Image

രണ്ട്‌ കരാറുകളില്‍ കുവൈറ്റ്‌- ഇറാക്ക്‌ സഹകരണം

Published on 02 May, 2012
രണ്ട്‌ കരാറുകളില്‍ കുവൈറ്റ്‌- ഇറാക്ക്‌ സഹകരണം
കുവൈറ്റ്‌ സിറ്റി: കുവൈറ്റും ഇറാഖും തമ്മില്‍ രണ്ടു കരാറുകളില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കമ്മീഷന്‍ രൂപവല്‍ക്കരിക്കുന്നതിനും അബ്ദുല്ല വാട്ടര്‍വേയിലെ നാവിക ഗതാഗതം സംബന്ധിച്ചുമുള്ള കരാറുകളിലാണ്‌ കുവൈത്ത്‌ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായശൈഖ്‌ സ്വബാഹ്‌ അല്‍ ഖാലിദ്‌ അസ്വബാഹും ഇറാഖ്‌ വിദേശകാര്യമന്ത്രി ഹോഷിയാര്‍ സബരിയും ഇറാഖ്‌ തലസ്ഥാനമായ ബഗ്‌ദാദില്‍ ഒപ്പുചാര്‍ത്തിയത്‌.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി രൂപവല്‍ക്കരിച്ച സംയുക്ത സമിതി (ജോയന്‍റ്‌ വര്‍ക്കിങ്‌ കമ്മിറ്റി) യോഗത്തിന്‍െറ തീരുമാന പ്രകാരമാണ്‌ കരാറുകള്‍ തയാറായത്‌. ഞായറാഴ്‌ചയും ഇന്നലെയുമായി ദീര്‍ഘനേരം ചര്‍ച്ച ചെയ്‌ത ശേഷമാണ്‌ ജോയന്‍റ്‌ വര്‍ക്കിങ്‌ കമ്മിറ്റി കരാറുകള്‍ സംബന്ധിച്ച്‌ തീരുമാനത്തിലെത്തിയത്‌.

വിവിധ തലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ്‌ സഹകരണ കരാര്‍ ഒപ്പുവെച്ചത്‌. രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ രംഗങ്ങളിലെ സഹകരണമെല്ലാം ഇതിന്‍െറ പരിധിയില്‍ വരും. അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചാണ്‌ അബ്ദുല്ല വാട്ടര്‍വേയിലെ നാവിക ഗതാഗതവുമായി ബന്ധപ്പെട്ട കരാര്‍ രൂപപ്പെപടുത്തിയിരിക്കുന്നത്‌.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും ജോയന്‍റ്‌ വര്‍ക്കിങ്‌ കമ്മിറ്റി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്‌തതായി യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഹോഷിയാര്‍ സബരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കും മറ്റുമായി കുവൈത്ത്‌ പ്രധാനമന്ത്രിയും സംഘവും ഈ വര്‍ഷാവസാനം ഇറാഖ്‌ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുബാറക്‌ അല്‍ കബീര്‍ തുറമുഖമടക്കം വിവിധ വിഷയങ്ങളില്‍ സഹകരണത്തിന്‌ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും കുവൈത്ത്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇതുസംബന്ധിച്ച വ്യക്തമായ പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈത്ത്‌ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ മുസ്‌തഫ അല്‍ ശിമാലി, കമ്യൂണിക്കേഷന്‍ മന്ത്രി സാലിം അല്‍ ഉതൈന, എണ്ണമന്ത്രി ഹാനി അല്‍ ഹുസൈന്‍, അമീരി ദിവാന്‍ ഉപദേശകന്‍ മുഹമ്മദ്‌ അബുല്‍ ഹസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇറാഖ്‌ സംഘത്തില്‍ ധനമന്ത്രി റഫ അല്‍ ഇസാവി, ഗതാഗത മന്ത്രി ഹാദി അല്‍ അമീരി, മനുഷ്യാവകാശ മന്ത്രി മുഹമ്മദ്‌ അല്‍ സുദാനി തുടങ്ങിയവരാണുണ്ടായിരുന്നത്‌.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന്‌ ഇറാഖ്‌ വൈസ്‌ പ്രസിഡന്‍റ്‌ ഖുദൈര്‍ അല്‍ ഖസായിയും വ്യക്തമാക്കി. തന്നെ സന്ദര്‍ശിച്ച കുവൈത്ത്‌ മാധ്യമപ്രവര്‍ത്തകരോടാണ്‌ അദ്ദേഹമ ഇക്കാര്യം വ്യക്തമാക്കിയത്‌.

സര്‍ക്കാര്‍ തലത്തിലെ ഉന്നത സംഘത്തിനൊപ്പം നിരവധി മാധ്യമ പ്രവര്‍ത്തകരും വാണിജ്യ,വ്യവസായ മേഖലകളിലെ പ്രമുഖരും ഇറാഖിലെത്തിയിട്ടുണ്ട്‌. ഇറാഖിലെ നിക്ഷേപ സാധ്യതകള്‍ മനസ്സിലാക്കാനും മറ്റുമായാണ്‌ വാണിജ്യ,വ്യവസായ പ്രമുഖരുടെ സന്ദര്‍ശനം. നാഷണല്‍ ഇന്‍വെസ്റ്റ്‌ അതോറിറ്റി മേധാവി ഡോ. സാമി അല്‍ അറാജിയുടെ നേതൃത്വത്തിലാണ്‌ വാണിജ്യ, വ്യവസായ സംഘം എത്തിയിരിക്കുന്നത്‌.
രണ്ട്‌ കരാറുകളില്‍ കുവൈറ്റ്‌- ഇറാക്ക്‌ സഹകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക