Image

കശ്‌മീര്‍ വിഷയം ; മോദി ട്രംപിനോട്‌ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ വിദേശകാര്യ മന്ത്രി

Published on 23 July, 2019
കശ്‌മീര്‍ വിഷയം ; മോദി ട്രംപിനോട്‌ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ വിദേശകാര്യ മന്ത്രി


ന്യൂഡല്‍ഹി: കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്‌. പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനോട്‌ ഒരു സഹായവും തേടിയിട്ടില്ലെന്ന്‌ വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കര്‍. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ്‌ വിദേശകാര്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്‌.

എന്നാല്‍ യു.എസ്‌. പ്രസിഡന്റിന്റെ പ്രസ്‌താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ പ്രതിപക്ഷം രാജ്യസഭയില്‍ ബഹളംവയ്‌ക്കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്ന്‌ രാജ്യസഭ ഉച്ചയ്‌ക്ക്‌ 12 മണി വരെ നിര്‍ത്തിവച്ചു.

അതേസമയം കശ്‌മീരിലേത്‌ ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ക്ക്‌ തയ്യാറായാല്‍ അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്ന്‌ വിദേശകാര്യ വക്താവ്‌ വ്യക്തമാക്കിയിരുന്നു. കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവനയില്‍ വിശദീകരണവുമായാണ്‌അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം എത്തിയിരിക്കുന്നത്‌.

ഭീകരതയ്‌ക്കെതിരായി പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന ശക്തമായ നടപടികളായിരിക്കും ഇന്ത്യയുമായുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനം. ചര്‍ച്ചയ്‌ക്ക്‌ അനുകൂലമായ സാഹചര്യമൊരുക്കുന്നതിനായി അമേരിക്ക പിന്തുണ നല്‍കുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുക എന്നതാണ്‌ പ്രധാനമെന്നും മന്ത്രാലയം പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക