Image

കശ്‌മീര്‍ പ്രശ്‌നത്തില്‍ മോഡി മധ്യസ്ഥത തേടിയെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ; വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം

Published on 23 July, 2019
കശ്‌മീര്‍ പ്രശ്‌നത്തില്‍  മോഡി  മധ്യസ്ഥത തേടിയെന്ന  ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ; വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം


ന്യൂഡെല്‍ഹി: കശ്‌മീര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മധ്യസ്ഥത തേടിയെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. അത്തരത്തില്‍ യാതൊരു അഭ്യര്‍ഥനയും ട്രംപിനോടു മോഡി നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

'ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നു യുഎസ്‌ പ്രസിഡന്റ്‌ പറഞ്ഞതായി കണ്ടു. അങ്ങനെയൊരു ആവശ്യമോ അഭ്യര്‍ഥനയോ പ്രധാനമന്ത്രി മോഡി നടത്തിയിട്ടില്ല. 

 പാകിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിഷയമാണ്‌. ഇക്കാര്യത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നാണു പ്രഖ്യാപിത നിലപാട്‌' എന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ രവീഷ്‌ കുമാര്‍ പറഞ്ഞു. സംഭവം വിവാദമായ സാഹചര്യത്തില്‍ ട്വിറ്ററിലൂടെയാണ്‌ രവീഷ്‌ കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ 50 നാളുകള്‍ പൂര്‍ത്തിയാക്കിയ ദിവസം തന്നെ കശ്‌മീര്‍ വിഷയത്തിലെ ട്രംപിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. 

സെപ്‌റ്റംബറില്‍ മോഡിയുടെ യുഎസ്‌ സന്ദര്‍ശനത്തിനു മുന്നോടിയായി ട്രംപും പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മിലുള്ള കൂടിക്കാഴ്‌ചയെ സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയായിരുന്നു ഇന്ത്യ. അതിനിടെയാണ്‌ മധ്യസ്ഥനാകാന്‍ മോഡി അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ പ്രസ്‌താവന വരുന്നത്‌.

ട്രംപിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്‌ ആയുധമാക്കി. വിഷയത്തില്‍ മോഡി വിദേശസഹായം തേടിയതു രാജ്യ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജെവാല കുറ്റപ്പെടുത്തി. 

ട്രംപിനെ മോഡി തള്ളുമോയെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും നയം മാറിയോയെന്ന്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഒമര്‍ അബ്ദുല്ലയും ചോദിച്ചു. വിഷയം ചൂടുപിടിച്ചതോടെയാണു വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്‌.

ട്രംപിനോടു മധ്യസ്ഥത വഹിക്കാന്‍ മോഡി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ്‌ രവീഷ്‌ കുമാര്‍ ട്വീറ്റ്‌ ചെയ്‌തു. പാകിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകള്‍ക്കും ഷിംല, ലഹോര്‍ കരാറുകളാണ്‌ അടിസ്ഥാനമാക്കുന്നത്‌. 

ചര്‍ച്ചകള്‍ പുരോഗമിക്കണമെങ്കില്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്ന്‌ കോണ്‍ഗ്രസ്‌ നിലപാടെടുത്തതോടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുമെന്ന്‌ ഉറപ്പായി.

പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കഴിഞ്ഞദിവസം വൈറ്റ്‌ ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌, കശ്‌മീര്‍ പ്രശ്‌നത്തില്‍ അമേരിക്കയ്‌ക്ക്‌ ഇടപെടാന്‍ കഴിഞ്ഞേക്കുമെന്ന്‌ ട്രംപ്‌ പ്രതികരിച്ചത്‌. കശ്‌മീര്‍ വിഷയം മോഡി തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെന്നും പ്രശ്‌നത്തില്‍ മധ്യസ്ഥനാകുന്നതില്‍ മോഡിക്ക്‌ എതിര്‍പ്പില്ലെന്നുമാണു കരുതുന്നതെന്നുമാണു ട്രംപ്‌ പറഞ്ഞത്‌.

സംഭവം വിവാദമായതോടെ കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്‌ക്ക്‌ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവനയില്‍ വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. മധ്യസ്ഥതയല്ല സഹായമാണ്‌ ഉദ്ദേശിച്ചതെന്ന്‌ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക