകര്‍ച്ചയും  ഒരു പരിധി വരെ മാറ്റുവാന്‍ കഴിയും

നല്ല നാളെയുടെ സ്രഷ്ടാവ് കൂടിയാണ് വിദ്യാര്‍ത്ഥി. വരും തലമുറക്ക് ജ്ഞാനത്തിന്റെവെളിച്ചം കൊടുക്കേണ്ടവര്‍. അവന്റെ ആത്മീയ ജീവിതത്തിന്റെ
നിറവാര്‍ന്ന പുസ്തകം വായിച്ചിട്ടു വേണം പുതിയ സമൂഹത്തില്‍  ജീവിക്കാന്‍. കാലവും ചുറ്റുപാടുകളും തിന്മകള്‍ക്കായി നിലവിളി കൂട്ടുമ്പോള്‍ സംശുദ്ധമായ ജീവിതം കൊണ്ട് തിരുത്തു കുറിക്കേണ്ടത് വിദ്യാര്‍ത്ഥിയുടെ ബാധ്യതയാണ്. ആത്മാവിനും സമൂഹത്തിനും അവന്റെ ജ്ഞാനത്തിന്റെ പ്രകാശം നല്‍കുമ്പോഴാണ് ഒരു നല്ല പൗരന്‍ രൂപപ്പെടുന്നത്. അറിവും, അറിവു നല്‍കുന്ന പാഠവും തുടര്‍ന്നുള്ള അവന്റെ ജീവിത നടപ്പുകളും നല്ല രാഷ്ട്രത്തിന്റെയും സമൃദ്ധമായ നാളെയുടെയും സൃഷ്ടിപ്പിനു നിദാനമാണ്.
.
അഴിമതിയും പീഡനങ്ങളും അക്രമ പ്രവര്‍ത്തനങ്ങളുമില്ലാത്ത ഒരു രാജ്യം സാധിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു മാറ്റങ്ങള്‍ തുടങ്ങണം.
അവരാണു നാളെയുടെ പൗരന്മാര്‍. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഉന്നമനങ്ങള്‍ക്കു മുന്നില്‍നടക്കേണ്ടത് ഈ പൗരന്‍മാരാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക