Image

ചന്ദ്രയാന്‍ 2: പ്രശംസ ചൊരിഞ്ഞ്‌ നാസ, ഐഎസ്‌ആര്‍ഒയ്‌ക്ക്‌ അഭിനന്ദന പ്രവാഹം

Published on 23 July, 2019
 ചന്ദ്രയാന്‍ 2:  പ്രശംസ ചൊരിഞ്ഞ്‌ നാസ, ഐഎസ്‌ആര്‍ഒയ്‌ക്ക്‌ അഭിനന്ദന പ്രവാഹം


ശ്രീഹരിക്കോട്ട: ബഹിരാകാശ നേട്ടങ്ങളുടെ ചരിത്രത്തില്‍  ലോകത്ത്‌ ഇതുവരെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ലാത്ത നേട്ടമാണ്‌ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക്‌ ചന്ദ്രയാന്‍ 2നെ പറഞ്ഞയക്കുന്നതിലൂടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്‌.

ഏറെ സങ്കീര്‍ണായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്‌ഐര്‍ഒയ്‌ക്ക്‌ രാജ്യത്തിന്‌ അകത്ത്‌ നിന്നും ആഗോളതലത്തിലും അഭിനന്ദന പ്രവാഹമാണ്‌. പാക്‌ മാധ്യമങ്ങള്‍ ഇന്ത്യന്‍ നേട്ടത്തെ വിലകുറച്ച്‌ കാട്ടാനുളള ശ്രമമാണ്‌ നടത്തിയത്‌ എങ്കിലും പാക്‌ ജനത സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്‌.


132 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളെയാണ്‌ ബാഹുബലി എന്ന ഓമനപ്പേരുളള ഐഎസ്‌ആര്‍ഒയുടെ ജിഎസ്‌എല്‍വി മാര്‍ക്ക്‌ 3 റോക്കറ്റ്‌ ചന്ദ്രനിലേക്ക്‌ എത്തിക്കുന്നത്‌. ജൂണ്‍ 15ന്‌ നിശ്ചയിച്ച വിക്ഷേപണം സാങ്കേതിക തകരാര്‍ കാരണമാണ്‌ നീട്ടി വെയ്‌ക്കേണ്ടതായി വന്നത്‌. 

എന്നാല്‍ എല്ലാ ആശങ്കകളും തൂത്തെറിഞ്ഞ്‌ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 2.43ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. വളരെ കുറഞ്ഞ ചിലവില്‍ ഇന്ത്യ നടത്തിയ ഈ കുതിപ്പ്‌ ലോകരാജ്യങ്ങളുടെയും നാസയുടേയും അടക്കം പ്രശംസ ഏറ്റുവാങ്ങുകയാണ്‌.


ഐഎസ്‌ആര്‍ഒയെ അഭിനന്ദിച്ച്‌ നാസ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്‌. '' ചന്ദ്രനെ പഠിക്കാനുളള ഐഎസ്‌ആര്‍ഒയുടെ ചന്ദ്രയാന്‍ 2 മിഷന്‌ അഭിനനന്ദനങ്ങള്‍. തങ്ങളുടെ ഡീപ്‌ സ്‌പേസ്‌ നെറ്റ്വര്‍ക്ക്‌ വഴി ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്‌. 

ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ തങ്ങള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക്‌ ആര്‍ടിമിസ്‌ മിഷനിലൂടെ മനുഷ്യനെ അയക്കാനൊരുങ്ങുകയാണ്‌. അതുകൊണ്ട്‌ തന്നെ നിങ്ങള്‍ ചന്ദ്രയാനിലൂടെ ദക്ഷിണധ്രുവത്തെ കുറിച്ച്‌ എന്ത്‌ കണ്ടെത്തുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണ്‌ '' എന്നാണ്‌ നാസയുടെ ട്വീറ്റ്‌.

വിവിധ ലോകമാധ്യമങ്ങള്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 നേട്ടത്തെ വന്‍ പ്രധാന്യത്തില്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇന്ത്യ ചന്ദ്രനിലേക്കുളള യാത്രയിലാണ്‌ എന്നാണ്‌ പ്രമുഖ അമേരിക്കന്‍ ദിനപത്രം ചന്ദ്രയാന്‍ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്‌.

 അപ്പോളൊ 11 ലൂടെ മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‌ കുത്തിയതിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പമാണ്‌ ചന്ദ്രയാന്‍ ദൗത്യമെന്ന്‌ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ ഓര്‍മ്മപ്പെടുത്തുന്നു. ചിലവ്‌ കുറച്ച്‌ ഇന്ത്യ ഈ വന്‍ ദൗത്യം സാധ്യമാക്കിയതിനേയും വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ അഭിനന്ദിക്കുന്നു.

ദൗത്യം വിജയിക്കുകയാണെങ്കില്‍ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കുമെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക