Image

തന്റെ ഭാഗത്തുനിന്ന് മനപ്പൂര്‍വമായ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി

Published on 22 July, 2019
തന്റെ ഭാഗത്തുനിന്ന് മനപ്പൂര്‍വമായ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: വിമത വൈദികര്‍ക്കെതിരെ വിമര്‍ശനവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചിലര്‍ വൈദികരെ തെറ്റിദ്ധരിപ്പിക്കുകയും പ്രതിഷേധങ്ങളിലേയ്ക്ക് നയിക്കുകയുമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തന്നെ സന്ദര്‍ശിച്ച കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളോട് സംസാരിക്കുമ്പോഴാണ് ആലഞ്ചേരി ഇക്കാര്യം പറഞ്ഞത്.

വൈദികരുടെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലൊരു പ്രതിഷേധം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറയുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം ഉണ്ടായതെന്ന് വ്യക്തമല്ല. ഇത്തരം പ്രതിഷേധ സമരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് തന്റെ ഭാഗത്തുനിന്ന് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് അറിയാവുന്ന കാര്യമാണ്. എന്നിട്ടും അവര്‍ മറ്റുചില ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും പ്രതിഷേധങ്ങളിലേയ്ക്ക് നയിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത്തരം പ്രതിഷേധങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും മറുപടി പറയാന്‍ താന്‍ തയ്യാറല്ല. അങ്ങനെ മറുപടി പ്രസ്താവനകള്‍ക്ക് ഇറങ്ങിയിരുന്നെങ്കില്‍ സഭ തന്നെ തകര്‍ന്നു പോകുമായിരുന്നു 

സഭയെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെ ഭൗതിക വസ്തുക്കളും അനിവാര്യമാണ്. അവയുടെ സംരക്ഷണത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഒരു കാര്യത്തിലും തന്റെ ഭാഗത്തുനിന്ന് മനപ്പൂര്‍വമായ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ കോടതി വ്യവഹാരങ്ങളും പ്രതിഷേധങ്ങളുമെല്ലാം സഭയ്ക്ക് ആകെ വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടവര്‍ യഥാസമയം മനസ്സിലാക്കണം. തനിക്ക് പറയാനുള്ളത് സിനഡിനെ അറിയിക്കും സിനഡ് ശരിയായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക