Image

വാഴ്ത്തപ്പെട്ട പി.എസ്.സിയും ടോപ്പ് റാങ്കിലെത്തിയ മണ്ടന്‍മാരും (ശ്രീനി)

ശ്രീനി Published on 07 August, 2019
 വാഴ്ത്തപ്പെട്ട പി.എസ്.സിയും ടോപ്പ് റാങ്കിലെത്തിയ മണ്ടന്‍മാരും (ശ്രീനി)
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എന്ന പി.എസ്.സിയുടെ വിശ്വാസ്യത എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ഉറക്കമിളച്ച് കഷ്ടപ്പെട്ട് പഠിച്ച് ജീവിതം സുരക്ഷിതമാക്കുന്ന ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടാണ് പി.എസ്.സി പരീക്ഷയെഴുതുന്നത്. എന്നാല്‍ അര്‍ഹരായവരെ മറികടന്ന് കുല്‍സിത മാര്‍ഗത്തിലൂടെ പലരും ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന നിരന്തരമായ ആരോപണങ്ങള്‍ അസ്ഥാനത്തല്ല. രാഷ്ട്രീയ സ്വധീനവും പണവുമുപയോഗിച്ച് ജോലി നേടിയവര്‍ യോഗ്യരായവരുടെ ജീവിതമാണ് തല്ലിക്കൊഴിക്കുന്നത്. ഇപ്പോള്‍ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടുള്ള വലിയ വിവാദം കേരളത്തില്‍ അരങ്ങേറുകയാണ്.

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ സഹപ്രവര്‍ക്കകനെ കുത്തിവീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ അന്വേഷണം അതീവ ഗുരുതരമായ പി.എസ്.സി പരീക്ഷാ ക്രമക്കേട് വെളിച്ചത്തുകൊണ്ടുവരാന്‍ നിമിത്തമായി എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 24ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.സിയെ വെള്ള പൂശി പറഞ്ഞതിങ്ങനെ...

''നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പി.എസ്.സി. മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സി സംവിധാനങ്ങള്‍ കേരളത്തിലേതു പോലെ ശക്തമല്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത നേടിയിട്ടുള്ള സ്ഥാപനമാണിത്. ഇതിന് കാരണം അവരുടെ വിശ്വാസ്യത തന്നെയാണ്. കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം പി.എസ്.സിയെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. ഇത്തരമൊരു സ്ഥാപനത്തെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. മാധ്യമങ്ങള്‍ ഇതിലെല്ലാം എടുത്ത നിലപാടുകള്‍ സംബന്ധിച്ച് ഈയവസരത്തില്‍ ഞാനൊന്നും പറയുന്നില്ല. മാധ്യമങ്ങള്‍ സ്വയം ആലോചിക്കാന്‍ സന്നദ്ധമാകണം...''

ഇനി ഇന്നലെ (ഓഗസ്റ്റ് 6) റിപ്പോര്‍ട്ട് ചെയ്ത ഒരു സുപ്രധാന വാര്‍ത്ത വായിക്കാം...തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് സ്ഥിരീകരിച്ച് പി.എസ്.സി. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിലെ പ്രതികള്‍ ക്രമക്കേട് നടത്തിയെന്നാണ് സ്ഥിരീകരണം. ഇതേ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതികളും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ റാങ്ക് പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഇവരെ പി.എസ്.സി തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്ന് പി.എസ്.സി വിജിലന്‍സ് കണ്ടെത്തി. പരീക്ഷാ കേന്ദ്രത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന്  പരിശോധിക്കാനും അതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു.

പരീക്ഷയ്ക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്.എം.എസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പി.എസ്.സി ശുപാര്‍ശ ചെയ്യുന്നു. മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. എന്നാല്‍ ഉത്തരങ്ങള്‍ മൂന്ന് പേര്‍ക്കും ഒരേസമയം മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. പരീക്ഷയുടെ ചോദ്യങ്ങള്‍ ഇവര്‍ എങ്ങനെ പുറത്തേക്ക് അയച്ചൂ എന്നതും ദുരൂഹമാണ്.
***
യൂണിവേഴ്‌സിറ്റി കോളേജില്‍ അഖില്‍ എന്ന എസ്.എഫ്.ഐ പ്രവര്‍ക്കകനെ കുത്തിയ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ പി.എസ്.സി പരീക്ഷാ ക്രമക്കേട് പുറത്തുവരില്ലായിരുന്നു. മാത്രമല്ല ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ കേരളാ പോലീസിന്റെ ഭാഗമാവുകയും ചെയ്‌തേനേ. പരീക്ഷാ തട്ടിപ്പ് നടന്നത് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണെന്നതിനാല്‍ പോലീസ് സേനയില്‍ ക്രിമിനലുകള്‍ കയറിക്കൂടിയ വഴികളെപ്പറ്റിയും അന്വേഷിക്കേണ്ടതുണ്ട്. കേരളാ പോലീസിലെ ക്രിമിനല്‍ വാഴ്ച എക്കാലത്തും വിവാദമാണല്ലോ.

മുഖ്യമന്ത്രി പുകഴ്ത്തിയെങ്കിലും ഈ പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പി.എസ്.സിയുടെ അധികൃതര്‍ക്ക് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. പരീക്ഷാ സെന്ററുകളില്‍ സൂപ്പര്‍വൈസര്‍മാരുണ്ട്, ഇന്‍വിജിലേറ്ററും പി.എസ്.സിയുടെ ചുമതലക്കരുമുണ്ട്. ഇവര്‍ അറിയാതെ ചോദ്യപ്പേപ്പര്‍ എങ്ങനെ പുറത്തേയ്ക്ക് പോയി..? സ്മാര്‍ട്ട് വാച്ചുകളിലേയ്‌ക്കോ മൊബൈല്‍ ഫോണുകളിലേയ്‌ക്കോ വന്ന ഉത്തരങ്ങള്‍ വിവാദ പരീക്ഷാര്‍ത്ഥികള്‍ വായിച്ച് ഉത്തരക്കടലാസില്‍ കുറിക്കുന്നത് പരീക്ഷാ ഹാളില്‍ നിരീക്ഷണത്തിനെത്തിയവര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നോ..? മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിലും ഒരുപോലെ എങ്ങനെ ക്രമക്കേട് നടന്നു..? കൂടെ പരിക്ഷയെഴുതിയവര്‍ ഇതു കണ്ടിട്ട് മിണ്ടാതിരിക്കുകയായിരുന്നോ..? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ മതിയാവൂ. 

അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ കോളേജിലെ മാര്‍ക്കും പി.എസ്.സി റാങ്കും തമ്മിലുള്ള വന്‍ വ്യത്യാസമാണ് അന്വേഷണത്തിലേയ്ക്ക് നയിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍, കെ.എപി 4, കാസര്‍കോട്) റാങ്ക് പട്ടികയിലാണ് മൂന്നുപേരും ഇടംനേടിയത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തിന് ഒന്നാം റാങ്കാണ് ലഭിച്ചത്. യൂണിറ്റ് അംഗമായിരുന്ന പി.പി പ്രണവിന് രണ്ടാം റാങ്കും കേസിലെ രണ്ടാം പ്രതിയും യൂണിറ്റ് സെക്രട്ടറിയുമായിരുന്ന നസീമിന് 28-ാം റാങ്കുമാണ് ലഭിച്ചത്. എന്നാല്‍ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന ശിവരഞ്ജിത്ത് എല്ലാ സെമസ്റ്ററിലും പരാജയപ്പെട്ട വ്യക്തിയാണ്.

ഇനി ചിന്തിക്കാം പി.എസ്.സിയുടെ ക്രെഡിബിലിറ്റി എത്രമാത്രമുണ്ടെന്ന്. കത്തിക്കുത്തുകേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് പട്ടികയിലെ ടോപ്പില്‍ എത്തിയപ്പോള്‍ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അക്ഷേപങ്ങളുയര്‍ന്നെങ്കിലും സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കോളേജ് യൂണിന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് കിട്ടിയിട്ടും ഒരനക്കവുമുണ്ടായില്ല. തൊഴിലില്ലായ്മയ്‌ക്കെതിരെ വാകീറുന്ന വിപ്ലവ നേതാക്കള്‍ മൗനവൃതത്തിലായിരുന്നു. ഏതായാലും വരും ദിവസങ്ങളില്‍ വന്‍വിവാദമായേക്കാവുന്ന ക്രമക്കേടുകളാണ് പി.എസ്.സി സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ തൊഴിലുറപ്പിനായി സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് പി.എസ്.സി. കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മിക്കവാറും എല്ലാ സ്ഥാപനങ്ങളിലേക്കും പി.എസ്.സി വഴിയാണ് പ്രവേശനം നടപ്പിലാക്കുന്നത്. ചട്ടപ്രകാരം ഇതിനായി സ്ഥാപനങ്ങള്‍ അവരുടെ ഒഴിവുകളിലേക്ക് പി.എസ്.സിയെ അറിയിക്കണം എന്നാണ്. ഈ ഒഴിവുകള്‍ പി.എസ്.സി. സമയാസമയങ്ങളില്‍ പത്രക്കുറിപ്പിലൂടെയും തങ്ങളുടെ വെബ്‌സൈറ്റുകളിലൂടെയും അറിയിക്കുകയും അതിനായി പരീക്ഷകള്‍ നടത്തുകയും ചെയ്യുന്നു. ലഭ്യമാകുന്ന ഈ റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി ഒഴിവുകളില്‍ ജോലിക്കാരെ നിയമിക്കുന്നു. എന്നാല്‍ കാലാകാലങ്ങളില്‍ ഈ നിയമങ്ങളും ചട്ടങ്ങളും തട്ടിപ്പിന് വിധേയമായിട്ടുണ്ട്.

ഐക്യ കേരളം നിലവില്‍ വന്നതോടെ തിരു  കൊച്ചി പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷനായി രൂപാന്തരപ്പെട്ടു. വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഒരു പബ്ലിക് സര്‍വീസ് കമ്മീഷണര്‍ നിിലവിലുണ്ടായിരുന്നു. 1935ല്‍ നിയമിതനായ ഡോ. ഡി.ഡി നോക്‌സായിരുന്നു ആദ്യ കമ്മീഷണര്‍. തിരു-കൊച്ചി സംയോജനം വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇത്രയും വര്‍ഷത്തെ പാരമ്പര്യമുള്ള, അതായത് 1956ല്‍ ഐക്യ കേരളത്തിനൊപ്പം പിറവിയെടുത്ത, വിശ്വാസ്യതയ്ക്ക് പേരുകേട്ട ഭരണഘടനാ സ്ഥാപനമാണ് പി.എസ്.സി. പക്ഷേ, കാലാന്തരത്തില്‍ അതും കഴമ്പുള്ള ആരോപണങ്ങളുടെ നിഴലിലായിരിക്കുന്നു. ഇനി അഗ്നിശുദ്ധിവരുത്തി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ  ആഗ്രഹത്തിനൊത്തുയരുക. പിന്‍വാതിലിലൂടെ നിയമനം നേടുന്നവര്‍ തൊഴിലില്ലാത്തവരോട് ചെയ്യുന്നത് കൊടിയ വഞ്ചനയാണ്. സഭ്യമായ ഭാഷയില്‍ ഇതിനെ പിതൃശൂന്യതയെന്ന് വിളിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക