Image

ഇടിവെട്ടും മിന്നലും സാന്ത്വനം (എം.കെ. മത്തായി)

Published on 28 July, 2019
ഇടിവെട്ടും മിന്നലും സാന്ത്വനം (എം.കെ. മത്തായി)
മതില്‍ ചാടി മറയുന്ന വെയിലിനു
കുളിരേറും കാറ്റിന്റെ പിന്‍വിളി
നീളുന്ന നിഴലിന്റെ നെറുകയില്‍
വിളറും  നിലാവിന്റെ ചുംബനം

തല തോര്‍ത്തും മഞ്ഞിന് മറുതുണി
മരം പെയ്യും  കാടിന്റെ കമ്പളം
വാ പൊത്തി കരയുന്ന കാര്‍മുകില്‍
ഇടിവെട്ടും മിന്നലും സാന്ത്വനം

വെയില്‍ കായും മണ്ണിന്റെ നറു മണം
മഴ മാറും  പുല്‍നാമ്പില്‍ മരതകം
മരം കേറുമിരുളിന്റെ ആലസ്യം
ഇരകണ്ട രാവിന്റെ ഏമ്പക്കം
.........
പിന്നാമ്പുറം

ഒരു നിമിഷം മുന്‍പ് മുറ്റത്തുണ്ടായിരുന്നൂ വെയില്‍ ദാ ഇപ്പോള്‍ മതിലിനപ്പുറത്ത് നില്‍ക്കുന്നു ഒഴിഞ്ഞു പോകാനുള്ള ശ്രമം തന്നെ  കാറ്റു പിറകെ ചെന്നു വിളിച്ചു ക്ഷമിച്ചു കൂടെ പോകാതിരുന്നൂടെ നല്ല കുളിര്

അകന്നു പോകുന്ന നിഴലിന്റെ പിന്നാലെ ചെന്നു വിളറി വെളുത്ത നിലാവ് നല്‍കി ഓര്‍ത്തു വെക്കാനൊരു സമ്മാനം

ഇനിയിപ്പോള്‍ കുളിച്ചു കയറുക തന്നെ ഈറന്‍ മാറാന്‍ എന്തുണ്ട് മഞ്ഞിന്റെ ആത്മഗതം കാട് പറഞ്ഞു എന്നെ വാരി പുതച്ചോളൂ

കടലില്‍ നിന്നു വാരി എടുത്തു മാറോടു ചേര്‍ത്തു ആകാശങ്ങള്‍ താണ്ടി ഇന്നിപ്പോള്‍ വിട്ടുകൊടുക്കണമെന്ന് ഭൂമിയില്‍ വീണു ചിതറാന്‍ കാര്‍മുകില്‍ കേണു ഛേ വാ പൊത്തെടീ ഇതൊക്കെ നാട്ടു നടപ്പാ ഇടിവെട്ടി അലറി മിന്നല്‍ പറഞ്ഞു കാര്യമാക്കേണ്ട കരഞ്ഞു തീര്‍ത്തോളൂ ഇടവേളകളില്‍

വെയില്‍ കായാന്‍ മേലുണക്കാന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മണ്ണിന്റെ മണം അതെനിക്കിഷ്ട്ടം

 മഴ കഴിഞ്ഞ പക്ഷെ വെയിലിനു മുന്‍പത്തെ ഇടവേളകളില്‍ മുക്കുറ്റിപ്പൂവിലും പുല്‍ത്തുമ്പിലും ഞാന്‍ കണ്ടിട്ടുണ്ട് തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങള്‍

ആ മരത്തിന്റെ ചില്ലയില്‍ ഒരു കീറ് വെളിച്ചം തങ്ങി നില്‍ക്കുന്നു അതു കൂടി എത്തിപിടിച്ചാല്‍ വിശ്രമിക്കാം ഇരുളിന്റെ ആത്മഗതം

അവസാനം ഓടിത്തളര്‍ന്നു എന്റെ വായില്‍ തന്നെ വന്നു പെട്ടു ഇതും കഴിഞ്ഞാല്‍ ഒരു ഏമ്പക്കം അത്രയേ വേണ്ടൂ രാവിന്റെ വീമ്പ്‌

Join WhatsApp News
വിദ്യാധരൻ 2019-07-28 23:58:48
കാനനപ്പൊയ്കയിൽ കണ്ണാടി നോക്കുന്ന
താമരമൊട്ടുകൾ പോലെ 
മണ്ണിനെ നോക്കി കൊതിതുള്ളി നിൽക്കുന്ന  
വിണ്ണിലെ താരകൾപോലെ
-------------------------------------------
-------------------------------------------

ഭാവനയ്ക്കുള്ളിലും ക്യാമറയ്ക്കുള്ളിലും 
ജീവിതം ചെന്നിറങ്ങുമ്പോൾ, 
റിയലിസവും റീയാലിറ്റിയുമാണ് -പ്രതി
ച്ഛായകൾ രണ്ടായിരിക്കും!
ഒന്നിൽ പ്രകൃതിയും മാനവാത്മാവുമായി 
ഒന്നുചേരുന്നത് കാണാം. 
ഒന്നിൽ പ്രകൃതിയൊരിത്തിരിചില്ലിന്റെ 
മുന്നിൽ നിൽക്കുന്നതും കാണാം  (  റിയലിസവും റീയാലിറ്റിയും -വയലാർ )

പ്രകൃതിയേയും മാനവാത്മാവിനെയും ഭാവനയിൽ   സംശ്ലേഷിപ്പിച്ചെഴുതിയ മനോഹരമായ ഒരു കവിത    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക