Image

ചന്ദ്രനില്‍ പോയി ജീവിക്കാം, അവിടാകുമ്പോള്‍ മുസ് ലിമുമില്ല, ബീഫും ഇല്ല (ഡോ. എസ്.എസ്. ലാല്‍)

Published on 02 August, 2019
ചന്ദ്രനില്‍ പോയി ജീവിക്കാം, അവിടാകുമ്പോള്‍ മുസ് ലിമുമില്ല, ബീഫും ഇല്ല (ഡോ. എസ്.എസ്. ലാല്‍)
പ്രായപൂര്‍ത്തിയായ ഒരാളുടെ ഭക്ഷണരീതി അവനവന്റെ തെരഞ്ഞെടുപ്പാണ്. അതില്‍ സര്‍ക്കാരിനു പോലും ഒന്നും ചെയ്യാനില്ല. സമീകൃതാഹാരത്തെയും പോഷകാഹാരത്തെയും കുറിച്ച് വേണമെങ്കില്‍ സര്‍ക്കാരിന് അഭിപ്രായങ്ങള്‍ പറയാം. അല്ലാതെ കമ്പോളത്തില്‍ ലഭ്യമായ എന്തെങ്കിലും സാധനം നിര്‍ബന്ധമായി കഴിക്കണമെന്നോ വേണ്ടെന്നോ പറയാന്‍ ഒരു ശക്തിക്കും കഴിയില്ല.

ബീഫ് ഇല്ലെങ്കില്‍ കോളേജ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കില്ലായിരുന്ന ഒരു ബ്രാഹ്മണ സുഹൃത്ത് എനിക്കുണ്ടായിരുന്നു. വേണമെങ്കില്‍ പട്ടിണിയിരിക്കാനും തയ്യാര്‍, പക്ഷേ മാംസമില്ലാതെ ഭക്ഷണമിറങ്ങില്ല.

ക്രിസ്ത്യന്‍ സുഹൃത്ത് കൊണ്ടുവന്ന പന്നിയിറച്ചി അറിയാതെ കഴിച്ചുപോയ ഒരു മുസ്ലീം സുഹൃത്ത് അന്നേ ദിവസം മുഴുവന്‍ കോളേജില്‍ കണ്ടിടത്തൊക്കെ തുപ്പി നടന്നത് ഓര്‍മ്മയുണ്ട്.

ഒരിക്കല്‍ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെജിറ്റബിള്‍ കട് ലറ്റ് എന്ന ധാരണയില്‍ അറിയാതെ മട്ടന്‍ കട് ലറ്റ് കഴിച്ചുപോയ കര്‍ശന വെജിറ്റേറിയനായ മറ്റൊരു ബ്രാഹ്മണ സുഹൃത്ത് പിന്നീട് പാപ പരിഹാരത്തിന് പൂജകള്‍ ചെയ്‌തെന്നാണറിഞ്ഞത്. എന്നാല്‍ തെറ്റിക്കഴിച്ച മട്ടന്‍ കട് ലറ്റിനായിരുന്നു കൂടുതല്‍ രുചി എന്ന് തുറന്നുപറഞ്ഞ് ഒരു ദിവസം അയാള്‍ പൊട്ടിച്ചിരിച്ചു.

മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുമ്പ് അച്ഛനൊപ്പം ശബരിമലയില്‍ പോയിട്ടുണ്ട്. പ്രധാനമായും അച്ഛനും അമ്മയ്ക്കും വേണ്ടിയും പിന്നെ ചില്ലറ പേടി കൊണ്ടും അമ്പലത്തില്‍പ്പോയ കാലം. ശബരിമല യാത്രയുടെ തലേദിവസം കൊല്ലത്തെ ഒരു പ്രശസ്ത ഹിന്ദു കുടുംബത്തില്‍ നിന്നും ഉച്ചക്ക് മട്ടനും ചിക്കനും നന്നായി വീശി. കഴുത്തിലെ മാലയുടെ കാര്യം അന്നേരം ഞാന്‍ ഓര്‍ത്തില്ല. ഓര്‍ത്തിരുന്നെങ്കിലും ഒരു പക്ഷേ ഞാന്‍ കണ്ണടച്ചേനേ. അത്രക്ക് കൊതിപ്പിക്കുന്ന മണമായിരുന്നു ഭക്ഷണത്തിന്. കഴിച്ചപ്പോള്‍ തകര്‍പ്പന്‍ രുചിയും. എന്നാലും ചെറിയ കുറ്റബോധം തോന്നിയ ഞാന്‍ വൈകുന്നേരം കെട്ടുനിറയ്ക്കുന്നതിനു മുന്പ് പരമ ഭക്തനായ അച്ഛനോട് കാര്യം പറഞ്ഞു. 'അച്ഛമ്മ അറിഞ്ഞോ' എന്നു മാത്രമാണ് അച്ഛന്‍ ചോദിച്ചത്. 'ഇല്ല' എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ അറിയണ്ട എന്നു പറഞ്ഞ് കണ്ണിറുക്കിക്കാണിച്ചു. നല്ല മണമുള്ള സോപ്പിട്ട് ഒരു കുളി കുളിക്കാനും പറഞ്ഞു. സോപ്പിട്ട് തീര്‍ത്ത പാപം! ശബരിമലയ്ക്ക് യാത്രയാക്കാന്‍ നാട്ടില്‍ നിന്നും വന്നിരുന്നതാണ് അച്ഛമ്മ. എനിക്ക് മെഡിസിന് അഡ്മിഷന്‍ കിട്ടാന്‍ അവരുടെ നേര്‍ച്ചയായിരുന്നു ആ ശബരിമല യാത്ര. മട്ടന്‍ കഴിച്ചുപോയെങ്കിലും നേര്‍ച്ച ഫലിച്ചു. പ്രവേശനപ്പരീക്ഷ ഫലം വന്നപ്പോള്‍ എനിക്ക് മെഡിസിന് കിട്ടി. പഠിപ്പിച്ച അദ്ധ്യാപകരുടെയും പഠിച്ച എന്റെയും ക്രെഡിറ്റ് അയ്യപ്പന്‍ അടിച്ചോണ്ടും പോയി.

എന്റെ മക്കള്‍ക്ക് രണ്ടു പേര്‍ക്കും ചെറുപ്പത്തില്‍ ചിക്കനോട് ആക്രാന്തമായിരുന്നു. പൊതുവേ വെജിറ്റേറിയന്‍ ഭക്ഷണത്തോട് മാത്രം താല്‍പരമുള്ള സന്ധ്യ അവന്മാര്‍ക്കായി ചിക്കന്‍ വെച്ചതിന് കണക്കില്ല. ചിക്കന്‍ ഉണ്ടാക്കിത്തന്നില്ലെങ്കില്‍ പരീക്ഷ ബഹിഷ്‌ക്കരിക്കുമെന്നു വരെ രണ്ടാംക്ലാസുകാരന്‍ ഇളയ മകന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവന് അഞ്ചു വയസുള്ളപ്പോള്‍ കേരളത്തിലെ ഒരു കല്യാണസദ്യയില്‍ ഭക്ഷണം വിളമ്പിയ സ്വാമിയെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇലയില്‍ കൊണ്ടുവച്ച കറികളെല്ലാം പച്ചക്കറിയായപ്പോള്‍ അടുത്ത കറിയും പച്ചക്കറി വിളമ്പിയ സ്വാമിയോട് 'ചിക്കന്‍ കൊണ്ടുവാടോ' എന്നവന്‍ അലറി. അവന്റെ വായ പൊത്താന്‍ സന്ധ്യ ശ്രമിച്ചു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും സ്വാമി അവന്റെ കവിളില്‍ തലോടി. മനുഷ്യ സ്‌നേഹിയായ സ്വാമി!

ആചാര സംരക്ഷകര്‍ക്കിയിലും ഇപ്പോഴും ദൈവത്തിനും ഭക്തര്‍ക്കും അച്ഛനമ്മമാര്‍ക്കും നിങ്ങള്‍ക്കും എനിക്കും എന്റെ മക്കള്‍ക്കുമൊക്കെ ഒരഡ്ജസ്റ്റ്‌മെന്റില്‍ അങ്ങനെ സുഖമായി ജീവിക്കാന്‍ കഴിയുന്ന ഇടമാണ് കേരളം.

ഡല്‍ഹിയില്‍ കുറേക്കാലം താമസിച്ചപ്പോള്‍ സംഗതികള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഡല്‍ഹിയിലെ ഒരു സമ്പന്ന കോളനിയിലാണ് ഞങ്ങള്‍ ചെന്നുപെട്ടത്. മക്കള്‍ക്കായി ചിക്കനുണ്ടാക്കല്‍ സന്ധ്യ അവിടെയും നിര്‍ബാധം തുടര്‍ന്നു. കുട്ടികളുടെ വിശപ്പടക്കുകയാണല്ലോ ആ പ്രായത്തില്‍ ഏതൊരമ്മയുടെയും പ്രധാന ചിന്ത.

കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കിക്കൊടുക്കാന്‍ കഴിയാത്ത ഒരുപാട് അമ്മമാരുടെ കണ്ണീരു കാണുന്ന നാടാണ് ഇന്നും നമ്മുടേത്.

ഡല്‍ഹിയിലെ ആ കോളനിയില്‍ ഞങ്ങളെപ്പോലെ അവിടവിടെ കുറച്ച് മലയാളികള്‍ ഉണ്ടായിരുന്നു. അവരും മാംസഭക്ഷണം പാകംചെയ്യും. ഉത്തരേന്ത്യയില്‍ നമ്മള്‍ മലയാളികളുടെ പാചകം കോളനി മാത്രമല്ല, ജില്ല മുഴുവനും അറിയും. ഭക്ഷണത്തിലെ മസാലകള്‍ തന്നെ കാരണം. ഈ മണമടിക്കുമ്പോള്‍ ചില ഉത്തരേന്ത്യന്‍ ആചാര സംരക്ഷകര്‍ക്ക് കലിയിളകും. നമ്മുടെ മസാലയുടെ മണമടിച്ചാല്‍ ഉടന്‍ അവരില്‍ ചിലര്‍ പറയും 'ഓ മലയാളികള്‍ ബീഫ് വയ്ക്കാന്‍ തുടങ്ങി.' അവര്‍ കുന്തിരിക്കം ഒക്കെ പുകച്ച് പ്രാര്‍ത്ഥിക്കുന്ന പൂജാമുറിയില്‍ നമ്മുടെ 'ബീഫി'ന്റെ മണം ഇരച്ചുകയറും. വെറും വയറ്റില്‍ പൂജ ചെയ്യുന്ന ഭക്തന്റെ കുടലിന് അറിയില്ലല്ലോ അതിന്റെ ഉടമസ്ഥന്‍ വെജിറ്റേറിയന്‍ ആണെന്ന്. മണമടിച്ച് കുടല്‍ കിടന്നു പിടയ്ക്കും. ഭക്തന് കലിയിളകും. തെറി മലയാളിക്ക്, പാവം ബീഫിന്.

ഡല്‍ഹിയില്‍ അന്നും ബീഫ് നിഷിദ്ധമാണ്. ഇന്ദിരാ മാര്‍ക്കറ്റിലൊക്കെ കളളക്കടത്തു സാധനം കൈകാര്യം ചെയ്യുന്നതു പോലെയാണ് ആരുമറിയാതെ മലയാളികള്‍ ഞായറാഴ്ച ബീഫ് വാങ്ങിയിരുന്നത്. നമ്മള്‍ വീട്ടില്‍ ഉണ്ടാക്കിയത് ചിലപ്പോള്‍ ഉരുളക്കിഴങ്ങ് കറിയായിരിക്കും. പക്ഷേ മണം കൊണ്ട് ഡല്‍ഹിക്കാരനത് ബീഫാണ്. ഞങ്ങളുടെ കോളനിയിലും മലയാളികള്‍ 'ബ്ലഡി മലയാളികള്‍' ആയിരുന്നു. മൂന്നു നേരവും പശുവിനെ തിന്നുന്നവര്‍.

വെജിറ്റേറിയന്‍ ഭക്ഷണം എന്താണെന്ന് മനസിലാകാത്ത പാശ്ചാത്യ രാജ്യങ്ങളുണ്ട്. ഭക്ഷണത്തില്‍ വെജിറ്റബിള്‍ കൂടി കഴിക്കുന്നതിനെപ്പറ്റി മാത്രമേ അവര്‍ക്കറിയൂ, വെജിറ്റബിള്‍ മാത്രം കഴിക്കുന്നത് അറിയില്ല.

ബീഫ് വിഷയത്തില്‍ ഉത്തരേന്ത്യക്കാരെ വെറുതേ കുറ്റം പറയാനും കഴിയില്ല. അത്ര രൂഢമൂലമാണ് അവരില്‍ മിക്കവരുടേയും വിശ്വാസം. എല്‍.എല്‍.എം പഠിക്കാന്‍ ജനീവയില്‍ വന്ന ഡല്‍ഹിക്കാരായ രണ്ട് വിദ്യാര്‍ത്ഥികളുമായി പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. ആ ചെറുപ്പക്കാര്‍ക്ക് പോലും കാര്യങ്ങള്‍ മനസിലാകുന്നില്ല. ബീഫ് കഴിച്ചാല്‍ ആയുസ് കുറയുമെന്ന് അവര്‍ തീര്‍ത്തും വിശ്വസിച്ചു. ബീഫ് കഴിക്കുന്ന കേരളീയര്‍ക്കും പാശ്ചാത്യര്‍ക്കും ഡല്‍ഹിക്കാരേക്കാള്‍ കൂടുതല്‍ ആയൂര്‍ദൈര്‍ഘ്യമുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ അവര്‍ കുഴഞ്ഞു. ആദ്യമായാണവര്‍ അതാലോചിച്ചത്. എങ്കിലും അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ദൈവത്തിന് നിരക്കാത്തതാണെന്നും പുരാണങ്ങളില്‍ പറയുന്നതിന് വിരുദ്ധമാണെന്നുമായി അവരുടെ വാദം. നാട്ടില്‍ നിന്ന് നിയമം പഠിച്ചിട്ട് ജനീവയില്‍ അന്താരാഷ്ട്ര നിയമം പഠിക്കാന്‍ വന്ന ചെറുപ്പക്കാര്‍ വാദത്തിനായി ആശ്രയിക്കുന്നത് പുരാണങ്ങളെ..! പുരാണത്തില്‍ എവിടെ പറഞ്ഞിരിക്കുന്നു എന്നു ചോദിച്ചപ്പോള്‍ പുരാണങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യരുതെന്നായി. ഇതാണ് ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ പോലും പലപ്പോഴും കാണുന്ന മനോഭാവം. ഇതില്‍ നിന്നും വ്യത്യസ്തമായ തിരിച്ചറിവുകളുള്ള കുറേപ്പേര്‍ അവിടെയും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അവര്‍ നിസ്സഹായരാണ്.

സൊമാറ്റോയിലൂടെ ഭക്ഷണം കൊണ്ടുവരുന്നത് ഹിന്ദു തന്നെ ആയിരിക്കണമെന്ന് വാശിപിടിക്കുന്ന മണ്ടന്‍ ശുക്ലമാര്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെടുന്നതാണ്. അവരാണ് മുസ് ലിം കൊണ്ടുവരുന്ന ഭക്ഷണത്തെ തിരിച്ചയയ്ക്കുന്നത്. മുസ് ലിമിനെയും ബീഫിനെയും അവര്‍ ചേര്‍ത്താണ് കാണുന്നത്. അയാളെ മണ്ടന്‍ എന്നു പറഞ്ഞത് നല്ല ബോധത്തോടെയാണ്. ഇംഗ്ലീഷൊക്കെ എഴുതുന്ന അയാള്‍ക്ക് സാമാന്യ ബോധമില്ലാത്തതു കൊണ്ടാണ് മണ്ടനാകുന്നത്. ഒരു മുസ് ലിം തൊടാത്ത ഭക്ഷണമോ വെള്ളമോ മുസ് ലിം ശ്വസിക്കാത്ത വായുവോ അയാള്‍ക്ക് ഏതെങ്കിലും നാട്ടില്‍ കിട്ടുമോ? അത്രയ്ക്ക് ബോധമില്ലാത്തവന്‍.

ഇതിനകം അയാള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കാണണം. അതല്ല, മുസ് ലിം തൊട്ട ഭക്ഷണം കഴിക്കില്ലെന്ന് ഇപ്പോഴും വാശിയിലാണെങ്കില്‍ അയാള്‍ക്ക് ചന്ദ്രനില്‍ പോയി ജീവിക്കാം. അവിടാകുമ്പോള്‍ മുസ് ലിമുമില്ല, ബീഫും ഇല്ല.

ഇനി ചന്ദ്രനില്‍ പോകേണ്ട വഴിയറിയില്ലെങ്കില്‍ കേരളവുമായി ബന്ധപ്പെടാം. അടൂര്‍ ഗോപാലകൃഷ്ണനെ ബന്ധപ്പെട്ടാല്‍ ട്രാവല്‍ ഏജന്‍സിയുടെ വിവരങ്ങളും ലഭിക്കും. അടുത്തിടെ ടിക്കറ്റ് കിട്ടിയ ആളാണ് അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക