Image

ജര്‍മനിയില്‍ ഇന്ത്യന്‍ യുവാക്കളുടെ മുങ്ങി മരണം വര്‍ധിക്കുന്നു : ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സലറുടെ മുന്നറിയിപ്പ്

Published on 31 July, 2019
ജര്‍മനിയില്‍ ഇന്ത്യന്‍ യുവാക്കളുടെ മുങ്ങി മരണം വര്‍ധിക്കുന്നു : ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സലറുടെ മുന്നറിയിപ്പ്

ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയില്‍ ഇന്ത്യന്‍ യുവാക്കള്‍ മുങ്ങി മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പ്രതിഭ പാര്‍ക്കര്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി.

2017 ല്‍ 23 വയസ് വീതമുള്ള രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചത് ഡുയിസ്ബുര്‍ഗിലാണ്. 2018 ല്‍ 22 വയസുള്ള യുവാവ് ആഹനു സമീപമുള്ള തടാകത്തില്‍ മുങ്ങി മരിച്ചു. കഴിഞ്ഞ ജൂലൈ 19 ന് മാന്‍ഹൈമിലാണ് ഒരു യുവാവ് മരിച്ചത്. ജൂലൈ 27 ന് ഇരുപത്തിയാറുകാരനായ തൊടുപുഴക്കാരന്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥി ഹാംബുര്‍ഗിലെ ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ മുങ്ങി മരിച്ചു. ഏറ്റവും ഒടുവില്‍ ജൂലൈ 28 ന് അഷാഫന്‍ബുര്‍ഗിലും സമാന സംഭവം ആവര്‍ത്തിച്ചു. 

നീന്താന്‍ അറിയുന്നവര്‍ തന്നെയാണ് ഇവരെല്ലാം. എന്നിട്ടും മുങ്ങി മരിക്കാന്‍ കാരണം പരിചയമില്ലാത്ത തടാകങ്ങളില്‍ അമിത ആത്മവിശ്വാസത്തോടെ നീന്താനും കുളിക്കാനും ഇറങ്ങിയതാണെന്ന് പ്രതിഭ പാര്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷിക്കുന്നതിലേറെ തണുപ്പാണ് ഇവിടത്തെ തടാകങ്ങളിലെ വെള്ളത്തില്‍. ഇതിലിറങ്ങിയാല്‍ പേശികള്‍ കോച്ചിപ്പിടിക്കാന്‍ സാധ്യത ഏറെയാണ്. നീന്തുന്നതിന് ഇതു വിഘാതമാകും. എത്ര നന്നായി നീന്താന്‍ അറിയുന്നവരും മുങ്ങിത്താഴാന്‍ ഇതു മതി കാരണം.

ഈ പ്രദേശത്തെ മിക്ക തടാകങ്ങളിലും ജീവന്‍ രക്ഷാ സംവിധാനങ്ങളോ ലൈഫ് ഗാര്‍ഡുകളോ ഇല്ല. അപകടത്തില്‍പ്പെട്ടാല്‍ പുറം ലോകം അറിയാന്‍ തന്നെ വളരെ വൈകുന്നതാണ് അവസ്ഥ. 

ഈ വിഷയത്തില്‍ കന്പനികളിലും യൂണിവേഴ്‌സിറ്റികളിലും ഗ്രൂപ്പുകളിലും ബോധവത്കരണം നടത്താനും സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താനും കോണ്‍സല്‍ ജനറലിന്റെ സന്ദേശത്തില്‍ പറയുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക