Image

വാല്മീകി രാമായണം ഇരുപത്തിനാലാം ദിനം (ദുര്‍ഗ മനോജ്)

Published on 09 August, 2019
വാല്മീകി രാമായണം ഇരുപത്തിനാലാം ദിനം (ദുര്‍ഗ മനോജ്)
യുദ്ധകാണ്ഡം
തൊണ്ണൂറ്റി ഒന്നാം സര്‍ഗ്ഗം മുതല്‍ നൂറ്റിപ്പതിനൊന്ന് വരെ.

ഇന്ദ്രജിത്തും അവസാനിച്ചതോടെ രാവണന്‍ അംഗോപാംഗം തളര്‍ന്ന്, എന്നാല്‍ വര്‍ദ്ധിച്ച ക്രോധത്തോടെ, ഇപ്പോള്‍ തീര്‍ക്കും സീതയെ എന്നലറിക്കൊണ്ട് പരിവാരങ്ങളുമൊത്ത് അശോകവനികയിലേക്ക് ചെന്നു. സീത ആകെ ഭയന്നു. രാമലക്ഷ്മണന്മാര്‍ പോരില്‍ വധിക്കപ്പെട്ടിരിക്കാം അതാകും രാവണന്‍ ഇങ്ങനെ പാഞ്ഞുവരുന്നത് എന്നോര്‍ത്ത് അവള്‍ കരഞ്ഞു തുടങ്ങി. 

എന്നാല്‍ അമാത്യനും മേധാവിയുമായ സുപാര്‍ശ്വന്‍ രാവണനോട് ഇങ്ങനെ പറഞ്ഞു, 'ഹേ ദശഗ്രീവ, അങ്ങിപ്പോള്‍ സീതയെ കൊല്ലാന്‍ ഒരുമ്പെടാതിരിക്കുക. ഇന്ന് കൃഷ്ണപക്ഷ ചതുര്‍ദ്ദശിയാണ്. ഇന്നുതന്നെ വന്‍പടയോടെ യുദ്ധത്തിന് പുറപ്പെടുക, അങ്ങ് രാമനെ കൊന്ന് സീതയെ പ്രാപിക്കും.'

ഇതുകേട്ട് രാവണന്‍ ഒന്നടങ്ങി, പടയ്ക്കു തയ്യാറായി. അവന്‍ ആദ്യം തന്റെ സേനാപതികളെ യുദ്ധത്തിനയച്ചു. രണ്ട് പക്ഷത്തും കനത്ത നാശം വിതച്ച ആ യുദ്ധത്തിനൊടുവില്‍ രാമബാണങ്ങള്‍ക്ക് മുന്നില്‍ അരക്കര്‍ ചിതറി ഓടി. ഈ സമയം ലങ്കയില്‍ രാക്ഷസികള്‍ അവരുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നൊന്ത് വിലപിച്ചു തുടങ്ങി. ലങ്കയിലെ രാക്ഷസനാരിമാരുടെ വിലാപം കേട്ട് ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നുപറഞ്ഞ് രാവണന്‍ സ്വയം പടയ്ക്ക് പുറപ്പെട്ടു. മഹോദരനും, മഹാപാര്‍ശ്വനും, വിരൂപാക്ഷനും ഒക്കെ തോറ്റ് കാലപുരിക്കയക്കപ്പെട്ടു എന്നുകണ്ട്, രാവണന്‍ അതിരൂക്ഷമായ താമസാസ്ത്രം പ്രയോഗിച്ച് മര്‍ക്കടന്മാരെ ചുട്ടു. ഇത് കണ്ട് ലക്ഷ്മണനോടൊത്ത് വില്ലുമേന്തി നിന്ന രാമന്‍ വാനരന്മാര്‍ തോറ്റോടിയത് കണ്ട് പാരിടം പിളര്‍ക്കുമാറ് ഞാണൊലിയിട്ടു യുദ്ധം തുടങ്ങി. രാമബാണങ്ങളെ ഒന്നിന് ഒന്ന്, മൂന്നിന് മൂന്ന് എന്ന കണക്കിന് രാവണന്‍ ബാണങ്ങള്‍ കൊണ്ട് നേരിട്ടു. ഒടുവില്‍ താനയച്ച ശരങ്ങള്‍ രാമനാല്‍ തടുക്കപ്പെടുന്നത് കണ്ട് രാവണന്‍ കൂടുതല്‍ ശരങ്ങള്‍ തൊടുത്തു. പിന്നെ ഒരു ശരമാരി തന്നെ അവന്‍ എയ്തപ്പോള്‍ ലക്ഷ്മണന്‍, രാമനെ സംരക്ഷിച്ചുകൊണ്ട് രാവണനെ നേരിട്ടു.

തുടര്‍ന്ന് രാവണന്‍ പ്രയോഗിച്ച മയനിര്‍മ്മിതമായ ഘോരാസ്ത്രം രാമന്‍ ഗാന്ധര്‍വ്വമെന്ന പരമാസ്ത്രത്താല്‍ തടുത്തു. ഈ സമയം രാവണന്‍ പത്ത് ബാണങ്ങള്‍ രാമന്റെ മര്‍മ്മങ്ങള്‍ ലാക്കാക്കി പ്രയോഗിച്ചു. അവ ഏറ്റിട്ടും രാമന്‍ കുലുങ്ങിയില്ല. പകരം രാവണന്റെ സര്‍വ്വാംഗങ്ങളിലേക്കും ബാണമെയ്തു. ഈ സമയം ലക്ഷ്മണന്‍ ഏഴമ്പുകള്‍ കൊണ്ട് രാവണന്റെ ധ്വജത്തെ പലതായി മുറിച്ചു. ഒരമ്പു കൊണ്ട് സാരഥിയുടെ തല അപഹരിച്ചു. രാവണന്റെ നീലമേഘത്തോടൊത്ത നിറമുള്ള കുതിരകളെ വിഭീഷണന്‍ ചാടിച്ചെന്ന് ഗദ കൊണ്ട് അടിച്ചു കൊന്നു. രാവണന്‍ വിഭീഷണനെ വാള്‍കൊണ്ട് നേരിട്ടപ്പോള്‍ ആ വാള്‍ സൗമിത്രി പലതായ് നുറുക്കി. ലക്ഷ്മണനാല്‍ വിഭീഷണന്‍ സംരക്ഷിക്കപ്പെട്ടത് കണ്ട് രാവണന്‍ ലക്ഷ്മണനു നേര്‍ക്ക് 
ഇന്ദ്രാശനി സമന്വയമായ വേല്‍ പ്രയോഗിച്ചു. അത് ലക്ഷ്മണന്റെ നെഞ്ച് തകര്‍ത്ത് മണ്ണില്‍ ആണ്ടു. ആ വേല്‍ മറ്റാര്‍ക്കും വലിച്ചൂരാന്‍ കഴിയാഞ്ഞതോടെ രാമന്‍ സ്വയം അത് ഊരി എടുത്തു. 

രക്തത്തില്‍ പൊതിഞ്ഞ ലക്ഷ്മണന്‍ ഈ സമയവും രാവണനു നേരെ പൊതിരെ അമ്പെയ്തു കൊണ്ടിരുന്നു. ഒടുവില്‍ വാനരവീരന്മാരോട് ലക്ഷ്മണനെ ചൂഴ്ന്ന് നില്‍ക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാമന്‍ രാവണനെ നേരിട്ടു. രാവണനോട് എതിരിട്ടു കൊണ്ട് തന്നെ രാമസേനയിലെ വൈദ്യനായ സുഷേണനോട് ഇങ്ങനെ പറഞ്ഞു, 'ലക്ഷ്മണന്‍ ഈ വിധം കിടക്കുമ്പോള്‍ എനിക്ക് യുദ്ധം ചെയ്യാന്‍ ശക്തി എവിടെ?'

അത് കേട്ട് സുഷേണന്‍ പറഞ്ഞു, 'മഹാമതേ ലക്ഷ്മണന്റെ ജീവന് ആപത്ത് ഒന്നും തന്നെയില്ല.' എന്നിട്ട് അടുത്ത് നിന്ന ഹനുമാനോട് പറഞ്ഞു, 'സൗമ്യ, നീ വേഗം മഹോദയ പര്‍വ്വതത്തില്‍ ചെന്ന് അതിന്റെ തെക്കേ ശിഖരത്തില്‍ വളരുന്ന വിശല്യ കരണി, സംജീവ കരണി, സാവര്‍ണ്യ കരണി, സന്ധാനി എന്ന മഹൗഷധികള്‍ കൊണ്ടുവരിക.'

നിമിഷ നേരം വൈകിക്കാതെ മാരുതി മഹോദയ പര്‍വ്വതത്തിലെത്തി, അതിലെ ഔഷധികള്‍ ഏതെന്ന് അറിയാതെ ആ മുടിയോട് കൂടി തിരികെ എത്തി. ഔഷധം ഏറ്റതോടെ ലക്ഷ്മണന്‍ ഉറക്കത്തില്‍ നിന്നെന്നവണ്ണം ഉണര്‍ന്നെണീറ്റു.. രാമന്‍ സോദരനെ ആലിംഗനം ചെയ്തു.

ഈ സമയം രാവണന്‍ തേരില്‍ ആകാശത്തുയര്‍ന്ന് യുദ്ധത്തിന് വന്നു. അപ്പോള്‍ അത് കണ്ടുനിന്ന ഇന്ദ്രന്‍, രാമന് അതിവേഗം തന്റെ തേരും കുതിരകളും സാരഥിയും വിശേഷപ്പെട്ട അമ്പും വില്ലും നല്‍കി. വീണ്ടും ഘോരയുദ്ധം തുടര്‍ന്നു. രാമബാണങ്ങള്‍ രാവണന്റെ നെറ്റിയിലും നെഞ്ചിലും ആഴ്ന്നു കയറി. രാവണന്‍ തളര്‍ന്നു എന്ന് തോന്നിയ സാരഥി അവനേയും കൊണ്ട് പോര്‍ക്കളം വിട്ടു യാത്രയായി. എന്നാല്‍ അതറിഞ്ഞ രാവണന്‍ പോരില്‍ തോറ്റ് മടങ്ങാനില്ല എന്നുപറഞ്ഞ് രണാങ്കണത്തിലേക്ക് മടങ്ങിവന്നു. ഈ സമയം രാമനു മുന്നില്‍ അഗസ്ത്യമുനി പ്രത്യക്ഷനായി. മുനി രാമന് ആദിത്യഹൃദയ മന്ത്രം ഉപദേശിച്ചു. മന്ത്രം മൂന്ന് വട്ടം ജപിച്ചുകൊണ്ട് രാമന്‍ വീണ്ടും രാവണനെ നേരിട്ടു. പലവട്ടം തലയറുത്തിട്ടും അവന് തല വീണ്ടും മുളച്ചു വരുന്നത് കണ്ട് തേരാളി മാതലി രാമനോട് ചോദിച്ചു, അങ്ങ് പൈതാമഹാസ്ത്രം ഇനിയുമെന്താണ് പ്രയോഗിക്കാത്തത് എന്ന്. അത് കേട്ട് രാമന്‍ ഇന്ദ്രനുവേണ്ടി നിര്‍മ്മിക്കപ്പെട്ട ബ്രഹ്മദത്തമായ ആ ബാണം രാവണന് നേര്‍ക്ക് പ്രയോഗിച്ചു. രാവണന്‍ ബാണമേറ്റ് വീണു.

ദേവകള്‍ രാമനുമേല്‍ പുഷ്പവൃഷ്ടി നടത്തി. പിന്നിട് വിഭീഷണന്‍ ജ്യേഷ്ഠനായ രാവണനു യോഗ്യമായ രീതിയില്‍ തന്നെ സംസ്‌ക്കാരം നടത്തി.

രാമായണത്തില്‍ ഹനുമാനെ പരാമര്‍ശിക്കുമ്പോള്‍ നാം സാധാരണ പറയുന്ന ഒന്ന് മരുത്വാമലയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ വാല്മീകീ രാമായണത്തില്‍ രണ്ട് പ്രാവശ്യം ഹനുമാന്‍ ഔഷധമല കൊണ്ട് വരുന്നുണ്ട്. രാമായണം രചിച്ചത് വാല്മീകി തന്നെ എന്ന് ഉറപ്പുള്ളതിനാല്‍ ആദി കവിയുടെ വാക്കുകള്‍ മുഖവിലക്ക് എടുക്കുന്നതാവും ഉചിതമെന്ന് തോന്നുന്നു. രാമായണത്തിന് പല കാലഘട്ടങ്ങളിലും പാഠഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും ആദിമമെന്ന് കരുതുന്നത് അടിസ്ഥാനം എന്ന് കരുതി മുന്നോട്ട് പോവുകയാണ് ഉചിതമെന്ന് കരുതുന്നു. രാമായണം രാമരാവണയുദ്ധകഥയല്ല. യുദ്ധവും രാവണന്റെ വധവും അതിലൊരു ഏട് മാത്രം. യഥാര്‍ത്ഥത്തില്‍ യുദ്ധകാണ്ഡത്തിന് ശേഷം വരുന്ന ഭവിഷ്യ കാണ്ഡമായ ഉത്തരകാണ്ഡമാണ് രാമായണത്തെക്കുറിച്ച് ശരിയായ ധാരണ നമുക്ക് നല്‍കുക.
Join WhatsApp News
Doubt 2019-08-09 23:07:44
രാമൻ സീതയുടെ ആരാണ് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക