Image

രാമായണം ഒരു കഥാ കാവ്യം (രാമായണ ചിന്തകള്‍ 2: അനില്‍ പെണ്ണുക്കര)

Published on 18 July, 2019
രാമായണം ഒരു കഥാ കാവ്യം (രാമായണ ചിന്തകള്‍ 2: അനില്‍ പെണ്ണുക്കര)
രാമായണം ഒരു ഭക്തി കാവ്യമല്ല. ആദി കവിയുടെ അസാധാരണമായ പ്രതിഭാ വിലാസത്താല്‍ അനാവൃതമായ ഒരു കഥാകാവ്യമാണ് രാമായണം. ദേശ കാലങ്ങള്‍ക്ക് അതീതമായി മനുഷ്യ മനോവൃത്തിയുടേയും ജീവിതത്തിലെ സൂക്ഷ്മ വിശകലനങ്ങളുടേയും പ്രകൃതിയിലെ ചലന ഗതികളുടെ സമ്പൂര്‍ണ്ണ പരിച്ഛേദമാണെന്ന് മലയാളിക്ക് ബോധ്യമായത് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് നമ്മുടെ മുന്‍പില്‍ ഉദയം ചെയ്തപ്പോഴാണ്.

മനുഷ്യന്റെ അതിസൂക്ഷ്മ ചിത്തവൃത്തികളുടെ പ്രതിഫലനം അവരുടെ ശാരീരിക ഭാഷകളിലും ചിന്തകളിലും എഴുതാതെ വരികള്‍ക്കിടയിലൂടെ എഴുത്തച്ഛന്‍ എഴുതിപ്പാടി.ധര്‍മ്മാനുഷ്ഠാനത്തിലാണ് ജീവിതത്തിന്റെ ആധാരശില.ധര്‍മ്മം അഴിക്കപ്പെട്ടാല്‍ അത് മനുഷ്യ ജീവിതത്തെത്തന്നെ നശിപ്പിക്കും. ധര്‍മ്മം സംരക്ഷിക്കപ്പെട്ടാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കും എന്ന വിളംബരമാണ് രാമായണത്തിന്റെ മുഖമുദ്ര.രമയ്ക്ക് വിഷ്ണുവും നിശയ്ക്ക് ശശാങ്കനും എന്ന പോലെ രാമന് സീത.

രാമന്‍ ധര്‍മ്മത്തോട് രമിക്കുന്നവനാണ്.രാമവനത്തിലെ ഏറ്റവും മനോഹരമായ സൗഗന്ധിക പുഷ്പമാണ് സീത.അശോകവനികയില്‍ സീതയുടെ കാല്‍ക്കല്‍ വീണു കിടക്കുന്ന അശോകവനികയില്‍ സീതയുടെ കാല്‍ക്കല്‍ വീണു കിടക്കുന്ന അശോക പുഷ്പങ്ങളുടെ ശോക ഗന്ധത്തിലാണ് രാമായണത്തിന്റെ മുഴുവന്‍ സൗരഭ്യവും അടങ്ങിയിരിക്കുന്നത്.അങ്ങനെ രാമായണം സീതായനം കൂടിയാകുന്നു.

ദശരഥനെ പോലെ ഒരച്ഛന്‍, കൗസല്യയെ പോലെ ഒരമ്മ, ലക്ഷ്മണനെ പോലെ ഒരു അനുജാതന്‍, സീതയെപ്പോലെ ഒരു പത്‌നി, ഹനുമാനെ പോലെ ഒരു ശിഷ്യന്‍, വസിഷ്ഠനെ പോലെ ഒരു ഗുരുനാഥന്‍, ഇവരെല്ലാം രാമായണത്തിന്റെ വാടാമലരുകളാണ്. കര്‍ക്കടകത്തിലെ ഓരോ രാമായണ വായനയിലും ഈ ബന്ധങ്ങള്‍ വായനക്കാരന്റെ മുന്നില്‍ ഒരു പുതിയ കുടുംബ ചിഹ്നമുണ്ടാക്കുന്നു. ഇതിന്റെ സമന്വിതമായ ആശയ പ്രകാശനം കൊണ്ടാണ് രാമായണം രാമസ്തുതിയായി മാറുന്നത്.

രാമായണം പലതുണ്ടെങ്കിലും എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ്  കര്‍ക്കിടക രാവുകള്‍ക്ക് കളങ്കരഹിതമായ കാന്തി പകരുന്നത്. ആഷാഢ സന്ധ്യയിലെ അശാന്തി രാമായണത്തിന്റെ പുനര്‍വായനയിലൂടെ ഇല്ലാതാകുന്നു. ആധ്യാത്മികമായ ചിന്തയുടേയും കീര്‍ത്തനത്തിന്റെയും പാതയിലൂടെ മാത്രമേ പരമമായ മോക്ഷം കൈവരൂ എന്ന് ഒരച്ഛന്റെ കര്‍ക്കശമായ താക്കീത് നല്‍കിയ ശേഷമാണ് തുഞ്ചന്‍ പറമ്പിലെ കാഞ്ഞിരമരത്തില്‍ എഴുത്തച്ഛന്റെ ശാരിക വിശ്രമിച്ചത്.ആ നാവു തന്നെയായിരുന്നല്ലോ ശാരികപ്പൈതലും. ശാരികയുടെ നാവിന്‍ തുമ്പില്‍ രാമനാമം തുളസീദള പവിത്രതയോടെ എഴുത്തച്ഛന്‍ പാടിച്ചത് പരമപാവനമായ ഒരു അനുഷ്ഠാനത്തിന്റെ തുടക്കത്തിന് കാലത്തെയും ജനത്തേയും സജജമാക്കുവാന്‍ വേണ്ടിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക