Image

ശരിതെറ്റുകള്‍ക്ക് ഉത്തരമില്ലാത്ത വിമോചന സമരത്തിന് അറുപത് വയസ് (ശ്രീനി)

Published on 31 July, 2019
ശരിതെറ്റുകള്‍ക്ക് ഉത്തരമില്ലാത്ത വിമോചന സമരത്തിന് അറുപത് വയസ് (ശ്രീനി)
ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ കേറളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിയ വിമോചന സമരത്തിന് ഇന്ന് (ജൂലൈ 31) അറുപതാണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് വിമോചന സമരാഘാതത്തില്‍ വീഴ്ത്തപ്പെട്ടത്. സമരത്തിനു പിന്നാലെ ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  1959 ജൂലൈ 31നാണ് സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടത്. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച ആദ്യ സംഭവവും ഇതായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയില്‍ നിര്‍വഹിക്കാന്‍ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോള്‍ ഗവണ്മെന്റിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതി ഈ വകുപ്പനുസരിച്ചുള്ള അധികാരം ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന്റെ കാരണം പ്രസ്തുത വകുപ്പിന്റെ പരിധിയിലുള്ളതാണോ എന്നതിന്റെ ഉത്തരം ഇനിയും കിട്ടിയിട്ടില്ല. ഇന്ത്യയുടെ പ്രഥമ പ്രസിഡന്റായിരുന്ന രാജേന്ദ്ര പ്രസാദാണ് വിവാദ കോലാഹലമുണ്ടാക്കിയ ഈ നടപടിയെടുത്തത്.

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് 1957 ഏപ്രില്‍ അഞ്ചിനാണ്.  അദ്ദേഹത്തോടൊപ്പം, ടി.വി  തോമസ്, സി അച്യുതമേനോന്‍, കെ.സി ജോര്‍ജ്ജ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആര്‍ മേനോന്‍, കെ.പി ഗോപാലന്‍, വി.ആര്‍ കൃഷ്ണയ്യര്‍, ടി.എ മജീദ്, പി.കെ ചാത്തന്‍, കെ.ആര്‍ ഗൗരിയമ്മ എന്നിവരും മന്ത്രിമാരായി. അഞ്ച് സ്വതന്ത്രരുടെ കൂടി പിന്തുണയിലാണ് ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ കുടിയേറ്റ നിരോധന നിയമം കൊണ്ടു വരികയും വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ സമൂല മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ പരിഷ്ക്കാരങ്ങളൊക്കെ വിവിധ മതസംഘടനകളെ അസ്വസ്ഥരാക്കി.

പ്രദേശിക തലങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അധികാര കേന്ദ്രങ്ങളായുള്ള സെല്‍ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പ്രാദേശികമായി പാര്‍ട്ടി ഓഫീസുകള്‍ സര്‍ക്കാര്‍ ഓഫീസുകളായും പൊലീസ് സ്‌റ്റേഷനുകളായും പ്രവര്‍ത്തിക്കുന്നെന്ന ആക്ഷേപമാണ് അന്ന് ഉയര്‍ന്നു വന്നത്. ഇതിനിടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആന്ധ്രാ അരി കുംഭകോണവും ഉയര്‍ന്നു വന്നു. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതില്‍ വന്‍അഴിമതി നടന്നെന്ന ആരോപണം കൂടി പുറത്തു വന്നതോടെ സര്‍ക്കാരിനെതിരെയുള്ള കലാപം അതിശക്തമായി. ആരോപണത്തെ കുറിച്ച്  ജസ്റ്റിസ് രാമന്‍ നായര്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാരിനു നഷ്ടമുണ്ടായെന്നു കണ്ടെത്തിയെങ്കിലും നടപടിയെടുക്കാന്‍ ഇ.എം.എസ് മന്ത്രിസഭ തയാറായില്ലെന്നതും പ്രശ്‌നം സങ്കീര്‍ണമാക്കി.

കേരളത്തിലെ ഭക്ഷ്യക്കമ്മി നികത്താന്‍ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഭൂവുടമസ്ഥതാബന്ധങ്ങളില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ ലക്ഷ്യമിട്ട കാര്‍ഷിക ബില്ലും വിമോചന സമരത്തിനു വഴിയൊരുക്കിയ ഘടകങ്ങളില്‍ പെടുന്നു. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിര്‍പ്പ് അതിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാരണമായിരുന്നു. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെക്കുറിച്ച് കേരളത്തില്‍ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങള്‍ക്കും ഉണ്ടായിരുന്ന ആശങ്കയും ഈ പ്രക്ഷോഭത്തെ സഹായിച്ചു. ഇതിനു പിന്നിലുള്ള പ്രധാന ശക്തികള്‍ സിറോ മലബാര്‍ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി, മുസ്ലീം ലീഗ് എന്നിവയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കത്തോലിക്കാ സഭയും എന്‍.എസ്.എസും ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരെ തിരിഞ്ഞു. മന്നത്തു പദ്മനാഭന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, ഫാ. വടക്കന്‍ എന്നിവരായിരുന്നു സമരത്തിന്റെ നേതൃനിരയില്‍. 1959 ജൂലൈ 13 മുതലാണ് വ്യാപക പ്രതിഷേധവും സമരവും ആരംഭിച്ചത്. ഇതിനിടെ അങ്കമാലിയില്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ 15 വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴുപേരും തിരുവനന്തപുരത്ത് ഫ്‌ളോറി എന്ന ഗര്‍ഭിണിയും കൊല്ലപ്പെട്ടു. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നിന്നു തിരുവനന്തപുരത്തേക്കു ജാഥ നടത്തി.

ഇ.എം.എസ് സര്‍ക്കാരിന്റെ അധികാരമേല്‍ക്കല്‍ ലോകത്താകെയും, പ്രത്യേകിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ സംബന്ധിച്ചും വിപ്ലകരമായ ചരിത്രമുന്നേറ്റമായിരുന്നുവെങ്കിലും അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും പല വിഭാഗങ്ങള്‍ക്കും ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ചൈനയിലെ യനാന്‍ സാമ്രാജ്യം എപ്രകാരമാണോ തുടക്കത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തൊട്ടിലായിമാറിയത്, അതുപോലെ കേരളം ഇന്ത്യയുടേതുമാവുമെന്നും ക്രമേണ ഇതേ തരംഗം ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പ്രത്യാശിക്കുകയും ഇതരവിഭാഗങ്ങള്‍ ഭയപ്പെടുകയും ചെയ്തു. ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര സമിതിയാവട്ടെ, കേരളത്തില്‍ നടക്കാന്‍ പോകുന്നത് ഒരു സ്റ്റാലിനിസ്റ്റ് ടോട്ടാലിറ്റേറിയന്‍ ഭരണമാകുമെന്നു ഭയപ്പെട്ട് വിധിയെഴുതി.

കേരളത്തിലെ െ്രെകസ്തവ സമൂഹത്തിന് കമ്യൂണിസ്റ്റ് മുന്നേറ്റം ഒരാഘാതമായി അനുഭവപ്പെട്ടു. ഭാരതത്തിന്റെ ഭാവിക്കുമേല്‍ പതിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിട്ടാണ് അവര്‍ അന്നേവരെ കമ്യൂണിസ്റ്റ് ആശയങ്ങളെ കണ്ടിരുന്നതും മറ്റുള്ളവരെ ബോധവല്‍ക്കരിച്ചിരുന്നതും. നൂറ്റാണ്ടുകളോളം തങ്ങള്‍ കരുപ്പിടിപ്പിച്ചു വളര്‍ത്തിയ, സുരക്ഷിതമായതും സഭയ്ക്ക് യഥാവിധി നിയന്ത്രിക്കാവുന്നതുമായ ഒരു സാമൂഹ്യശൃംഖല അപ്പാടെ കൈവിട്ടുപോകുമോ എന്നതായിരുന്നു െ്രെകസ്തവരുടെ പേടി. എന്തുവിലകൊടുത്തും ഈ മന്ത്രിസഭയെ ഇല്ലാതാക്കുക എന്നതു തങ്ങളുടെ കര്‍ത്തവ്യമായി കരുതി അവര്‍ സമരമുഖത്തിറങ്ങി.

അതേസമയം വിമോചനസമരത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായ വിദ്യാഭ്യാസ ബില്ലില്‍ വിദ്യാലയങ്ങളെ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവന്ന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ പാകാനുള്ള നിഗൂഢ പദ്ധതികളുണ്ടായിരുന്നെന്നും, ബില്ലിലെ അപകടം പിടിച്ച വ്യവസ്ഥകള്‍ തിരിച്ചറിഞ്ഞ് വിവിധ സമുദായത്തില്‍പ്പെട്ടവര്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോഴാണ് ഈ പ്രക്ഷോഭം ഉണ്ടായതെന്നും വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 2009 ജൂലൈ 31ന് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം അഘോഷിക്കുന്നതിനായി എറണാകുളം, അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ അന്ന് സര്‍ക്കുലര്‍ വായിക്കുകയുണ്ടായി.

കര്‍ദിനാല്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് ആ സര്‍ക്കുലര്‍ തയ്യാറാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ സഭയുടെ നിശബ്ദമായ രണ്ടാം വിമോചന സമരമായി ഇടതുപാര്‍ട്ടികള്‍ വിലയിരുത്തിയ സാഹചര്യത്തിലാണ് വിമോചന സമരവാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സഭ തീരുമാനിച്ചതെന്ന് സെര്‍ക്കുലറില്‍ പറയുന്നു. വിമോചന സമരത്തിന് കാരണമായ വിദ്യാഭ്യാസ ബില്ലില്‍ വിദ്യാലയങ്ങള്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാനും വിദ്യാലയങ്ങളിലൂടെ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്ര അടിത്തറ പകരാനുമുള്ള നിഗൂഢ പദ്ധതികളുണ്ടയാിരുന്നു വെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തലുണ്ടായിരുന്നു. ആദ്യമായാണ് കത്തോലിക്കാ സഭ വിമോചന സമരവാര്‍ഷികം വിപുലമായി ആഘോഷിച്ചത്.

ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1957ല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരണ സമരവും വിമോചന സമരത്തിനു ശക്തി പകര്‍ന്നു. കേവലം ഒരു വിദ്യാര്‍ത്ഥി സമരം എന്നതിലുപരി സര്‍ക്കാരിനെ താഴെയിറക്കാന്‍ നടന്ന വിമോചനസമരത്തിന്റെ ശക്തിവര്‍ധിപ്പിക്കുന്ന വാതിലായിരുന്നു ഒരണസമരമെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പോലും പിന്നീട് അഭിപ്രായപ്പെട്ടിട്ടുണ്ട്. എ.കെ ആന്റണിയും വയലാര്‍ രവിയുമുള്‍പ്പെടെയുള്ളവര്‍ ഈ സമരത്തിന്റെ സംഭാവനയാണ്.

വിമോചന സമരം നടക്കുന്നതിനിടെ കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ ബര്‍ഗുള രാമകൃഷ്ണ റാവു രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. അങ്ങനെ വിമോചന സമരത്തിന്റെ അമ്പത്തിയെട്ടാം ദിനത്തില്‍ കേരളത്തിലെ ആദ്യ ജനാധിപത്യ സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. ആറുമാസം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്തു. എന്നാല്‍ വിമോചനസമരത്തിന്റെ ശരിയേയും നീതിസംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഇന്നും അവസാനമായിട്ടില്ല. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങളെ എതിര്‍ത്ത സ്ഥാപിത താത്പര്യങ്ങളായിരുന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പുറത്താക്കലില്‍ കശാശിച്ച വിമോചനസമര വിരുദ്ധര്‍ കുറ്റപ്പെടുത്തുന്നു. സമരത്തില്‍ പങ്കെടുത്ത പലരും അത് അധാര്‍മ്മികമായിരുന്നെന്നും സമരത്തില്‍ പങ്കെടുത്തതില്‍ പശ്ചാത്തപിക്കുന്നെന്നും പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

ഇ.എം.എസ് സര്‍ക്കാറിനെ പിരിച്ചുവിട്ടെങ്കിലും ഈ നടപടിയില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒട്ടും തൃപ്തനായിരുന്നില്ലെന്ന് പിന്നീട് പല വെളിപ്പെടുത്തലുകളുമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായ ഇന്ദിരാഗാന്ധി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബ്ബന്ധപ്രകാരമാണ് ഇത്തരമൊരു നടപടിക്കായി സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് പറയപ്പെടുന്നത്. ജനകീയസമരങ്ങളുടെ പിന്‍ബലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ പിരിച്ചുവിടാമോ..? അന്ന് സര്‍ക്കാറിന് പിരിച്ചുവിട്ടതിന് പകരം മറ്റെന്തെങ്കിലും രാഷ്്ട്രീയ പരിഹാരം സാധ്യമായിരുന്നോ..? എന്നീ ചോദ്യങ്ങള്‍ ഇന്നും പ്രസ്കതമായി നില്‍ക്കുന്നു. വിമോചന സമരത്തിന്റെ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ കേരളത്തില്‍ വീണ്ടും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നുവെന്നത് യാദൃശ്ചികമല്ല.

Join WhatsApp News
josecheripuram 2019-07-31 21:31:31
All the atrocities to bring down an elected government was planned by Christians&Hindus."SAMARAM"/Harthal"was to bring down a elected Government.The Students were let free& they come to know their strength&the Christian woman who never was let out of their home was allowed to to Get in to streets& protest.Who let the "Bhootham"Out , or who opened "Panduras"box?
George Neduvelil 2019-07-31 21:53:59
   

      

കത്തനാരന്മാരും കന്യാസ്ത്രികളും, മെത്രാന്മാരും ഏതെല്ലാം   വിധത്തിലുള്ള കള്ളത്തരങ്ങളും അപവാദങ്ങളുമാണ് കമ്മ്യൂണിസ്റ്റു സർക്കാരിനെതിരായി പ്രചരിപ്പിച്ചത്. പള്ളിക്കൂടങ്ങൾ സിനിമാശാലകളാക്കും, പള്ളികൾ ഇടിച്ചുനിരത്തും, പുരോഹിതന്മാരെയും, കന്യാസ്ത്രികളെയും കാരാഗൃഹത്തിലാക്കും." സത്യം മാത്രം" പറയുന്ന പുരോഹിതരെയും കന്യാസ്ത്രികളേയും വിശ്വസിച്ച സഭാംഗങ്ങൾ സമരത്തിനിറങ്ങി. ഇന്ദിരയുടെ ഇംഗിതത്തിനു  വഴങ്ങിയ  നെഹ്റു കമ്മ്യൂണിസ്റ്റു സർക്കാരിനെ പിരിച്ചുവിടാൻ  പ്രസിഡണ്ടിനെ ഉപദേശിച്ചു. എവിടെയും  "അവസരകേസരിയായി" വിലസിയിരുന്ന മന്നത്തു പദ്ഭനാഭനെ പള്ളിയും പ്രതിലോമശക്തികളും ഒത്തുചേർന്ന്‌ ഭാരതകേസരിയായി പ്രഖ്യാപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക