Image

പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനം നിര്‍ത്തലാക്കി കരാര്‍ സമ്പ്രദായത്തിലാക്കുന്നു

Published on 03 May, 2012
പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനം നിര്‍ത്തലാക്കി കരാര്‍ സമ്പ്രദായത്തിലാക്കുന്നു
ദോഹ: പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനം നിര്‍ത്തലാക്കി പകരം കരാര്‍ സമ്പ്രദായം നടപ്പാക്കാന്‍ ഖത്തര്‍ ആലോചിക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പിന്‌ പകരം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ ഒപ്പുവെക്കുന്ന കരാറിന്‍െറ അടിസ്ഥാനത്തില്‍ ഇരു കക്ഷികളുടെയും അവകാശങ്ങളും ചുമതലകകളും നിശ്ചയിക്കുന്നതായിരിക്കും പുതിയ സംവിധാനം. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ട്രേഡ്‌ യൂണിയന്‍ സ്ഥാപിക്കുമെന്നും അല്‍ അറബ്‌ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ യൂസുഫ്‌ അല്‍ മുല്ല അറിയിച്ചു.

പുതിയ സംവിധാനം എന്ന്‌ പ്രാബല്യത്തില്‍ വരുമെന്ന്‌ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനം നിര്‍ത്തലാക്കിയാലും തൊഴിലാളിക്ക്‌ സ്വതന്ത്രമായി മറ്റൊരു തൊഴില്‍ സ്വീകരിക്കാന്‍ കഴിയില്ല. മറ്റൊരു ജോലിയിലേക്ക്‌ മാറണമെന്നുള്ളവര്‍ക്ക്‌ കരാര്‍ റദ്ദാക്കി രാജ്യം വിടാം. എന്നാല്‍, ഇങ്ങനെ ജോലി ഉപേക്ഷിക്കുന്നതിന്‌ പണം മാത്രമായിരിക്കരുത്‌ കാരണമെന്ന്‌ ഹുസൈന്‍ യൂസുഫ്‌ സൂചിപ്പിച്ചു. കരാര്‍ റദ്ദാക്കി രാജ്യം വിടുന്നവര്‍ വേറൊരു ജോലിയിലേക്ക്‌ ഖത്തറിലേക്ക്‌ തിരിച്ചുവരണമെങ്കില്‍ പുതിയ തൊഴിലുടമയുമായി വേറെ കരാര്‍ ഉണ്ടാക്കിയിരിക്കണം.
എന്നാല്‍, കരാര്‍ റദ്ദാക്കി പോകുന്നവര്‍ക്ക്‌ പുതിയ ജോലിക്കായി ഖത്തറിലേക്ക്‌ മടങ്ങിവരാന്‍ നിശ്ചിത സമയപരിധി കഴിയേണ്ടതുണ്ടോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. നിലവിലെ നിയമനുസരിച്ച്‌ വിസ റദ്ദാക്കിപോകുന്ന പ്രവാസികള്‍ക്ക്‌ മറ്റൊരു ജോലിക്കായി തിരിച്ചുവരണമെങ്കില്‍ രണ്ട്‌ വര്‍ഷം കഴിയണമെന്നുണ്ട്‌.

സ്‌പോണ്‍സര്‍ഷിപ്പ്‌ എന്ന പദം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘനകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും അടിമത്ത സമ്പ്രദായത്തിന്‍െറ പ്രതീതി ജനിപ്പിക്കുന്നതുമാണ്‌. ഈ സാഹചര്യത്തിലാണ്‌ സ്‌പോണ്‍സര്‍ഷിപ്പിന്‌ പകരം കരാര്‍ സമ്പ്രദായം നടപ്പാക്കാന്‍ ആലോചിക്കുന്നതെന്ന്‌ ഹുസൈന്‍ യൂസുഫ്‌ വിശദീകരിച്ചു. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്‌ കമ്പനികള്‍ പിടിച്ചുവെക്കുന്നത്‌ നിരോധിച്ചത്‌ ഇതിന്‍െറ ആദ്യ ചുവടുവെപ്പ്‌ എന്ന നിലയിലാണ്‌. തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ വൈകിക്കുന്നത്‌ ഒരു നിലക്കും അംഗീകരിക്കാനാവില്ല. ഇത്‌ ഏറ്റവും ഗൗരവമുള്ള വിഷയമാണെന്ന്‌ പറഞ്ഞ അദ്ദേഹം ആനുകൂല്യങ്ങള്‍ സമയത്ത്‌ ലഭിക്കാന്‍ തൊഴിലാളികള്‍ക്ക്‌ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

വീട്ടുജോലിക്കാരികളെ കൂടി ഉള്‍പ്പെടുത്തി സ്വകാര്യമേഖലക്കായി പ്രത്യേക നിയമം കൊണ്ടുവരാനിരിക്കുന്നതിനാല്‍ കരാര്‍ സമ്പ്രദായം അവര്‍ക്ക്‌ ബാധകമായിരിക്കില്ലെന്ന്‌ ഹുസൈന്‍ യൂസുഫ്‌ വ്യക്തമാക്കി. പ്രവാസികളുടെ തൊഴിലും താമസവുമായി ബന്ധപ്പെട്ട്‌ ജി.സി.സി രാജ്യങ്ങള്‍ക്ക്‌ ഏകീകൃത നിയമം വേണമെന്നതാണ്‌ ഖത്തറിന്‍െറ നിലപാട്‌.

ട്രേഡ്‌ യൂണിയന്‍ സ്‌്‌ഥാപിക്കുന്നതിന്‌ മുന്നോടിയായി സ്വകാര്യമേഖലയുടെയും പ്രവാസി തൊഴിലാളികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയ തൊഴില്‍ സമിതി രൂപവത്‌കരിക്കു ഈ സമിതിയുടെ ഭരണസമിതിയില്‍ സ്വദേശികളെ മാത്രമേ ഉള്‍പ്പെടുത്തൂ. ഭരണസമിതിയില്‍ ഇടം ലഭിക്കില്ലെങ്കിലും വിദേശികള്‍ക്ക്‌ വോട്ടവകാശമുണ്ടായിരിക്കും. ഭാവിയില്‍ ട്രേഡ്യൂണിയന്‍ രൂപവത്‌കരിക്കുകയും അവയുടെ പ്രവര്‍ത്തനത്തിന്‌ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത്‌ പ്രസ്‌തുത സമിതിയായിരിക്കും. തൊഴിലാളികളുടെ പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്‌ സമിതിയുടെ പ്രധാന ചുമതല. സമിതി നിലവില്‍ വരുന്നതോടെ തൊഴില്‍ വകുപ്പ്‌ അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലിഭാരം കുറയുമെന്നാണ്‌ പ്രതീക്ഷ. സമിതിയുടെയോ ട്രേഡ്‌ യൂണിയന്‍െറയോ മേല്‍ തൊഴില്‍ മന്ത്രാലയത്തിന്‌ ഒരു വിധ നിയന്ത്രണവും ഉണ്ടായിരിക്കില്ല. വിഷയം മന്ത്രിസഭയും അഡൈ്വസറി കൗണ്‍സിലും ഇതിനകം ചര്‍ച്ച ചെയ്‌തതായും അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനി ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹുസൈന്‍ യൂസുഫ്‌ പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായി ഖത്തറിലേക്ക്‌ ഘട്ടം ഘട്ടമായി പത്ത്‌ ലക്ഷം തൊഴിലാളകളെയെങ്കിലും റിക്രൂട്ട്‌ ചെയ്യപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക