Image

ചിങ്ങം ഒന്നിന് 'കര്‍ഷക കണ്ണീര്‍ദിന'മായി കര്‍ഷകസംഘടനകള്‍ പ്രതിഷേധിക്കും: ഇന്‍ഫാം

Published on 23 July, 2019
ചിങ്ങം ഒന്നിന് 'കര്‍ഷക കണ്ണീര്‍ദിന'മായി  കര്‍ഷകസംഘടനകള്‍ പ്രതിഷേധിക്കും: ഇന്‍ഫാം
കൊച്ചി: കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകളില്‍ എതിര്‍പ്പുമായി ചിങ്ങം ഒന്ന് 'കര്‍ഷക കണ്ണീര്‍ദിന'മായി കര്‍ഷകസംഘടനകള്‍ പ്രതിഷേധിക്കുമെന്ന് ഇന്‍ഫാം. 

കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കടക്കെണിയും കര്‍ഷക ആത്മഹത്യകളും വന്യമൃഗശല്യവും പെരുകുമ്പോള്‍ ഖജനാവിലെ കോടികള്‍ ചെലവഴിച്ചുള്ള ധൂര്‍ത്തും കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിത പിരിവു നടത്തിയും സര്‍ക്കാര്‍വക കര്‍ഷക ദിനാചരണം പ്രഹസനമാണെന്നും കര്‍ഷകര്‍ നിലനില്‍പ്പില്ലാതെ സ്വയം ജീവന്‍ വെടിയുമ്പോള്‍ കര്‍ഷകദിനാചരണം നടത്തി സര്‍ക്കാരും കൃഷിവകുപ്പും കര്‍ഷകരെ അപമാനിക്കരുതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി,സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 

ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ താലൂക്ക് ഓഫീസുകളിലേയ്ക്കും ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കര്‍ഷകര്‍ മാര്‍ച്ച് ചെയ്യും. തുടര്‍ന്ന് താലൂക്ക് ഓഫീസുകള്‍ക്കുമുമ്പില്‍ കര്‍ഷകപ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിക്കും. കര്‍ഷക ഡിമാന്റുകള്‍ വിളംബരം ചെയ്യും. 

പ്രളയദുരന്ത നിവാരണപ്രക്രിയകളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ദുരിതാശ്വാസനിധിയിലെ പണംപോലും രാഷ്ട്രീയ നേതാക്കള്‍ വീതംവെച്ചെടുക്കുന്നു. കാര്‍ഷിക കടങ്ങളി•േലുളള മോറട്ടോറിയം ഉത്തരവുകള്‍  നടപ്പിലാക്കുവാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. പതിറ്റാണ്ടുകളായി കര്‍ഷകര്‍ കൃഷിചെയ്യുന്ന ഭൂമി സര്‍ക്കാര്‍ രേഖകള്‍ തിരുത്തി റവന്യൂ, സര്‍വ്വേ രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ ചേര്‍ന്ന് ക്വാറി ഖനന മാഫിയകള്‍ക്കുവേണ്ടി തട്ടിയെടുത്ത് കര്‍ഷകനെ പെരുവഴിയിലാക്കുന്നു. വനങ്ങളില്‍ മൃഗങ്ങള്‍ പെരുകി കൃഷിയിടങ്ങളിലേയ്ക്കിറങ്ങി കര്‍ഷകജീവനും കൃഷിക്കും നിലനില്‍പ്പില്ലാത്ത സ്ഥിതിവിശേഷമാണിന്ന്. വന്യമൃഗശല്യത്തെക്കാള്‍ അതിരൂക്ഷമായ ഉദ്യോഗസ്ഥപീഢനമാണ് കര്‍ഷകര്‍ നേരിടുന്നത്. സര്‍ക്കാര്‍ ഉത്തരവുകള്‍ പോലും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുമ്പോള്‍ ഭരണതലത്തില്‍ വലിയ വീഴ്ചയാണ് പ്രതിഫലിക്കുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ കര്‍ഷക അത്മഹത്യയില്‍ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുവാന്‍ മത്സരിക്കുന്നത് ദുഃഖകരമാണെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 

കേരളത്തിലെ എല്ലാ കര്‍ഷക പ്രസ്ഥാനങ്ങളും ചിങ്ങം ഒന്ന് കര്‍ഷക കണ്ണീര്‍ദിനമായി പ്രതിഷേധിക്കുവാന്‍ മുന്നോട്ടുവരണമെന്നും കര്‍ഷകര്‍ സംഘടിച്ചുനീങ്ങുവാന്‍ തയ്യാറാകണമെന്നും ഇന്‍ഫാം കര്‍ഷകരോട് ആഹ്വാനം ചെയ്തു. 

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക