Image

വെറുതെ ഒരു തന്ത (കഥ: സാം നിലമ്പള്ളില്‍)

Published on 03 August, 2019
വെറുതെ ഒരു തന്ത (കഥ: സാം നിലമ്പള്ളില്‍)
പ്രൊഫസര്‍ രഘുവരന്‍ റിട്ടയേര്‍ടാണ്, മുപ്പത്‌വര്‍ഷത്തെ അദ്ധ്യാപനത്തിനുശേഷം വിശ്രമിക്കുന്നു. വിശ്രമജീവിതം ഒരു ബോറടിയായിട്ടാണ് ഇപ്പോള്‍ തോന്നുന്നത്. ഒരു ജോലിയും ചെയ്യാതെ  വെറുതെ ടീവിയും കണ്ടുകൊണ്ടിരുന്നാലെങ്ങനാ? ടീവിയില്‍ നോക്കിയിരുന്ന് കണ്ണുവേദനിക്കുമ്പോള്‍ ഓഫ് ചെയ്യും. വെറുതെ അന്തരീക്ഷത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍ ബോറടിക്കുന്നതുകൊണ്ട് വീണ്ടും ടീവി ഓണ്‍ചെയ്യും. ഇങ്ങനെ റിമോട്ടുവെച്ച് കളിക്കലാണ് ഇപ്പോഴത്തെ ജോലി. കുട്ടികളെ പഠിപ്പിക്കേണ്ടാത്തതുകൊണ്ട്  പുസ്തകവായനയില്ല. അല്ലെങ്കില്‍തന്നെ ചരിത്ര അദ്ധ്യാപകനായിരുന്ന താന്‍ ഇനി എന്ത്പുതിയ ചരിത്രമാണ് വായിക്കാനുള്ളത്? ലോകചരിത്രംമൊത്തം വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഇനി പഠിക്കാനുള്ളത് വര്‍ത്തമാനകാലത്തിലേയും ഭാവിയിലേയും ചരിത്രമാണ്. ഭാവിയിലേത് ചരിത്രമാണോ? വര്‍ത്തമാനകാലവിശേഷണങ്ങള്‍ ദിനപ്പത്രങ്ങളും ചാനലുകാരും തല്‍സമയം വിളമ്പിക്കൊണ്ടിരിക്കുന്നതുകൊണ്ട് പുസ്തകം വായിക്കേണ്ട കാര്യമില്ല.

സമയംപോകാന്‍ മറ്റൊരുമാര്‍ഗമുള്ളത് ഭാര്യചെയ്യുന്നതുപോലെ മാസികകള്‍ വായിക്കുകയാണ്. സ്ത്രീകളുടെ മാസികകള്‍ ഉള്‍പ്പെടെ ആറോ ഏഴോ മാസികകളും വീക്കിലികളും വീട്ടില്‍ വരുത്തുന്നുണ്ട്. അവള്‍ അതെല്ലാം ഒറ്റയടിക്ക് വായിച്ചുതീര്‍ക്കും. അതിനുള്ളില്‍ ചരിത്രമുണ്ടോ എന്നറിയാന്‍പോലും മാഷിതുവരെ തുറന്നുനോക്കിയിട്ടില്ല.

“പുറത്തൊക്കെയിറങ്ങി കൂട്ടുകാരുമൊക്കെയായി ഒന്നുകറങ്ങിയിട്ടുവരരുതോ?” സജഷന്‍ ഭാര്യയുടേതാണ്.

പുറത്തിറങ്ങുന്നതിന് കുഴപ്പമില്ല, പക്ഷേ കൂട്ടുകാരെ എവിടെപ്പോയി കണ്ടുപിടിക്കും? പഠിപ്പും പഠിപ്പിക്കലുമായിനടന്ന കാലത്തൊന്നും കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല. ആരെങ്കിലും കൂട്ടുകൂടാന്‍ വന്നാല്‍തന്നെ അവരെ നിരുത്സാഹപ്പെടുത്തി വിട്ടിട്ടേയുള്ളു. ഒരിക്കല്‍ കൂട്ടുകൂടാന്‍ വന്നവര്‍ പിന്നീടൊരിക്കലും അതിന് ധൈര്യപ്പെട്ടിട്ടില്ല.

 തൊട്ടപ്പുറത്തെവീട് വാടകക്കെടുത്ത് താമസിക്കാന്‍വന്ന ലക്ച്ചറര്‍ കുടുംബസഹിതം പരിചയപ്പെടാന്‍വന്നു. ബെല്ലടിച്ചപ്പോള്‍ കതുകുതുറന്ന് നോക്കിയിട്ട് പ്രൊഫസര്‍ ചോദിച്ചു, “ആരാ, എന്തുവേണം?”

“ഞാന്‍ ജയകുമാര്‍, ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ടുമെന്റിലാണ്. അപ്പുറത്തെ വീട്ടിലാണ് താമസം. സാറിനെ പരിചയപ്പെടാമെന്ന് വിചാരിച്ചു.”

“പരിചയപ്പെട്ടില്ലേ? എന്നാലാകട്ടെ.” മാഷ് വാതിലടച്ചു.

മുഖത്ത് അടിയേറ്റപോലെ ജയകുമാര്‍ കുറെനേരം അവിടെത്തന്നെനിന്നു

“ഇങ്ങനെയൊക്കെയാണോ മനുഷ്യരോട് പെരുമാറുന്നത്?” കേട്ടുകൊണ്ടുവന്ന ഭാര്യ ചോദിച്ചു.

“പിന്നെങ്ങനാ?”

“കഷ്ടം; അവരെന്ത് വിചാരിച്ചുകാണും?”

“എന്തുവിചാരിക്കാനാ?”

“സംസ്കാരമില്ലാത്തവാരാണെന്ന് വിചാരിച്ചുകാണും.”

“വല്ലവരുടേം വീട്ടില്‍ചെന്ന് ശല്ല്യപ്പെടുത്തുന്നതാണോ സംസ്കാരം? നമ്മള്‍ ആരുടേം വീട്ടില്‍ കയറിചെല്ലാറില്ലല്ലോ; ഇവിടേം ആരും വരുന്നത് എനിക്കിഷ്ടമല്ല.”

“സ്വന്തം സഹോദരങ്ങളുപോലും ഇവിടെ വരാറില്ല; പിന്നില്ലേ മറ്റുള്ളവര്.”

“മതി സംസാരം.” പ്രൊഫസര്‍ സ്റ്റഡിറൂമില്‍ കയറി വാതിലടച്ചു.

ശ്രീമതി പിന്നെയും എന്തൊക്കെയോ പറഞ്ഞത് അദ്ദേഹം കേട്ടില്ല.

“നാണക്കേടായി; പോകേണ്ടന്ന് ഞാന്‍പറഞ്ഞതല്ലേ?” തിരികെ വീട്ടില്‍വന്നപ്പോള്‍ ജയകുമാര്‍ ഭാര്യയോട് പറഞ്ഞു.

“അയല്‍വക്കമല്ലേ എന്നുവിചാരിച്ചിട്ടാ. ചേട്ടന്റെ കോളജിലെ പ്രൊഫസറല്ലേ? അയാടെ ഭാര്യ ഇന്നലെ മതിലിന്റെ അടുത്തുവന്ന് പരിചയപ്പെട്ടു; അങ്ങോട്ട് ക്ഷണിക്കുകേം ചെയ്തു. അതുകൊണ്ടാപോകാമെന്ന് ഞാന്‍ പറഞ്ഞത്. അയാളൊരു മൃഗമാണെന്ന് ഞാനറിഞ്ഞോ?”

ജയകുമാറിന് ഇതുപോലെ ഒരബദ്ധം അടുത്തകാലത്തൊന്നും പറ്റിയിട്ടില്ല. ഇനിയിപ്പം ഏതാറ്റില്‍പോയി കുളിച്ചാലാണ് ഈ ചമ്മല്‍ മാറ്റുക. പറ്റിയ അബദ്ധം ആരോടും പറയരുതെന്ന് ജയയോട് പ്രത്യേകം നിഷ്കര്‍ഷിച്ചു.

“അതുപിന്നെ എന്നോട് പറയണോ; നാണംകെട്ടകാര്യ ആരെങ്കിലും വിളിച്ചുകൂവുമോ?”

എന്നിട്ടും ജയകുമാറിന് അത്ര വിശ്വാസംവന്നില്ല. പെണ്ണല്ലേ; ഉള്ളിലിരിക്കുന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ ശ്വാസംമുട്ടി ചാകത്തില്ലേ? എന്തായാലും വരുന്നിടത്തുവച്ച് നേരിടാമെന്ന് തീരുമാനിച്ചു.

ഭാര്യയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടാണ് പ്രൊഫസര്‍ രഘുവരന്‍ വൈകിട്ട് നടക്കാനിറങ്ങിയത്. കുറെസമയം അങ്ങനെ പോയിക്കിട്ടുമല്ലോ. നടന്നെത്തിയത് ബീച്ചിലാണ്. ഇങ്ങനെയൊരു ബീച്ച് ഇവിടുള്ളകാര്യം ഇപ്പോഴാണ് അറിയുന്നത്. പത്തുനാല്‍പത് വര്‍ഷങ്ങളായി ഈ പട്ടണത്തില്‍ താമസിച്ചിട്ടും ഇവിടൊരു ബീച്ചുള്ളകാര്യം അറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അതിശയിച്ചു. കോഴിക്കോടിന് അടുത്തുള്ളത് ഏതുകടലാണെന്ന് അല്‍പനേരം ആലോചിച്ചു. ഇന്‍ഡ്യന്‍ മഹാസമുദ്രമാണോ? ഓ! അതങ്ങ് തെക്കല്ലേ; പിന്നെ ഇതേതാണ്?

“മാഷ് നടക്കാനിറങ്ങിയതാണോ?” എതിരെവന്ന ഒരുത്തന്‍ ചോദിച്ചു.

നടക്കാനല്ലാതെ ആരെങ്കിലും നടന്നുവരുമോ എന്ന് മറുചോദ്യം ചോദിക്കുന്നതിന്മുന്‍പ് അവന്‍ പറഞ്ഞു. “ഞാന്‍ മാഷിന്റെ ഒരു സ്റ്റുഡന്റാ; തൊണ്ണൂറ്റെട്ടു ബാച്ചില്‍. മാഷിന് ഓര്‍മയുണ്ടോ എന്നറിയില്ല. പേര് ജെയിംസ്.”

“ഇത് ഏത് കടലാ?”

മാഷിന്റെ ചോദ്യംകേട്ട് ജെയിംസ് പരിഭ്രമിച്ചു. ചരിത്രം തലയിലേറ്റിനടന്ന പ്രൊഫസര്‍ക്ക്  കോഴിക്കോടിനടുത്തുള്ള കടല്‍ ഏതാണെന്ന് അറിയല്ലേ? പണ്ട് വാസ്‌ക്കോഡിഗാമ വന്നിറങ്ങിയതിനെപറ്റി മാഷ് പഠിപ്പിച്ചിട്ടുള്ളതല്ലേ? ഇനി ബുദ്ധിക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടോ?

“ഇത് അറബിക്കടലല്ലേ, മാഷേ?”

“ഓ. ശരിയാണല്ലോ. ബൈദവേ, നീ ആരാണെന്നാ പറഞ്ഞത്?”

“ജയിംസ്. ജെയിംസ് മാത്യു. തൊണ്ണൂറ്റിയെട്ട് ബാച്ചാ.”

“ഞാന്‍ ഓര്‍ക്കുന്നില്ല.” മാഷ് മുന്‍പോട്ട് നടന്നു.

പഠിപ്പിച്ച് പഠിപ്പിച്ച് വട്ടുപിടിച്ച മാഷിനെ നോക്കി ജെയിംസ് കുറെനേരം അവിടങ്ങനെ നിന്നു. തിരിച്ചുപോകാന്‍ തുടങ്ങിയപ്പോളാണ് പിന്നില്‍ ഒരലര്‍ച്ച കേട്ടത്.

“ആരാടാ അത്? വല കിടക്കുന്നത് കണ്ടുകൂടേ നിനക്ക്?” ജെയിംസ് നോക്കിയപ്പോള്‍ മാഷ് എതോ മത്സ്യതൊഴിലാളി ഉണക്കാനിട്ടിരുന്ന മീന്‍വലയില്‍ ചവിട്ടി നില്‍ക്കുന്നു. അയാള്‍ മാഷിന്റെനേരെ പാഞ്ഞടുക്കുകയാണ്.  അയാള്‍ മാഷിനെ തല്ലുമെന്ന് ജെയിംസ് ഭയപ്പെട്ടു.

“ഒന്നുനില്‍ക്കണേ.” അവന്‍ അങ്ങോട്ട് ഓടിച്ചെന്നു. “അദ്ദേഹത്തെ ഒന്നും ചെയ്യല്ലേ, സുഖമില്ലാത്ത ആളാ.”

“എന്താ ഇവന്റെ അസുഖം, ഞാന്‍ മാറ്റിക്കൊടുക്കാം.” അയാള്‍ വീണ്ടും മുമ്പോട്ട് നടന്നുകൊണ്ട് പറഞ്ഞു. “വലകിടക്കുന്നത് ഇവന് കണ്ടുകൂടെ; പൊട്ടക്കണ്ണനൊന്നും അല്ലല്ലോ?”

“ക്ഷമിക്കണം; തലക്ക് സുഖമില്ലാത്ത ആളാ. ഓര്‍മശക്തി തീരെയില്ല.”

“വട്ടനാണെങ്കില്‍ പെരക്കകത്ത് പൂട്ടിയിടണം. അല്ലാതെ അഴിച്ചുവിട്ടാല്‍ ആരെങ്കിലും പൂശിയെന്നിരിക്കും.” അയാള്‍ അല്‍പം സമാധാനപ്പെട്ടതുപോലെ ജെയിംസിന് തോന്നി.

“ആരാടാ വട്ടന്‍?” ഇപ്പോള്‍ പ്രൊഫസറാണ് ചൂടായത്. “ഞാനാരാണെന്നാ നീ വിചാരിച്ചത്?”

“മനസിലായി.” മത്സ്യത്തൊഴിലാളി പറഞ്ഞു. “ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാണന്നല്ലേ പറയാന്‍ വരുന്നത്. എല്ലാ ഭ്രാന്തന്മാരും ഇങ്ങനെയൊക്കെയാ പറയുന്നത്.”

എന്തുചെയ്യണമെന്ന് അറിയാതെ ജെയിംസ് പരി‘്രമിച്ചുനില്‍ക്കുമ്പോള്‍ മാഷ് മുന്‍പോട്ടുവന്ന് മത്സ്യതൊഴിലാളിയുടെ കരണത്തൊന്ന് പൊട്ടിച്ചു. അയാള്‍ മാഷിനെ തിരിച്ചുതല്ലി. തല്ലുകണ്ട് വേറെയും തൊഴിലാളികള്‍ ഓടിവന്ന് മാഷിനെ ശരിക്കും പൂശി.

“ഇവന്റെകൂടെ വേറൊരുത്തനും ഉണ്ടായിരുന്നല്ലോ?” ആദ്യത്തെ മത്സ്യത്തൊഴിലാളി ആള്‍കൂട്ടത്തിനിടയില്‍ ജെയിംസിനെ തിരഞ്ഞു. ജീവനുംകൊണ്ട് ഓടുമ്പോള്‍ പിന്നില്‍നിന്ന് അയാള്‍ വിളിച്ചുപറയുന്നത് കേട്ടു.
 “നിന്റെ തന്തേക്കൂടി കൊണ്ടുപോടാ.”
(ഒരു പഴയകാല കൃതി.)

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക