Image

ശ്രീറാം വെങ്കിട്ടരാമന്‍; മാധ്യമ പ്രവര്‍ത്തകന്റെ ജീവനെടുത്ത മുന്‍ താരം (ശ്രീനി)

Published on 05 August, 2019
ശ്രീറാം വെങ്കിട്ടരാമന്‍; മാധ്യമ പ്രവര്‍ത്തകന്റെ ജീവനെടുത്ത മുന്‍ താരം (ശ്രീനി)
സംഭവബഹുലമായാണ് കേരളത്തിലെ ഓരോ ദിവസവും കടന്നുപോകുന്നത്. വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാതായിരിക്കുന്നു. വാര്‍ത്തളും വിശേഷങ്ങളും വേണ്ടതുതന്നെ. എന്നാല്‍ സന്തോഷ വൃത്താന്തത്തേക്കാള്‍ ദുരന്തവാര്‍ത്തകളാണ് പലപ്പോഴും കേള്‍ക്കേണ്ടിവരിക. അത് സ്വാഭാവികം. പലസംഭവങ്ങളും വാര്‍ത്തകളാവുന്നില്ല. സ്ഥാപിത താത്പര്യക്കാര്‍ക്ക് സൗകര്യാര്‍ത്ഥം വളച്ചൊടിക്കപ്പെടാന്‍ മിക്കപ്പോഴും വിധേയമാകുന്നതാണ് വാര്‍ത്ത. തമസ്കരിക്കപ്പെടുന്നവയുമുണ്ട്. അതോടൊപ്പം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്കൂപ്പുകളും എക്‌സക്ലൂസിവുകളും നാം കേള്‍ക്കുകയും കാണുകയും വായിക്കുകയും ചെയ്യുന്നു.

മാന്യമായി മാധ്യമ പ്രവര്‍ത്തനം നടത്തുകയും ആര്‍ദ്രമായ പെരുമാറ്റത്തിലൂടെ മാധ്യമ രംഗത്തെ സുഹൃദ് സാന്നിധ്യവുമായിമാറിയ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത് ഏവരെയും കടുത്ത ദുഖത്തിലാഴ്ത്തി. എന്നാല്‍ ബഷീര്‍ അകാലത്തില്‍ മരിക്കാനിടയായ സംഭവം നമ്മെ രോഷാകുലരാക്കുന്നതാണ്. യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചാണ് ബഷീര്‍ എന്ന നിരപരാധി മരണമടഞ്ഞത്. തേജസ് പത്രത്തിന്റെ തിരുവന്തപുരം ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബഷീര്‍. അമിതമായി മദ്യപിച്ച് ഒരു പെണ്‍ സുഹൃത്തുമായി അര്‍ധരാത്രിയില്‍ അമിത വേഗത്തില്‍ ശ്രീറാം കാറോടിച്ചതാണ് മാപ്പര്‍ഹിക്കാത്ത ഈ പാതകത്തിന് കാരണമായത്.

ചെറുപ്പക്കാരനായ ബഷീറിന്റെ ബന്ധുമിത്രാദികളുടെ കണ്ണീര്‍ ഇനിയും തോരാതെ പെയ്യുമ്പോള്‍, ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നു. നരഹത്യാകേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് ശക്തമായ ഭാഷയില്‍ ആരോപിച്ചിരിക്കുകയാണ്. പ്രതിക്ക് സ്വകാര്യ ആശുപത്രിയില്‍ സുഖവാസം ഏര്‍പ്പെടുത്തിയെന്നും കൊല്ലപ്പെട്ട പാവം മനുഷ്യനോടു കാണിക്കുന്ന കടുത്ത അവഹേളനവും നിയമവിരുദ്ധ നടപടിയുമാണിതെന്നും യൂണിയന്‍ ആരോപിച്ചു. പ്രഥമവിവര റിപ്പോര്‍ട്ട് മുഴുവന്‍ അസത്യങ്ങളോ അര്‍ധ സത്യങ്ങളോ ആണ്. ഇത് ആരെ സംരക്ഷിക്കാനാണെന്നു വ്യക്തമാണ്. പ്രതിക്കെതിരെ ജാമ്യമില്ലാത്ത 304-ാം വകുപ്പ് ചുമത്തുമെന്ന ഡി.ജി.പിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആക്ഷേപിച്ചു.

കേരളത്തിലെ പത്രപ്രവര്‍കരുടെ ഈ ആക്ഷേപങ്ങള്‍ക്കും അവരുടെ ആശങ്കകള്‍ക്കും ഉപോല്‍ബലകമായ കാര്യങ്ങളാണ് അത്യന്തം ദൗര്‍ഭാഗ്യകരമായ അപകടത്തിനുശേഷമുള്ള ദിവസങ്ങളിലായി അരങ്ങേറുന്നത്. ഒരു കൊലപാതകവും അതിന് പ്രേരിപ്പിക്കുന്നതും ഒരേ കുറ്റമാണ്. ഒരാള്‍ മരിക്കാനിടയാക്കിയ അപകടവും പിന്നീട് അതിലേയ്ക്ക് നയിച്ച കാരണങ്ങള്‍ ഇല്ലാതാക്കി കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ഒരേ ഗൗരവമര്‍ഹിക്കുന്ന കുറ്റമാണ്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം ചികില്‍സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് എസ്.ആര്‍ അമല്‍ ഇദ്ദേഹത്തെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയുണ്ടായി.

സ്വകാര്യ ആശുപത്രിയിലെ എ.സി ഡീലക്‌സ് മുറിയിലെ താമസം വിവാദമായതോടെ പോലീസ് ശ്രീറാമിനെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ശ്രീറാമിനെ പൂജപ്പുരയിലെ ജയിലിലേയ്ക്ക് കൊണ്ടുപോയി. ചികില്‍സ ആവശ്യമാണെങ്കില്‍ ജയില്‍ അധികൃതര്‍ക്ക് അക്കാര്യം തീരുമാനിക്കാമെന്നും മജിസിട്രേറ്റ് വ്യക്തമാക്കിയിരുന്നു. പക്ഷേ, മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം മറികടന്ന് മണിക്കൂറുകള്‍ നീണ്ട അന്തര്‍ നാടകങ്ങള്‍ക്ക് ശേഷം ജയില്‍ ഡോക്ടറുടെ വാക്കനുസരിച്ച് ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണെത്തിച്ചത്. ശ്രീറാമിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിപ്പിക്കും വിധം മുഖത്ത് മാസ്ക് വച്ച് ശരീരം പുതപ്പിച്ച് സ്‌ട്രെക്ചറില്‍ ആംബുലന്‍സിലാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.

പുറത്ത് നിന്ന് അകത്തേക്ക് കാണാന്‍ കഴിയാത്ത അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിലായിരുന്നു മജിസ്‌ട്രേറ്റിനടുത്തേക്കും തുടര്‍ന്ന് ജയിലിലേക്കും ശ്രീറാമിനെ കൊണ്ടുപോയിരുന്നത്. പുറത്ത് നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ എടുക്കുമെന്നതിനാല്‍ അംബുലന്‍സിനകത്തെ ലൈറ്റുകള്‍ ഓഫാക്കിയിരുന്നു. ഇതിനിടെ ശ്രീറാമിന്റെ കാര്യത്തില്‍ മ്യൂസിയം പോലീസിന് അടിമുടി വീഴ്ച സംഭവിച്ചതായുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മണിക്കൂര്‍ വൈകിയെന്നും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ വിട്ടയച്ചതില്‍ വീഴ്ചയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്‌റ്റേഷന്‍ രേഖകളില്‍ അപകട വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തില്ല. ഓഗസ്റ്റ് രണ്ടാം തീയതി വെള്ളിയാഴ്ച അര്‍ധരാത്രി 12.55ന് ഉണ്ടായ അപകടത്തിന് ശേഷം ശ്രീറാമിനെ പോലീസ് നേരെ ജനറല്‍ ആശുപത്രിയിലായിരുന്നു എത്തിച്ചിരുന്നത്. മദ്യപിച്ചാണു വാഹനമോടിച്ചതെന്നു സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ രക്തപരിശോധന നിര്‍ദേശിച്ചെങ്കിലും ശ്രീറാം വഴങ്ങിയില്ല. മദ്യപിച്ചിട്ടുള്ള പ്രതികളില്‍ നിന്ന് നിര്‍ബന്ധമായി രക്തമെടുക്കാനുള്ള നിയമമുണ്ടെങ്കിലും പോലീസ് അതിന് മടിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കൈക്ക് ചെറിയ ചതവ് മാത്രം ഉണ്ടായിരുന്നു എന്നും ഇയാളെ മദ്യം മണക്കുന്നു എന്നും ഡ്യൂട്ടി ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നു.

പോലീസിന്റെ വീഴ്ച വലിയ വിവാദമായതോടെ ഒന്‍പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തം ശേഖരിച്ചത്.  രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ബോധപൂര്‍വം രക്തമെടുക്കല്‍  വൈകിപ്പിച്ചതെന്നാണ് പോലീസിനെതിരെയുള്ള ആക്ഷേപം. ഇങ്ങനെ പോലീസ് വഴി വിട്ട സഹായങ്ങളാണ് ശ്രീറാമിന് നല്‍കിയിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ ടി.വിയും പത്തോളം അതിഥികള്‍ക്ക് ഇരിക്കാന്‍ സൗകര്യവുമുള്ള എ.സി മുറിയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പല ഉന്നതരും ശ്രീറാമിനെ കാണാനെത്തിയിരുന്നത്രേ. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ മുന്‍കൂര്‍ അനുമതിയില്ലാതെ കാണാന്‍ സാധിക്കില്ല. പക്ഷേ, പോലീസ് ഇതിനെല്ലാം ഒത്താശ ചെയിയ്‌തെന്നാണ് ആരോപണം. റിമാന്‍ഡില്‍ കഴിയുമ്പോഴും പ്രതി മൊബൈല്‍ ഫോണില്‍ വാട്‌സ്ആപ്പിലും മറ്റും സജീവമായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ ശ്രീറാമിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജയിലിലേയ്ക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്. ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്കാണ് മാറ്റിയത്. അതേസമയം ശ്രീറാമിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല. ശ്രീറാമിന് ആന്തരിക രക്തസ്രാവവും ഛര്‍ദിയും ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നുമുള്ളതിനാലാണ് നടപടിയെന്നാണ് പുറത്ത് വരുന്ന വിവരം. ഏതായാലും സെക്രട്ടേറിയറ്റില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകോപനപരവും പ്രതിഷേധാര്‍ഹവുമായ കാര്യങ്ങളാണ് ശ്രീറാമില്‍നിന്നുണ്ടായിരിക്കുന്നത്.

ഏതാനും നാള്‍ മുമ്പ് സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുള്ള വ്യക്തിയായിരുന്നു ഈ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. ദേവികുളം സബ്കളക്ടറായിരിക്കെ മൂന്നാറിലെ അനധികൃത കുടിയേറ്റ മാഫിയയുടെ നടുവൊടിച്ച ശ്രീറാം പെട്ടെന്ന് ഏവരുടെയും ആരാധനാ പാത്രമായി. ജനപക്ഷ തീരുമാനങ്ങളെടുത്ത് ധീരനായ ഐ.എ.എസ് ഓഫീസര്‍ എന്ന ഖ്യാതി നേടി. പഠിത്തത്തിലും കെങ്കേമനായിരുന്നു ശ്രീറാം. മെഡിക്കല്‍ എന്‍ട്രന്‍സില്‍ മികച്ച റാങ്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠനം. അതിനുശേഷം 2013ല്‍ രണ്ടാം റാങ്കോടെ ഐ.എ.എസ് നേടി. പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറും തിരുവല്ല ആര്‍.ഡി.ഒയുമായി. ഡല്‍ഹിയില്‍ ഭക്ഷ്യമന്ത്രാലയത്തിന്ല്‍ അസിസ്റ്റന്റ് സെക്രട്ടറിയായും മേല്‍വിലാസമറിയിച്ചു.  കേരളത്തിലെത്തിയപ്പോള്‍ ആക്ടിവിസമുള്ള എല്ലാ ഐ.എ.എസുകാര്‍ക്കും പറ്റുന്നതുപോലെ സര്‍ക്കാരിന്റെ ഒതുക്കലിന് ശ്രീറാമും വിധേയനായി. എങ്കിലും ഇദ്ദേഹത്തില്‍ നിന്ന് ജനം ഒരുപാട് നല്ല സേവനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

സ്‌കോളര്‍ഷിപ്പോടെ ഇപ്പോള്‍ വിദേശപഠനം കഴിഞ്ഞ് എത്തിയപ്പോള്‍ സര്‍വേ ഡയറക്ടറായി ശ്രീറാമിന് നിയമനം ലഭിച്ചു. അതിന്റെ സന്തോഷപ്പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ശ്രീറാമിന്റെ കരിയര്‍തന്നെ കുഴിതോണ്ടിയ അപകടമുണ്ടായത്. അര്‍ധരാത്രിയില്‍ അന്യന്റെ ഭാര്യയുമൊത്ത് അവരുടെ കാറിലായിരുന്നു പട്ടം മരപ്പാലത്തെ തന്റെ ഫ്‌ളാറ്റിലേയ്ക്കുള്ള ആ യാത്ര. വഫ ഫിറോസ് എന്ന പെണ്‍ സുഹൃത്തുമായി ചെരുപ്പക്കാരനായ ശ്രീറാമിന് അര്‍ധരാത്രിയില്‍ എന്താണിടപാടെന്ന് പലരും പലരീതിയില്‍ ഊഹിക്കുന്നുണ്ട്. അതിനവരെ കുറ്റപ്പെടുത്തേണ്ടതില്ല. റഫ ഫിറോസ് സംസ്ഥാനത്തെ ഐ.എ.എസ്, ഐപി.എസ് ഉദ്യോഗസ്ഥരുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ്. അമിതമായി മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് ഒരാളെ, മനപപ്പൂര്‍വമല്ലെങ്കിലും കൊലപ്പെടുത്തിയതോടെ ജനമനസിലെ അഭിമാനതാരം വെറുക്കപ്പെട്ട വില്ലനായി. താനാണ് കാറോടിച്ചതെന്ന ശ്രീറാമിന്റെ വാദം ദൃക്‌സാക്ഷികള്‍ പൊളിച്ചടുക്കി. തങ്ങളുടെ മാധ്യമ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം മാധ്യമങ്ങളും ഏറ്റെടുത്തതോടെ ശ്രീറാം ശരിക്കും കുടുങ്ങുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക