Image

വാല്മീകി രാമായണം ഇരുപത്തി ഒന്നാം ദിനം (ദുര്‍ഗ മനോജ്)

Published on 06 August, 2019
വാല്മീകി രാമായണം ഇരുപത്തി ഒന്നാം ദിനം (ദുര്‍ഗ മനോജ്)
യുദ്ധകാണ്ഡം
ഇരുപത്തി അഞ്ചാം സര്‍ഗ്ഗം മുതല്‍ അമ്പതു വരെ

ആദ്യം ദൂതനായും പിന്നീട് ചാരനുമായെത്തിയ ശുകനെ രാമന്‍ വിട്ടയച്ചു. ജീവനും കൊണ്ടു രാവണസവിധത്തിലെത്തിയ ശുകന്‍, ശത്രു കടലില്‍ ചിറകെട്ടിയ വിധവും വിവരവും താന്‍ കണ്ടത് ധരിപ്പിച്ചു. ഒപ്പം രാമന്റെ ഇടപെടല്‍ കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടിയതും. കാര്യങ്ങള്‍ കേട്ടറിഞ്ഞ രാവണന്‍ പറഞ്ഞു, 'രാമന്‍ കടലില്‍ ചിറകെട്ടിയതൊന്നും വിഷയമല്ല. ഏതായാലും അവന്റെ പടയൊരുക്കത്തെക്കുറിച്ച് കൂടുതലറിയണം. അതിനായി ശുകസാരണന്മാര്‍ പോകട്ടെ.'

അങ്ങനെ ശുകനും സാരണനും വലിയ വാനര വേഷം പൂണ്ട് വാനരസേനയില്‍ നൂണ്ട് കയറി. എന്നാല്‍ വിഭീഷണന്‍ ചാരന്മാരെ കണ്ടുപിടിച്ചു. അതറിഞ്ഞ വാനരര്‍ അവരെ വധിക്കാനൊരുങ്ങി. അത് രാമന്‍ തടഞ്ഞു, എന്നിട്ട് സേനാവൃത്താന്തം പൂര്‍ണ്ണമായി രാവണനെ അറിയിക്കുവാന്‍ ആവശ്യപ്പെട്ടു. ജീവനും കൊണ്ട് തിരികെ എത്തിയ ശുകസാരണന്മാര്‍ വാനരസൈന്യത്തെക്കുറിച്ച് വ്യക്തമായ ചിത്രം രാവണന് നല്‍കി. എന്നാലും എന്ത് സംഭവിച്ചാലും ജാനകിയെ രാമന് നല്‍കില്ല എന്ന് ദശകണ്ഠന്‍ പ്രഖ്യാപിച്ചു. രണ്ട് ഭാഗത്തും പടയൊരുക്കം ആരംഭിച്ചു.

എന്നാല്‍ ഈ തയ്യാറെടുപ്പുകള്‍ക്കിടയിലും രാവണന്‍ ചില തന്ത്രങ്ങള്‍ സീതയോട് പ്രയോഗിച്ചു. രാമവേഷം ധരിക്കാന്‍ ഒരു മായാവിയോട് ആവശ്യപ്പെട്ടു. എന്നിട്ട് പോരില്‍ വാനരപ്പട സര്‍വ്വസ്വവും നശിച്ചുവെന്നും രാമനെ കൊന്നുവെന്നും സീതയെ അറിയിച്ചു. ഒപ്പം വിദ്യുജ്ജിഹ്വനെന്ന രാക്ഷസന്‍ സീതയുടെ മുന്നില്‍ ഉടല്‍ വേര്‍പെട്ട രാമന്റെ തലയും ഒടിഞ്ഞ ധനുസ്സും ഉള്ള ഒരു മായക്കാഴ്ച സൃഷ്ടിച്ചു. അതുകണ്ട് സീത, രാമന് ആപത്ത് പിണഞ്ഞുവെന്നോര്‍ത്ത് മോഹാലസ്യപ്പെട്ടു.

രാവണന്‍ രണഭൂമിയിലേക്ക് യാത്രയായി. ഈ സമയം സരമ എന്നൊരു രാക്ഷസി സീതയുടെ അടുത്തെത്തി, കണ്ടത് വെറും മായക്കാഴ്ചയാണെന്നും തളരരുതെന്നും ഉപദേശിച്ചു. ഒപ്പം കടലിരമ്പും പോലെ വാനരപ്പട ലങ്കയില്‍ എത്തിക്കഴിഞ്ഞു എന്നും അറിയിച്ചു. സീത സമാധാനം വീണ്ടെടുത്തു.

പോരിന് തയ്യാറെടുത്ത രാവണനെ ഈ ഘട്ടത്തില്‍ മാതാമഹനായ മാല്യവാന്‍ ഉപദേശിച്ചു, 'ലക്ഷണപ്രകാരം രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് അറിയുന്നു. അധര്‍മ്മത്തെ ധര്‍മ്മം വിജയിക്കുന്ന കാലമാണ് മുന്നില്‍. പോരിനിറങ്ങി സര്‍വ്വനാശം വരുത്താതെ സീതയെ വിട്ടുകൊടുക്കുന്നതല്ലേ നല്ലത്?' അതുകേട്ട് കോപിച്ച് രാവണന്‍ മാതാമഹന്‍ ശത്രുപക്ഷത്തിലാണ് എന്നു പറഞ്ഞുവച്ചു. പിന്നെ വേഗം സൈന്യത്തെ തയ്യാറാക്കി.

ഇരുപക്ഷവും യുദ്ധസന്നദ്ധരായി. എന്നിട്ടും രാമന്‍ യുദ്ധത്തിന് മുന്നേ അംഗദനെ രാവണസമക്ഷം ദൂതിന് വിട്ടു. യുദ്ധമൊഴിവാക്കാനുള്ള അവസാന ശ്രമം. അതും പരാജയപ്പെട്ടു. അങ്ങനെ യുദ്ധം ആരംഭിച്ചു.

പകല്‍ ആരംഭിച്ച അതിരൂക്ഷയുദ്ധം രാത്രിയും തുടര്‍ന്നു. ഇരുപക്ഷത്തും കനത്ത നാശമുണ്ടായി. ഇന്ദ്രജിത്തിനെ തളര്‍ത്താന്‍ അംഗദന് സാധിച്ചു. അതില്‍ ക്ഷോഭിച്ച് അവന്‍ ഇരുട്ടില്‍ മറഞ്ഞുനിന്ന് രാമലക്ഷ്മണന്മാര്‍ക്കു മേല്‍ അസ്ത്രപ്പെരുമഴ ചൊരിഞ്ഞു, ശേഷം നാഗാസ്ത്രം പ്രയോഗിച്ചു. നാഗാസ്ത്രം പ്രയോഗിക്കുക വഴി കദ്രുപുത്രന്മാരായ നാഗങ്ങള്‍ വാനരസൈന്യത്തെ ബാധിച്ചു. ചോരയിറ്റി ബോധരഹിതരായി അവര്‍ നിലം പതിച്ചു.

ആ കാഴ്ച സീത കണ്ടാല്‍, രാമന്റെ ജീവന്‍ നഷ്ടമായെന്ന് കരുതി തന്നെ സ്വീകരിക്കും എന്ന് നിനച്ച രാവണന്‍ വേഗം പുഷ്പകവിമാനത്തില്‍ രാക്ഷസികളുടെ അകമ്പടിയോടെ യുദ്ധഭൂവിലെത്തി രാമലക്ഷ്മണന്‍മാര്‍ വീണുകിടക്കുന്ന കാഴ്ച ആകാശത്ത് നിന്ന് സീതക്ക് കാട്ടിക്കൊടുത്തു. ഭര്‍ത്താവ് നഷ്ടപ്പെട്ടു എന്ന് കരുതി ആ പെണ്‍കൊടി മാറത്തലച്ച് വിലപിച്ചു. എന്നാല്‍ ത്രിജട എന്ന രാക്ഷസി സീതയെ സമാധാനിപ്പിച്ചുകൊണ്ട് രാമലക്ഷ്മണന്മാര്‍ക്ക് മോഹാലസ്യം മാത്രമാണെന്നും അവര്‍ക്ക് യാതൊന്നും സംഭവിക്കില്ലെന്നും ബോധ്യപ്പെടുത്തി. അതോടെ ഒട്ടൊന്നു ശാന്തയായി സീത.

ഈ സമയം വാനരപ്രമുഖര്‍ രാമലക്ഷ്മണന്‍മാരെ രക്ഷിക്കാന്‍ എന്തുണ്ട് ഉപായമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ ആകാശത്ത് ഗരുഡന്‍ പ്രത്യക്ഷനായി. ഗരുഡനെ കണ്ടതും രാമലക്ഷ്മണന്‍മാരെ ബാധിച്ച നാഗബാധ അപ്പാടെ ഒഴിഞ്ഞു പോയി. അതോടെ വര്‍ദ്ധിതവീര്യത്തോടെ രാമനും ലക്ഷ്മണനും അതീവതേജസ്സോടെ അടര്‍ക്കളത്തില്‍ നിലകൊണ്ടു.

യുദ്ധം എന്നും ഒരു പക്ഷത്തിന്റെ നീതികേടില്‍ നിന്നാണ് ആരംഭിക്കുക. പക്ഷേ കൊടിയ നാശം രണ്ട് പക്ഷത്തും അനുഭവപ്പെടും. എത്രകണ്ട് ഒഴിവാക്കണം എന്ന് ചിന്തിച്ചാലും കഴിയാത്ത വിധം യുദ്ധം നാശം വിതക്കും. അത് തന്നെയാണ് ജീവിതത്തിലും യുദ്ധം കൊണ്ട് സംഭവിക്കുന്നത്.

(ഇരുപത്തി ഒന്നാം ദിനം സമാപ്തം)
Join WhatsApp News
My view 2019-08-06 08:45:51
എല്ലാം വായിച്ചു എന്നിട്ട് കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. എന്ത് ചെയ്യാം പിന്നേം സംഗതി  തഥൈവ 

മനസ്സ് പറയുന്നു 'കതിരേ കൊണ്ട് ചെന്ന് വളം വച്ചിട്ടെന്ത് കാര്യം' എന്ന് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക