Image

മഴക്കെടുതി: മരിച്ചവരുടെ എണ്ണം എട്ടായി

Published on 21 July, 2019
മഴക്കെടുതി: മരിച്ചവരുടെ എണ്ണം എട്ടായി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് നാലുപേര്‍കൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

കഴിഞ്ഞദിവസം നീണ്ടകരയില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് തീരത്തടിഞ്ഞു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് നീരോടി സ്വദേശി സഹായരാജ് (30) ആണു മരിച്ചത്. മറ്റു രണ്ടുപേരെ കണ്ടെത്താനായിട്ടില്ല.

കോട്ടയം കിടങ്ങൂരില്‍ കഴിഞ്ഞദിവസം വെള്ളത്തില്‍ വീണു കാണാതായ മനേഷ് സെബാസ്റ്റ്യന്റെ മൃതദേഹം കിട്ടി. മഴയില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് കൊച്ചി വൈപ്പിന്‍ എടവനക്കാട്ട് നിര്‍മാണത്തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി തങ്കവേലു(32) മരിച്ചു. മറ്റൊരു തൊഴിലാളിക്കു പരിക്കേറ്റു.

തൃശ്ശൂര്‍ പുത്തന്‍ചിറ കരിങ്ങോള്‍ചിറയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കരൂപ്പടന്ന നെടുങ്ങാണത്തുകുന്ന് തേര്‍ക്കയില്‍ പ്രകാശന്റെ മകന്‍ വിഷ്ണു (19) ആണ് മരിച്ചത്.

കണ്ണൂര്‍ ഉളിക്കലിനു സമീപം കനത്ത മഴയില്‍ ജീപ്പ് ചപ്പാത്തിനു(പാലം) മുകളില്‍നിന്ന് മണിക്കടവ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി. മൂന്നുപേര്‍ രക്ഷപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. കാരിത്തടത്തില്‍ ലിതീഷ് (30)നെയാണു കാണാതായത്.

വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ അതിതീവ്ര മഴയാണു പ്രതീക്ഷിക്കുന്നത്.

18 കുടുംബങ്ങളിലെ 75 പേരെക്കൂടി ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 17 ആയി. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക