Image

ലൈംഗിക ചൂഷണ കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിനോയ്‌ കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു

Published on 22 July, 2019
 ലൈംഗിക ചൂഷണ കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിനോയ്‌ കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു


മുംബൈ: യുവതി നല്‍കിയ ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ്‌ കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസെടുത്ത കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ബിനോയ്‌ കോടതിയെ സമീപിച്ചത്‌. ഹരജി ഈ മാസം 24ന്‌ മുംബൈ ഹൈക്കോടതി പരിഗണിക്കും.

ബിനോയ്‌ക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ്‌ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ബിനോയ്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌.

മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ്‌ കോടിയേരി ഇന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകും. ഡി.എന്‍.എ പരിശോധനയ്‌ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്‌.

കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്‌. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡി.എന്‍.എ പരിശോധനയ്‌ക്ക്‌ രക്ത സാമ്പിളുകള്‍ നല്‍കാനാവില്ലെന്ന്‌ ബിനോയ്‌ കോടിയേരി പറഞ്ഞിരുന്നു.

ഒരു മാസത്തേയ്‌ക്ക്‌ എല്ലാ തിങ്കളാഴ്‌ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ്‌ ബിനോയിക്ക്‌ മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.

ജൂണ്‍ 13 നാണ്‌ ബിനോയ്‌ കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്‌. ദുബൈയില്‍ ഡാന്‍സ്‌ ബാറില്‍ ജോലി ചെയ്‌തിരുന്ന യുവതിയാണ്‌ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക