Image

മദേര്‍സ് ഡേ-അതുല്യമായ ഒരു അനുഷ്ഠാനം: ഡോ. ജോര്‍ജ്ജ് മരങ്ങോലി

ഡോ. ജോര്‍ജ്ജ് മരങ്ങോലി Published on 02 May, 2012
മദേര്‍സ് ഡേ-അതുല്യമായ ഒരു അനുഷ്ഠാനം: ഡോ. ജോര്‍ജ്ജ് മരങ്ങോലി
മാതൃത്വത്തെ ബഹുമാനിക്കുകയും, അനുസ്മരിക്കുകയും ചെയ്യുന്ന, മാനുഷിക സമീപനങ്ങളുള്‍ക്കൊള്ളുന്ന "മദേര്‍സ് ഡേ" എന്ന തനതായ ആധുനിക പ്രതിഭാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടുപോലുമായിട്ടില്ല. ഇന്ന് ലോകത്ത് ഏതാണ്ട് നാല്പത്തിയാറിലധികം രാജ്യങ്ങളില്‍ പല ദിവസങ്ങളിലായി മദേര്‍സ് ഡേ ആചരിക്കാറുണ്ട്. ഇതില്‍ നല്ലൊരു പങ്ക് രാജ്യങ്ങളും മേയ്മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മമാര്‍ക്കുള്ള അഭിവാദന ദിനമായി മാറ്റി വച്ചിരിക്കുകയാണ്. മക്കള്‍ക്ക് ജീവന്‍ നല്‍കി അവരെ വളര്‍ത്തി വലുതാക്കിക്കൊണ്ടു വരുവാന്‍ അമ്മമാര്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്കും, യാതനകള്‍ക്കും കൃതജ്ഞതാ സൂചകമായി ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകള്‍ക്ക് അമ്മമാരെ ആദരിക്കുവാനും, അനുമോദിക്കുവാനും വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അസുലഭദിനമായി ഈ ആചരണം ഇന്ന് മാറിക്കഴിഞ്ഞു.

പുരാതന ഗ്രീക്കുകാരുടെയും, റോമാക്കാരുടെയും നൂറ്റാണ്ടുകള്‍ തന്നെ പഴക്കമുള്ള ആചാരത്തില്‍ നിന്നാണ് മദേര്‍സ് ഡേ എന്ന അനുസ്മരണത്തിന്റെ ഉല്‍ഭവം. ഗ്രീക്ക് ദൈവങ്ങളുടെ അമ്മയായ റിയ യുടെ ബഹുമാനാര്‍ത്ഥമാണ് ഗ്രീസിലെ ജനങ്ങള്‍ ഈ ഉത്സവത്തെ പ്രകീര്‍ത്തിച്ചിരുന്നത്. ക്രിസ്തുവിന് 250 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ റോമാക്കാരും അവരുടെ ദേവതമാരുടെ അമ്മ, സൈബെലെ യോടുള്ള ആദരവ് നിലനിര്‍ത്തുവാന്‍ വേണ്ടി സമര്‍പ്പിച്ചു പോന്ന ഒരു പ്രത്യേക ദിവസമായിരുന്നു മദേര്‍സ് ഡേ.( മൂന്നു ദിവസം നീണ്ടുനിന്ന ഘോഷയാത്രകളും, കളികളും, കപടപ്രകടനങ്ങളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു ഉത്സവമായി ഇത് തരം താഴ്ന്നു പോയതു മൂലം "സൈബെലെ" യുടെ അനുയാനികളെ റോമില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യുകയുണ്ടായി.)

പ്രാചീന ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ അമ്മ, മേരിയോടുള്ള ഉപചാര സൂചകമായി, വലിയ നോയമ്പിന്റെ നാലാമത്തെ ഞായറാഴ്ച മദേര്‍സ് ഡേ ആയി ആരാധിച്ചുപോന്നു. അമേരിക്കയില്‍ മദേര്‍സ് ഡേ ആഘോഷം ആരംഭിക്കുന്നതിന് വളരെ മുമ്പു തന്നെ ബ്രിട്ടണിലെ പല മതാധിഷ്ഠിത സമൂഹങ്ങളും, അമ്മമാരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്, “മദറിങ്ങ് സണ്ടേ” എന്ന പേരില്‍ ഒരു ആഘോഷം നടത്തിപ്പോന്നിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തയിട്ടുണ്ട്. പള്ളികളില്‍ പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാര്‍ത്ഥനയ്ക്കു ശേഷം അമ്മമാര്‍ക്ക് നല്‍കാന്‍ വേണ്ടി കേക്കുകളും, പൂക്കളും, സമ്മാനങ്ങളുമൊക്കെയായി കുട്ടികള്‍ വന്നിരുന്നത് പിന്നീട് വലിയൊരു ആഘോഷമായി മാറി. 19-ാം നൂറ്റാണ്ടോടുകൂടി “മദറിങ്ങ് സണ്ടേ” ആചരണങ്ങള്‍ പൂര്‍ണ്ണമായിത്തന്നെ നിലച്ചുപോയെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിപുലമായി വാണിജ്ജീകരിച്ച് അത് പുനരാരംഭിച്ചു.

അമേരിക്കയില്‍ മദേര്‍സ് ഡേ ആഘോഷ ചടങ്ങുകള്‍ നടത്തണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് എഴുത്തുകാരിയും, കവയത്രിയുമായ "ജൂലിയ വാര്‍ഡ് ഹൗവി"യായിരുന്നു. യുദ്ധത്തിനെതിരായി ശബ്ദമുയര്‍ത്താനും, സമാധാനത്തിനുവേണ്ടി സമര്‍പ്പണം ചെയ്യാനുമായി ഒരു മദേര്‍സ് ഡേ വിളംബരം തന്നെ 1870 ല്‍ പ്രസിദ്ധീകരിച്ചു. ഇതൊക്കെയാണെങ്കിലും, മദേഴ്‌സ് ഡേയുടെ അമേരിക്കയിലെ സ്ഥാപകയായി ഫിലാഡല്‍ഫിയയില്‍ സ്‌ക്കൂള്‍ ടീച്ചറായിരുന്ന അന്ന ജാര്‍വിസ്‌നെയാണ് കണക്കാക്കിയിരിക്കുന്നത്. വിവാഹം കഴിക്കാതിരുന്നിട്ടും, കുട്ടികള്‍ ഇല്ലാതിരുന്നിട്ടും മദേഴ്‌സ് ഡേയുടെ അമ്മ എന്നാണ് അന്ന ജാര്‍വിസ് ഇന്നും അറിയപ്പെടുന്നത്. അന്നത്തെ അമേരിക്കന്‍ സമൂഹത്തിന് അമ്മമാരോടുണ്ടായ വര്‍ദ്ധിച്ചു വന്ന അവഗണന കണ്ട് വേദനിച്ച അന്നയുടെ അമ്മ ആന്‍ മരിയ റീവ്‌സ് അതീവ ദുഃഖിതയായിരുന്നു. ആ അമ്മയുടെ അഭിലാഷം നിറവേറ്റാന്‍ വേണ്ടി ഒട്ടേറെ നിയമപാലകരേയും, വന്‍കിട ബിസ്സിനസ്സുകാരേയും മറ്റും ഉള്‍പ്പെടുത്തി, അമ്മമാര്‍ക്കു വേണ്ടി ഒരു ദേശീയ ദിവസം സമര്‍പ്പിക്കാന്‍ അന്ന ജാര്‍വിസ് പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് മദേര്‍സ് ഡേ എന്ന യാഥാര്‍ത്ഥ്യം അമേരിക്കയില്‍ വലിയ ഒരു ആഘോഷമായി മാറിയത്.

ബ്രിട്ടണ്‍, അമേരിക്ക, ആസ്‌ട്രേലിയ, ഇന്ത്യ, ഇറ്റലി, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ടര്‍ക്കി, മെക്‌സിക്കോ, ക്യാനഡാ, ബെല്‍ജിയം, ചൈന, ജപ്പാന്‍, ഫ്രാന്‍സ്, യൂഗോസ്ലേവിയ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ അമ്മമാര്‍ ചെയ്ത നിസ്തുല സേവനത്തിനും, നല്‍കിയ സ്‌നേഹത്തിനും ഉപകാരസ്മരണയായി ഇന്ന് മദേര്‍സ് ഡേ കൊണ്ടാടാറുണ്ട്. ഇന്ന് ലോകത്ത് വളരെയേറെ ജനപ്രീതിയാര്‍ജ്ജിച്ച ഒരാഘോഷം കൂടിയാണ് മദേര്‍സ് ഡേ. ഇതിനെല്ലാം പുറമേ, പൂ കച്ചവടക്കാരും, ഗ്രീറ്റിങ്ങ് കാര്‍ഡ് നിര്‍മ്മാതാക്കളും, കേക്ക് ഉണ്ടാക്കുന്നവരും, സമ്മാനങ്ങള്‍ നിര്‍മ്മിക്കുന്നവരുമെല്ലാം പണം വാരിക്കൂട്ടുന്ന ഒരു വാണിജ്യാഘോഷം കൂടിയായി മദേര്‍സ്‌ഡേ രൂപാന്തരപ്പെട്ടു കഴിഞ്ഞു. എന്നിരുന്നാലും അമ്മമാരെ മാത്രമല്ല, മാതാപിതാക്കളെത്തന്നെ പരിരക്ഷിക്കാനും, പരിഗണിക്കാനും മിനക്കെടാന്‍ കൂട്ടാക്കാത്ത ഇന്നത്തെ ഹൈ-ടെക്ക് സമൂഹത്തിന്റെ തിരക്കുപിടിച്ച ജീവിതചര്യക്കിടയില്‍ അമ്മമാരെയെങ്കിലും അവഗണിക്കാതിരിക്കാന്‍ സഹായിക്കുന്ന, പാശ്ചാത്യമെങ്കിലും, മദേര്‍സ് ഡേ പോലുള്ള അനുഷ്ഠാനങ്ങള്‍ അമൂല്യവും, അതുല്യവും, അനിവാര്യവുമാണെന്ന കാര്യത്തില്‍ സംശയമില്ല.

ഈ വര്‍ഷവും പതിവുപോലെ, മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയായ 13-ാം തീയതിയാണ് മദേര്‍സ് ഡേ.

എല്ലാ അമ്മമാര്‍ക്കും മദേര്‍സ് ഡേ ആശംസകള്‍ !
മദേര്‍സ് ഡേ-അതുല്യമായ ഒരു അനുഷ്ഠാനം: ഡോ. ജോര്‍ജ്ജ് മരങ്ങോലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക