Image

അവൾ ഉന്നാവ് പെൺകുട്ടിയെന്നല്ല, പോരാളിയെന്ന് വിളിക്കപ്പെടണം

കലാകൃഷ്ണൻ Published on 01 August, 2019
അവൾ ഉന്നാവ് പെൺകുട്ടിയെന്നല്ല, പോരാളിയെന്ന് വിളിക്കപ്പെടണം

ഈ കുറിപ്പ് എഴുതുമ്പോൾ ഉന്നാവ് പെൺകുട്ടി വാഹന അപകടത്തിന് ശേഷം അഞ്ചാം ദിവസവും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മുംബൈ പെൺകുട്ടി, കത്വവ പെൺകുട്ടി... അങ്ങനെ സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന പെൺകുട്ടികളിൽ ഒരാളാണ് നമുക്ക് ഉന്നാവ് പെൺകുട്ടിയും. എങ്കിലും രാജ്യം അഭിമാനിക്കണം അവൾ ധീരമായി പൊരുതിയവളാണ്. ഈ രാജ്യത്തെ ഏറ്റവും പ്രബലരോട്, അതികായരോട് ധീരമായി പൊരുതിയവൾ. ആശുപ്രതിയിൽ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും അവളുടെ പോരാട്ടവും തുടരുകയാണ്. 
ഭരണകൂടം നേരിട്ട് നടത്തുന്ന നീതി നിഷേധത്തിന്റെയും അധികാര പ്രയോഗത്തിന്റെയും രാജ്യത്തെ ഏറ്റവും ഒടുവിലത്തെയും ഏറ്റവും ക്രൂരത നിറഞ്ഞ ഉദാഹരണം കൂടിയാണ് ഉന്നാവ് പെൺകുട്ടി. ഒരു പെൺകുട്ടിയോട് അധികാര കേന്ദ്രങ്ങൾ ഇങ്ങനെയൊക്കെ പ്രവർത്തിക്കാമോ എന്ന് നമുക്ക് ആശ്ചര്യം തോന്നിപ്പോകും. അത്രമേൽ ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നു ഉന്നാവിലെ പെൺകുട്ടി. 
 പ്രകാശ് ഝായുടെ ഗംഗാജൽ എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് അറിയാം ഉത്തരേന്ത്യൻ ഭൂമികയിലെ ഗ്രാമീണ സ്ഥിതി വിശേഷങ്ങൾ. ബീഹാറായിരുന്നു ഗംഗാജലിന്റെ പശ്ചാത്തലം. ജംഗിൾരാജ് എന്ന് വിളിപ്പേര് കേട്ട സവർണ്ണ ജന്മി ഭരണം നിലനിൽക്കുന്ന നാട്ടുപ്രദേശങ്ങൾ. ജന്മിമാരോ അവരുടെ ബിനാമികളോ എം.എൽഎയും എം.പിയുമാകുന്നു. അവർക്ക് ഇഷ്ടമുള്ള പാർട്ടി തിരഞ്ഞെടുക്കുന്നു. ഏത് പാർട്ടി തിരഞ്ഞെടുത്താലും ആ പാർട്ടിയുടെ സ്ഥലത്തെ അഖിലേന്ത്യാ അധ്യക്ഷൻ ജന്മി തന്നെയായിരിക്കും. ബീഹാറിലെ ഗ്രാമങ്ങളിൽ ആ ഗ്രാമം കൊണ്ട് ബീഹാറും ഇന്ത്യയുമെല്ലാം പൂർണ്ണമാകും. കീഴ് കോടതി മുതൽ സുപ്രീം കോടതി വരെ ജന്മയുടെ ബംഗ്ലാവ് തന്നെയാവും. പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ ജന്മി തന്നെ. ബീഹാറിനേക്കാൾ ദുരവസ്ഥ നിറഞ്ഞതാണ് ഉത്തർപ്രദേശിലെ കാര്യം. ഉത്തർപ്രദേശിലെ തിരുട്ടുഗ്രാമങ്ങളിലേക്ക് റെയ്ഡിന് പോയ കേരളാ പോലീസിലെ സർക്കിൾ ഇൻസ്‌പെക്ടർ സിബി മാത്യൂസ് പറഞ്ഞത് യു.പിയിലെ ഗ്രാമങ്ങളിലെ ജനതയ്ക്ക് ഇന്ത്യയെന്ന രാജ്യത്തെ പോലും ഇതുവരെയും പരിചിതമല്ല എന്നാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഗ്രാമമാണ് രാജ്യം. ഗ്രാമം ഭരിക്കുന്ന ജന്മിയാണ് ഭരണാധിപൻ. 
ഇത്തരത്തിൽ യു.പിയിലെ ഉന്നാവിലെ എല്ലാമെല്ലാമാണ് കുൽദീപ് സിങ് സെൻഗർ എന്ന ജന്മി. സെൻഗർ ആദ്യം ബിഎസ്പി നേതാവായിരുന്നു. എംഎൽഎയുമായിരുന്നു. പിന്നെ സമാജ്‌വാദി പാർട്ടിയിലെത്തി. വീണ്ടും എംഎൽഎയായി. പിന്നീട് ബിജെപിയിൽ എത്തി. അപ്പോഴും എം.എൽ.എയായി. തോക്കുകളുമായി നടക്കുന്ന അനുയായികളെ ഒപ്പം കൊണ്ടു നടക്കുന്ന സാക്ഷാൽ ഗോത്ര നതാവാണ് ഉ്ന്നാവയിൽ സെൻഗർ. സെൻഗർ ഏത് പാർട്ടിയിൽ എത്തുന്നുവോ ആ പാർട്ടിക്കാർക്ക് അവിടെ ഭരണം കിട്ടുന്നു. അതാണ് യഥാർഥ്യം. 
2017 ജൂൺ നാലിനാണ്, അന്ന് പതിനേഴ് വയസ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ സ്ഥലം എംഎൽഎയായ കുൽദീപ് സിങ് സെൻഗർ വീട്ടിലേക്ക് വിളിപ്പിക്കുന്നത്. തുടർന്ന് അവളെ വീട്ടുകാർ കണ്ടിട്ടില്ല. 
ജൂൺ 11ന് മകളെ കാണാതായി എന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതിപ്പെടുന്നു. ജോലി നൽകാമെന്ന് കാണിച്ച് എംഎൽഎയുടെ വീട്ടിലേക്ക് മകളെ കൊണ്ടുപോയി എന്നും പിതാവ് പരാതിയിൽ പറയുന്നു. തുടർന്ന് ജൂൺ 20ന് അയൽഗ്രാമമായ ഓറിയയിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തി. കണ്ടെത്തുമ്പോൾ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി തന്നെ പീഡിപ്പിച്ചത് സെൻഗറാണെന്ന് പോലീസിന് മൊഴി നൽകി. എന്നാൽ സെൻഗറിന്റെ പേരിൽ എഫ്‌ഐആർ രജിസ്ട്രർ ചെയ്യാൻ പോലും പോലീസ് തയാറായില്ല. 
ജൂലൈ മൂന്നിന് പോലീസിന്റെ ശല്യം സഹിക്കാൻ കഴിയാതെ പെൺകുട്ടി ഡൽഹിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറി. സെൻഗറിനെതിരെ എഫ്‌ഐആർ എടുക്കണമെന്ന് കാട്ടി യു.പി മുഖ്യമന്ത്രിക്ക് പരാതി നൽകി. 2018 ഫെബ്രൂവരിയിൽ ഇതേ ആവശ്യം ഉ്ന്നയിച്ച് പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചു. 
ഇതോടെ പെൺകുട്ടിയോടും കുടുംബത്തോടുമുള്ള സെൻഗറിന്റെ പക വർദ്ധിച്ചു. സെൻഗറിന്റെ സഹോദരൻ അതുൽ സിങ് പെൺകുട്ടിയുടെ അച്ഛനെ ക്രൂരമായി മർദ്ദിച്ചു. ആയുധം കൈവശം വെച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കി പെൺകുട്ടിയുടെ അച്ഛനെ ഏപ്രിൽ നാലിന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. തുടർന്ന് ഏപ്രിൽ ഒമ്പതിന് പോലീസ് മർദ്ദനത്തെ തുടർന്ന് കസ്റ്റഡിയിൽ വെച്ച് തന്നെ പെൺകുട്ടിയുടെ അച്ഛൻ കൊല്ലപ്പെട്ടു. ഈ സംഭവം വിവാദമായതോടെ ഉ്ന്നാവ് കേസ് അന്വഷിക്കാനും കസ്റ്റഡി മരണം അന്വഷിക്കാനും സിബിഐ സംഘത്തെ ഏർപ്പെടുത്തി. 
സെൻഗറിന്റെ സഹോദരൻ അതുൽ ഉൾപ്പെടെ അഞ്ച് പേരെ പ്രതികളാക്കി ജൂലൈ ഏഴിന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് സെൻഗറിനെ പീഡനക്കേസിൽ പ്രതിയാക്കിയും കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടിയും വക്കീലും രണ്ട് അമ്മായിമാരും സഞ്ചരിച്ച വാഹനം ദൂരൂഹസാഹചര്യത്തിൽ ട്രക്കിടിച്ച് അപകടത്തിലാകുന്നു. ഇതിന് പത്ത് ദിവസം മുമ്പ് പെൺകുട്ടിയുടെ വക്കീല് തനിക്കും പെൺകുട്ടിക്കും ജീവന് ഭീഷിണിയുണ്ടെന്ന് കാണിച്ച് കോടതിയിൽ പരാതി നൽകിയിരുന്നു. തനിക്ക് തോക്ക് അനുവദിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. 
ഒരു സിനിമക്കാഥയെ വെല്ലുന്ന രീതിയിലാണ് ഉ്ന്നാവ് പെൺകുട്ടിയുടെ ജീവിതകഥ പോകുന്നത്. സ്വന്തം അച്ഛനെ ഇല്ലാതാക്കിയിട്ടും ആ പെൺകുട്ടി തളർന്നില്ല എന്നതാണ് അവളുടെ പോരാട്ടത്തെ ദേശിയ ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. 
ഇപ്പോൾ ഉന്നാവ് കേസ് സുപ്രീം കോടതി നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സാഹചര്യം സുപ്രീം കോടതി നേരീട്ട് മനസിലാക്കിയിരിക്കുന്നു. ഇരയും കുടുംബവും നേരിടുന്ന അനീതിയിൽ സുപ്രീം കോടതി യു.പി സർക്കാരിനെതിരെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. എങ്കിലും അവൾക്ക് ഇപ്പോഴും നീതി അകലെയാണ് എന്നതാണ് വാസ്തവം. 
കത്വയിലെ പെൺകുട്ടിയുടെ കൊലപാതകത്തിന് സമാനമായ രീതിയിൽ ഉന്നാവിലെ പെൺകുട്ടിക്കായി വലിയ പ്രതിഷേധങ്ങൾ തെരുവിൽ നടക്കുന്നുണ്ട്. എന്നാൽ സെൻഗറിന്റെയും സെൻഗറിന്റെ സംരക്ഷകരായ യോഗി ആദിത്യനാഥ് സർക്കാരിന്റെയും ഗുണ്ടായിസത്തിനെതിരെ വലിയ സമരങ്ങൾ തന്നെ ദേശിയ തലത്തിൽ സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്. ആ നിലയിൽ പോരാട്ടം നടക്കാനുള്ള ഊർജ്ജം ഇതുവരെയും പേര് അറിയാത്ത ഉ്ന്നാവിലെ പെൺകുട്ടി ബാക്കിവെച്ചിട്ടുണ്ട്. അതിനെ മുന്നോട്ടു കൊണ്ടുപോകേണ്ടത് രാജ്യത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വമാണ്. 

Join WhatsApp News
ant-BJP 2019-08-02 09:46:03
ബി.ജെ.പിക്കാർക്ക് ചൊറിയുന്നുണ്ടോ?
A Reader 2019-08-02 07:48:15
The girl is on ventilator and in critical condition, her survival is still in doubt; this is not the occasion to express your comments on such a tragedy and earn name recognition; e-malayalee  should use proper judgement before publishing such articles.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക